പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, February 24, 2014

കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍; രായമംഗലം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ അലങ്കോലപ്പെട്ടു

പെരുമ്പാവൂര്‍: ജനത്തെ കബളിപ്പിച്ച് ഉദ്ഘാടനം നടത്താനിരുന്ന കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പേരില്‍ ഇന്നലെ ചേര്‍ന്ന ഗ്രാമസഭാ യോഗം അലങ്കോലപ്പെട്ടു. അധികൃതര്‍ പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും നാട്ടുകാര്‍ ഗ്രാമസഭ നടത്താന്‍ അനുവദിച്ചില്ല.
ഇന്നലെ രാവിലെയാണ് ഇവിടെ ഏഴാം വാര്‍ഡ് ഗ്രാമസഭ ചേര്‍ന്നത്. സാമ്പത്തിക-ജാതി സെന്‍സസ് ആയിരുന്നു അജണ്ട. എന്നാല്‍, ആദ്യ അജണ്ടയായി 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡ് മെമ്പറും ഒപ്പമുണ്ടായിരുന്ന ഗ്രാമസേവികയും അതിന് തയ്യാറായില്ല. അതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. പ്രസിഡന്റ് ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്താത്തതിനെതിരെയും ആക്ഷേപമുയര്‍ന്നു.
ഈ സാഹചര്യത്തില്‍ ഗ്രാമസഭ പിരിച്ചുവിട്ട് മെമ്പറും ഉദ്യോഗസ്ഥയും മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, കുടിവെള്ള പദ്ധതിയുടെ കാര്യം വിശദീകരിയ്ക്കാതെ പോകാന്‍ ഇവരെ നാട്ടുകാര്‍ അനുവദിച്ചില്ല. അതേ തുടര്‍ന്നാണ് മെമ്പറും ഉദ്യോഗസ്ഥയും പോലീസിനെ വിളിച്ചത്. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഒടുവില്‍, ഇന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് കാര്യങ്ങള്‍ സംസാരിക്കാമെന്ന് എസ്.ഐ ഉറപ്പു നല്‍കുകയായിരുന്നു.
രണ്ടു ദശാബ്ദമായി പ്രദേശവാസികള്‍ കാത്തിരുന്ന കുടിവെള്ള പദ്ധതി ആര്‍ക്കും പ്രയോജനപ്പെടാത്ത മട്ടില്‍ നടപ്പാക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ എതിര്‍പ്പുമൂലം പാളിയത്. പദ്ധതി നടത്തിപ്പിലെ പാളിച്ചകളും ജനങ്ങളുടെ പ്രതിഷേധവും  മംഗളമാണ് പുറത്തുകൊണ്ടുവന്നത്. അതേ തുടര്‍ന്ന് കഴിഞ്ഞ 20 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ബന്ധപ്പെട്ടവര്‍ മാറ്റി വച്ചിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പെട്ട ഉയര്‍ന്ന പ്രദേശമാണ് 606. പെരിയാര്‍ വാലി കനാലിന് വേണ്ടി ടണല്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 606 നിവാസികള്‍ക്ക് കുടിവെള്ളം മുട്ടിയത്. മൂന്നു പൂവ് കൃഷി ചെയ്തിരുന്ന നാട്ടുകാര്‍ വറുതിയിലായി.
1995 ലാണ് നാട്ടുകാരുടെ സഹകരണത്തോടെ ഇവിടെ 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍, തുടക്കം മുതലേ പദ്ധതിയില്‍ ക്രമക്കേടുകള്‍ മാത്രമാണ് സംഭവിച്ചത്.
ഒടുവില്‍, കേവലം 20 കുതിര ശക്തിയുടെ മോട്ടോര്‍ ഉപയോഗിച്ച് 1200 അടി ഉയരത്തിലേക്ക് വെള്ളം പമ്പുചെയ്യാനുള്ള പ്രായോഗികമല്ലാത്ത പദ്ധതിയാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാളിയത്. പഴകി കാലഹരണപ്പെട്ട പഴയ പൈപ്പ് ലൈനില്‍ കൂടി ജലവിതരണം സാദ്ധ്യമാവില്ലെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, 606 കുടിവെള്ള പദധതി നടപ്പാക്കിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.
അറുപത് കുതിരശക്തിയുള്ള മോട്ടോറും പുതിയ പൈപ്പ് ലൈനും സ്ഥാപിച്ച് പെരിയാര്‍വാലി കനാലില്‍ നിന്ന് കുടിവെള്ളം പമ്പ് ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതിക്ക് വേണ്ടി മുമ്പ് സ്ഥാപിച്ച ജലസംഭരണി പൊളിച്ച് മാറ്റി കൂടുതല്‍ ഉയരത്തിലും വിസ്താരത്തിലും നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

മംഗളം 24.02.2014

No comments: