Thursday, March 27, 2014

ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കുന്നു; ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സജീവം

പ്രതിസന്ധി രൂക്ഷം

പെരുമ്പാവൂര്‍: ബി.ജെ.പിയിലെ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പര്യടനങ്ങളില്‍ നിന്ന് മേഖലയിലെ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ വിട്ടു നില്‍ക്കുന്നു. അതേസമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവം.
ചാലക്കുടി ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ പെരുമ്പാവൂരില്‍ നടത്തിയ പര്യടനത്തില്‍ നിന്നാണ് പാര്‍ട്ടി നേതാക്കള്‍ പൂര്‍ണ്ണമായും വിട്ടു നിന്നത്. സംസ്ഥാനസമിതി അംഗം അഡ്വ.കെ.ആര്‍ രാജഗോപാല്‍, ജില്ലാ സെക്രട്ടറി കെ അജിത് കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.പി രാധാകൃഷ്ണന്‍, കെ.ജി പുരുഷോത്തമന്‍, എസ്.ജി ബാബു കുമാര്‍, നിയോജക മണ്ഡലം കണ്‍വീനറായിരുന്ന ഒ സി അശോകന്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ പഞ്ചായത്തുതല നേതാക്കള്‍ വരെ മാറിനില്‍ക്കുകയാണ്. ഇതില്‍ അഡ്വ.രാജഗോപാല്‍, സി.പി രാധാകൃഷ്ണന്‍, ഒ.സി അശോകന്‍ തുടങ്ങിയവര്‍ മുന്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥിമാരായിരുന്നു.
മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി ഗോവിന്ദന്‍കുട്ടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്മാരായിരുന്ന പി.എസ് രാജനും സുധാകരനും മുന്‍പ് പാര്‍ട്ടി വിട്ട നേതാക്കളാണ്.
നാളുകളായി നിലനിന്ന പാര്‍ട്ടിക്കുള്ളിലെ വടംവലി ഇക്കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് പുറത്തു വന്നത്. പാര്‍ട്ടിയുടെ നിലവിലുള്ള നേതാക്കളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ആര്‍.എസ്.എസ് പക്ഷം കണ്‍വെന്‍ഷന്‍ പിടിച്ചടക്കുകയായിരുന്നു. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായവിത്യാസം പുറംലോകം അറിഞ്ഞത്. നിലവിലുള്ള നേതാക്കള്‍ പൂര്‍ണ്ണമായും മാറി നില്‍ക്കുമ്പോള്‍ പുതിയ നേതൃനിര അതിനെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്.
ടൗണിലേയും മുഴുവന്‍ പഞ്ചായത്തുകളിലേയും വ്യാപാര സ്ഥാപനങ്ങളിലും പ്രധാന മണല്‍കടവുകളിലും പ്രധാന കവലകളിലും കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയെത്തി ആളുകളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. 
പെരുമ്പാവൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ പ്രകാശ് റാം, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ ചന്ദ്രമോഹന്‍, എസ്.സി മോര്‍ച്ച സംസ്ഥാന  സെക്രട്ടറി രേണുക സുരേഷ്, കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, മുടക്കുഴ പഞ്ചായത്ത് മെമ്പര്‍ കെ.ജി രാജന്‍, അഡ്വ. എം സതീശ് കുമാര്‍, സന്ദീപ് പി.ആര്‍, അഭിലാഷ് എന്‍.എം, അനില്‍ കെ.എസ്.ആര്‍.ടി.സി, സജിഷ മഹേഷ്, കെ.സി ശിവന്‍ തുടങ്ങിയവര്‍  സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.
എന്നാല്‍, ദേശീയ സമിതി അംഗമായിരുന്ന രാജഗോപാല്‍, അമ്പത്തിയൊന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സി.പി രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ അഭാവം എന്തുകൊണ്ടാണെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സഹായിക്കാനാണ് ആര്‍.എസ്.എസ് അഖിലേന്ത്യാതലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനുപകരം പാര്‍ട്ടി നേതാക്കളെ പാടെ മാറ്റി നിര്‍ത്തി നേതൃത്വം പിടിച്ചെടുത്ത ആര്‍.എസ്.എസ് പ്രാദേശിക നേതാക്കളുടെ നിലപാടിനെതിരെ നേതാക്കള്‍ മേല്‍ഘടകങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിച്ച് ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പെരുമ്പാവൂരില്‍ ഇക്കുറി വന്‍വോട്ടുവീഴ്ചയുണ്ടാകുമെന്നും ഇവര്‍ പറയുന്നു. പലരും പാര്‍ട്ടി വിട്ടുപോകാനുള്ള തയ്യാറെടുപ്പിലുമാണ്.

മംഗളം 27.03.2014

No comments: