പെരുമ്പാവൂറ്‍: നാട്ടുകാര്‍ പിടികൂടിയ മോഷ്ടാക്കളുടെ ഡയറിയില്‍ പോലീസിനു കൈമടക്കു കൊടുത്തതിണ്റ്റെ വിവരങ്ങള്‍.
ഇന്നലെ പുലര്‍ച്ചെ നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞിരുന്നാണ് കയ്യുത്ത്യാല്‍ കാവുമ്പുറം കോളനിയില്‍ താമസിയ്ക്കുന്ന മണി (35), കുട്ടമ്പുഴ സ്വദേശി ബാബു (40) എന്നിവരെ പിടികൂടിയത്. ഇതേ തുടര്‍ന്ന് മണിയുടെ വീട്ടില്‍ നാട്ടുകാര്‍ നല്‍കിയ തെരച്ചിലിലാണ് ഡയറിയും മോഷണ വസ്തുക്കളും കണ്ടെടുത്തത്.
പിഷാരിയ്ക്കല്‍, കയ്യുത്ത്യാല്‍, പടിയ്ക്കലപ്പാറ മേഖലകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി മോഷണങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞമാസം 29-ന് കളമ്പാട്ടുകുടി കെ.വി ദേവസിയുടെ മകളുടെ ഒരു പവണ്റ്റെ മാല മോഷണം പോയിരുന്നു. ഈ മാസം 1,2 തീയതികളില്‍ ചാമക്കാലായില്‍ മധുവിണ്റ്റെ വീട്ടിലും കളമ്പാട്ടുകുടി കെ.ഒ വര്‍ഗീസിണ്റ്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ചേലാട്ടു കാവില്‍ നിന്ന് നാളുകള്‍ക്ക് മുമ്പ് ഓട്ടുപാത്രങ്ങളും മോഷണം പോയി.
മോഷണം പതിവായതിനാല്‍ നാട്ടുകാര്‍ ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ് കാവലിരിയ്ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആപ്പേ ഓട്ടോറിക്ഷ നാട്ടുകാര്‍ തടയുകയായിരുന്നു. എന്നാല്‍ ഓട്ടോ നിര്‍ത്താതെ പാഞ്ഞുപോയി. നാട്ടുകാര്‍ പിന്തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന മണിയേയും ബാബുവിനേയും പിടികൂടുകയായിരുന്നു. ഇതേ തുടര്‍ന്ന് മണിയുടെ വീട്ടില്‍ നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ഇവിടെനിന്നു കിട്ടിയ ഡയറിയിലാണ് സ്ഥലം എസ്.ഐയ്ക്കും ഹെഡ്കോണ്‍സ്റ്റബിളിനും മുമ്പ് നല്‍കിയ കൈമടക്കിണ്റ്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടത്. ഇതിനു പുറമെ ചേലാട്ടുകാവില്‍ നിന്ന് മോഷ്ടിച്ച പാത്രങ്ങളും സ്വര്‍ണം പണയം വച്ചതിണ്റ്റെ ചീട്ടുകളും നാട്ടുകാര്‍ കണ്ടെടുത്തു.
പിടികൂടിയവരേയും ഡയറിയും പുലരുംമുമ്പുതന്നെ നാട്ടുകാര്‍ കോടനാട് പോലീസിനു കൈമാറി. എന്നാല്‍ ഇന്നലെ ഏറെ വൈകിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പിടികൂടിയവരെ ചോദ്യം ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ് പോലീസിണ്റ്റെ ഭാഷ്യം.
No comments:
Post a Comment