പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, February 8, 2009

പാചകവാതക സിലിണ്ടറുകളുടെ മോഷണം വ്യാപകം; പോലീസിന്‌ നിസ്സഹായത

പെരുമ്പാവൂറ്‍: പാചകവാതക സിലിണ്ടറുകളുടെ മോഷണം വ്യാപകമായതായി പരാതി. അതേ സമയം സിലിണ്ടര്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതില്‍ പ്ര.യോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളതിനാല്‍ പോലീസിന്‌ ഇരുട്ടില്‍തപ്പേണ്ടിവരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ അല്ലപ്രയിലെ ഒരു വീട്ടിലെ പോര്‍ച്ചില്‍ നിന്നാണ്‌ സിലിണ്ടര്‍ കടത്തികൊണ്ടുപോയത്‌. വീട്ടുകാര്‍ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കെ പൂട്ടിയ ഗേറ്റിന്‌ അകത്തുനിന്നും പോര്‍ച്ചില്‍ വച്ചിരുന്ന കാലി സിലിണ്ടര്‍ കടത്തുകയായിരുന്നു. പുല്ലുവഴി പുളിയാമ്പിള്ളിയില്‍ പത്തടി ഉയരമുള്ള മതിലിനു മുകളില്‍ വച്ചിരുന്ന സിലിണ്ടറാണ്‌ മോഷ്ടിയ്ക്കപ്പെട്ടത്‌. പുല്ലുവഴിയില്‍ എം.സി റോഡരികില്‍ വച്ചിരുന്ന സിലിണ്ടറുകള്‍ കടത്തിക്കൊണ്ടുപോകാന്‍ ഓട്ടോയിലെത്തിയ സംഘം ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓട്ടോ പിന്തുടര്‍ന്ന്‌ ഇവരില്‍ നിന്ന്‌ സിലിണ്ടറുകള്‍ തിരിച്ചുവാങ്ങി.
സിലിണ്ടറുകള്‍ മോഷണം പോകുന്നവയില്‍ ഏറെയും റോഡരികില്‍ നിന്നാണെന്ന്‌ പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. പാചകവാതക വിതരണം നടക്കുന്ന ദിവസങ്ങളില്‍ സിലിണ്ടറുകള്‍ വഴിയരികില്‍ നിരത്തിവയ്ക്കുന്നത്‌ പതിവുകാഴ്ചയാണ്‌. വാഹനങ്ങളില്‍ എത്തുന്ന മോഷ്ടാക്കള്‍ ഇവ തട്ടിയെടുക്കുന്നതും പതിവാണ്‌. സിലിണ്ടറുകള്‍ ഒരു സൈക്കിള്‍ചെയിനെങ്കിലും ഉപയോഗിച്ച്‌ എവിടെയെങ്കിലും ബന്ധിച്ചാല്‍ മോഷണം ഗണ്യമായി കുറയ്ക്കാനാകുമെന്ന്‌ പോലീസ്‌ പറയുന്നു.
എന്നാല്‍ പാചകവാതകത്തിണ്റ്റെ അനധികൃത വിപണി കണ്ടെത്തി തടയുകയാണ്‌ പ്രധാനമായി വേണ്ടതെന്ന്‌ ഗ്യാസ്‌ ഏജന്‍സിവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്‌ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിയ്ക്കുന്നത്‌ പാചകവാതകമാണ്‌. വാഹനങ്ങളില്‍ ഫിക്സഡ്‌ ടാങ്കിന്‌ പകരം റോളിങ്ങ്‌ സിലിണ്ടര്‍ ഉപയോഗിയ്ക്കുന്ന പ്രവണത കൂടിവരുന്നു. അതല്ലെങ്കില്‍ പാചകവാതകം ഊറ്റിയെടുത്ത്‌ വില്‍ക്കുന്ന സ്ഥാപനങ്ങളെ വാഹനഉടമകള്‍ സമീപിയ്ക്കുന്നു. ഈ വിപണി സജീവമായി നിലനിര്‍ത്തുന്ന മാഫിയാകളുണ്ട്‌. ഇവരാണ്‌ സിലിണ്ടര്‍ മോഷണത്തിനു പിന്നിലുള്ളത്‌. സിലിണ്ടറൊന്നിന്‌ നാലായിരത്തിലേറെ രൂപയാണ്‌ ഈ വിപണിയിലെ വില.
സിലിണ്ടര്‍ മോഷ്ടിയ്ക്കപ്പെട്ടതായി പരാതി ലഭിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന്‌ എളുപ്പമല്ല. സിലിണ്ടറുകള്‍ക്ക്‌ നമ്പറുകള്‍ ഉണ്ടെങ്കിലും അത്‌ രേഖപ്പെടുത്തി വിതരണം ചെയ്യുക പ്രായോഗികമല്ല. കാരണം ഓരോ ഏജന്‍സിയും കൈകാര്യം ചെയ്യുന്നത്‌ ഇരുപതിനായിരത്തോളം ഉപഭോക്താക്കളെയാണ്‌. അതിനാല്‍ നഷ്ടമായ സിലിണ്ടര്‍ പിന്നീട്‌ തിരിച്ചറിയാന്‍ പോലുമാവില്ല. പരാതിക്കാരനു പുതിയ സിലിണ്ടര്‍ ലഭിയ്ക്കാന്‍ നടപടിക്രമങ്ങള്‍ ഏറെയാണ്‌. പോലീസ്‌ എഫ്‌.ഐ.ആര്‍ തയ്യാറാക്കി മൂന്നുമാസമെങ്കിലും അന്വേഷിച്ച ശേഷം സിലിണ്ടര്‍ കണ്ടുകിട്ടാപട്ടികയില്‍ പെടുത്തിയതായി സാക്ഷ്യപ്പെടുത്തണം ഇതു സഹിതം ബന്ധപ്പെട്ടവര്‍ക്ക്‌ 1500 രൂപയോളം സിലിണ്ടറിണ്റ്റെ വില ഉള്‍പ്പടെ അപേക്ഷ നല്‍കി ദീര്‍ഘകാലം കാത്തിരുന്നാലെ പുതിയ സിലിണ്ടര്‍ ലഭിയ്ക്കൂ. ഇത്രമാത്രം നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ സിലിണ്ടര്‍ നഷ്ടപ്പെടുന്നവര്‍ ചോദിയ്ക്കുന്ന വില നല്‍കി പാചകവാതക മാഫിയാകളില്‍ നിന്നുതന്നെ പാചകവാതകം സംഘടിപ്പിയ്ക്കുകയാണ്‌ പതിവ്‌.

No comments: