പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, February 20, 2014

പണിതീരും മുമ്പ് 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ഉദ്ഘാടനം; ക്രമക്കേടുകള്‍ക്കെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം

പെരുമ്പാവൂര്‍: രണ്ട് ദശാബ്ദക്കാലമായി മുടങ്ങിക്കിടന്ന 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം.
ഇന്നു വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഫലപ്രദമായ ജലവിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കാതെ ധൃതഗതിയില്‍ നടത്തുന്ന ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉദ്ഘാടന വാര്‍ത്ത പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ അതിനെതിരെ നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചിരിക്കുകയാണ്.
കേവലം ഇരുപത് കുതിര ശക്തിയുടെ മോട്ടോര്‍ സ്ഥാപിച്ച് 1200 അടി ഉയരത്തില്‍ ജലം എത്തിക്കുകയെന്നത് പ്രായോഗികമല്ല. അങ്ങനെ ചെയ്യുന്നത് പദ്ധതി നടപ്പാക്കി എന്ന് വരുത്തിതീര്‍ക്കാന്‍വേണ്ടി മാത്രമാണെന്നും നാട്ടുകാര്‍ പറയുന്നു. 
പെരിയാര്‍വാലി കനാല്‍ ടണല്‍ വന്നതിനേ തുടര്‍ന്നാണ് രായമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഏഴാം വാര്‍ഡില്‍പ്പെട്ട 606 നിവാസികള്‍ക്ക് കുടിവെള്ളമില്ലാതായത്. മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന പ്രദേശം വറുതിയിലായി. ഈ സാഹചര്യത്തിലാണ് 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
നാട്ടുകാരുടെ സഹകരണത്തോടെ 1995 ല്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതികൊണ്ടും പിടിപ്പുകേടുകൊണ്ടും സ്തംഭനാവസ്ഥയിലായിരുന്നു. പലപ്പോഴായി ലക്ഷങ്ങള്‍ മുടക്കിയെങ്കിലും പ്രദേശവാസികള്‍ക്ക് കുടിവെള്ളം കിട്ടിയില്ല. 
പെരിയാര്‍വാലി കനാലില്‍ നിന്ന് നേരിട്ട് പമ്പു ചെയ്യുന്നതിന് പകരം കനാലിന് അരികില്‍ പ്രത്യേകം കുളം നിര്‍മ്മിച്ചപ്പോള്‍ മുതല്‍ അഴിമതി തുടങ്ങി. കുളത്തിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം ഉയര്‍ന്നു. 
നാല്‍പ്പതു കുതിരശക്തിയുള്ള മോട്ടോര്‍ എങ്കിലും സ്ഥാപിച്ചാലെ 606 മലയുടെ മുകളില്‍ കുടിവെള്ളം എത്തൂ. എന്നാല്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറിന് അതിന്റെ പകുതി ശക്തിപോലും ഇല്ല.
മുന്‍പ് സ്ഥാപിച്ചിരുന്ന പൈപ്പ് ലൈനിലൂടെയാണ്  ഇപ്പോഴും കുടിവെള്ളം എത്തിക്കാന്‍ ശ്രമിക്കുന്നത്. പഴകി കാലഹരണപ്പെട്ട ഈ പൈപ്പുലൈനുകള്‍വഴിയുള്ള ജലവിതരണം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, മുന്‍പ് സ്ഥാപിച്ചിട്ടുള്ള സംഭരണശേഷി കുറഞ്ഞ ടാങ്ക് തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ആവശ്യത്തിനുള്ള ഉയരത്തിലല്ലാത്തതിനാല്‍ ഈ ടാങ്കില്‍ നിന്ന് എല്ലാ ഭാഗത്തേക്കും ജലം എത്തിക്കാന്‍ കഴിയില്ലെന്നും പറയുന്നു
കൂടുതല്‍ കുതിര ശക്തിയുള്ള മോട്ടോര്‍ സ്ഥാപിച്ചും പുതിയ പൈപ്പുലൈനും ടാങ്കും തയ്യാറാക്കിയും പെരിയാര്‍വാലി കനാലില്‍ നിന്ന് നേരിട്ട് ജലം പമ്പ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം അതല്ലാതെയുള്ള ഉദ്ഘാടന പ്രഹസനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍. 

മംഗളം 20.02.2014

No comments: