സുരേഷ് കീഴില്ലം
പെരുമ്പാവൂര്‍: പൂരപ്പറമ്പുകളില്‍ കൊലവിളികള്‍ ഏറെ കണ്ടെങ്കിലും മലയാളിയുടെ ആനക്കമ്പത്തിന് തെല്ലുമില്ല, കുറവ്.
വൃശ്ചികം ഒന്നു മുതല്‍ പത്താമുദയം വരെയുള്ള ഉത്സവകാലത്ത് ഇപ്പോഴും മുഖ്യആകര്‍ഷണം ഗജവീര്യം തന്നെ. പ്രതിദിനം ലക്ഷങ്ങള്‍ മുടക്കി കൊണ്ടു വരുന്ന കരി വീരന്റെ പേരില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തയ്യാറാക്കാന്‍ മാത്രമല്ല, ആനയ്ക്ക് സ്വീകരണം നല്‍കാനും ഉത്സവ നടത്തിപ്പുകാര്‍ ഉത്സാഹിക്കുന്നു. ഓരോ നാടുകളിലും ആനകളുടെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍.
ആനകള്‍ക്കിടയിലെ ക്രിമിനലെന്ന് പേരുകേട്ട, കൊലപാതകങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ തെച്ചിക്കോട്ടു രാമചന്ദ്രന്‍ തന്നെ ഇപ്പോഴും ഉത്സവപ്പറമ്പിലെ സൂപ്പര്‍ താരം. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ തലപ്പൊക്കമുള്ള രണ്ടാമത്തെ ആനയെന്ന ഖ്യാതിയുള്ള തെച്ചിക്കോടന് 315 സെന്റീ മീറ്ററാണ് ഉയരം. യാതൊരു പ്രേരണയുമില്ലാതെ മൂന്നു മണിക്കൂര്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ ഇക്കൊല്ലവും എഴുന്നള്ളത്തിന് കുറവില്ല. ഇതിനോടകം തന്നെ നാല്‍പതോളം ഉത്സവങ്ങള്‍ പൂര്‍ത്തിയാക്കിയാണ് എറണാകുളം ജില്ലയില്‍ വിലക്കുള്ള തെച്ചിക്കോടന്റെ മുന്നേറ്റം. ഒരു പാപ്പാനേയും ആറു സ്ത്രീകളേയും വകവരുത്തിയ ഇവന്റെ ഏക്കത്തുക ഒന്നേകാല്‍ ലക്ഷത്തിന് മുകളിലാണ്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ പത്മനാഭന്‍, വലിയ കേശവന്‍, ഇന്ദ്രസന്‍, നന്ദന്‍ തുടങ്ങിയ ആനകളും ചേര്‍പ്പുളശേരി അനന്തപത്മനാഭന്‍, പാര്‍ത്ഥന്‍, രാജശേഖരന്‍, മംഗലംകുന്ന് അയ്യപ്പന്‍, കര്‍ണ്ണന്‍, തിരുവമ്പാടി ശിവസുന്ദര്‍, പുതുപ്പിള്ളി കേശവന്‍, പാമ്പാടി രാജന്‍, ചിറക്കല്‍ കാളിദാസന്‍, പാറമേക്കാവ് പത്മനാഭന്‍, ചുള്ളിപ്പറമ്പ് വിഷ്ണു ശങ്കര്‍, ചെറിയ ചന്ദ്രശേഖരന്‍, തൃക്കടവൂര്‍ ശിവരാജു, ഈരാറ്റുപേട്ട അയ്യപ്പന്‍ എന്നിങ്ങനെയാണ് ഗജരാജ താരനിര.
ഇതില്‍ ഗുരുവായൂര്‍ പത്മനാഭനാണ് ഏറ്റവും കൂടുതല്‍ ഏക്കത്തിന് പോയതിന്റെ റിക്കോര്‍ഡ്. തുറന്ന ലേലത്തില്‍ 222222 രൂപയ്ക്കാണ് നെന്മാറ വല്ലങ്കി വേലയ്ക്ക് ഈ ആനയെ ഒരു ദിവസത്തെ എഴുന്നള്ളിപ്പിനായി ലേലത്തില്‍ പിടിച്ചത്.
മകരപ്പൂയം, കുംഭത്തിലെ തിരുവാതിര, കുഭഭരണി, മീന ഭരണി, ശിവരാത്രി എന്നിങ്ങനെയുള്ള പ്രധാന ദിവസങ്ങളില്‍ ആനയെ എഴുന്നള്ളിപ്പിന് കിട്ടണമെങ്കില്‍ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും. എഴുന്നള്ളിപ്പുകള്‍ക്ക് പോകാനുള്ള രൂപഭംഗിയില്ലാത്ത, തടിപിടിക്കുന്ന ആനകള്‍ക്ക് വരെ ഈ ദിവസങ്ങളില്‍ വന്‍ഡിമാന്റാണ്.
ആനയെ ഉത്സപ്പറമ്പുകളിലേയ്ക്ക് എത്തിക്കുന്നത് പലപ്പോഴും ആനയുടമകളല്ല. ഉടമയില്‍ നിന്ന് ആനയെ പാട്ടത്തിനെടുക്കുന്ന ഏജന്റുമാരാണ്. ആറുമാസത്തേക്കാണ് പലപ്പോഴും പാട്ടം. ഇവര്‍ തന്നെയാണ് ഏക്കത്തുക നിശ്ചയിക്കുന്നതും. നാട്ടാന പരിപാലന ചട്ടമനുസരിച്ച് ഓരോ ആനയ്ക്കും ഡാറ്റാ കാര്‍ഡുണ്ട്. വനം വകുപ്പ് തയ്യാറാക്കിയ ഈ കാര്‍ഡില്‍ ആനയുടെ ഇരിയ്ക്കസ്ഥാനം അളവ്, കൊമ്പളവ്, നീരുകാലങ്ങള്‍ എന്നിങ്ങനെയുള്ള സമഗ്രവിവരങ്ങള്‍ ഉണ്ടാവും. ഈ വിവരങ്ങളുടേയും തലപ്പൊക്കത്തിന്റേയും ആകാരവടിവിന്റേയും അടിസ്ഥാനത്തിലാണ് ഗജവീരന്റെ ഡിമാന്റ് വര്‍ദ്ധിക്കുന്നത്.
ആനയെ പാട്ടത്തിന് കൊടുക്കുന്നത് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ വരവോടെ ഒട്ടൊന്ന് കുറഞ്ഞിട്ടുണ്ട്. തൃശൂരിലുള്ള ഫെഡറേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് ആനയെ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ആനച്ചമയങ്ങളും ഇവിടെ നിന്ന് വാടകയ്ക്ക് കിട്ടും.
പൂരങ്ങളുടെ നാടായ തൃശൂരാണ് ഏറെ ആനക്കമ്പക്കാരുള്ളത്. പാലക്കാടും കുറവല്ല. വ്യാവസായിക നഗരമായ എറണാകുളവും ആനയില്‍ മതിമറക്കും. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ആനക്കമ്പം പൊതുവെ കുറവാണത്രേ.
മംഗളം 19.02.2014