Wednesday, February 19, 2014

പ്ലൈവുഡ് കമ്പനികളില്‍ ബാലവേല; അഞ്ചു കമ്പനികളില്‍ നിന്ന് പതിന്നാലു കുട്ടികളെ മോചിപ്പിച്ചു

പെരുമ്പാവൂര്‍: അഞ്ചു പ്ലൈവുഡ് കമ്പനികളില്‍ നിന്ന് പതിന്നാലു കുട്ടികളെ പോലീസ് മോചിപ്പിച്ചു. സ്ഥാപനങ്ങളില്‍ ബാലവേല വ്യാപകമാണെന്ന് എസ്.പിയ്ക്ക് ലഭിച്ച സൂചനയെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.
കീഴില്ലം പണിയ്ക്കരമ്പലം ഭാഗത്തുള്ള പിസ, ഡെക്കാണ്‍ , പൂമലയിലുള്ള അല്‍-അമീന്‍, കോട്ടച്ചിറ ഭാഗത്തുള്ള റേഡിയസ്, കമ്പാനിയന്‍ എന്നി പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 
കേവലം പത്തില്‍ താഴെ കമ്പനികളില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഡസനിലേറെ ബാലവേല ശ്രദ്ധയില്‍ പെട്ടത്. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം നൂറുകണക്കിന് പ്ലൈവുഡ് കമ്പനികളുണ്ട്. 
പല സ്ഥാപനങ്ങളില്‍ നിന്നായി ഇന്നലെ കണ്ടെത്തിയവരില്‍ ഏറെയും പത്തും പന്ത്രണ്ടും വയസ് പ്രായമുള്ളവരാണ്.  അസം, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ഇവരെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം വിവിധ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷിതാക്കളെ കണ്ടെത്തി ഇവരെ നാട്ടിലേക്ക് മടക്കി അയക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാലവേല സംബന്ധിച്ച് കമ്പനി ഉടമകള്‍ തികഞ്ഞ അജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. ജോലി ചെയ്യുന്ന കുട്ടികളെല്ലാവരും ഒരാഴ്ച മുമ്പ് മാത്രം എത്തിയവരാണെന്നാണ് സ്ഥാപന ഉടമകളുടെ വിശദീകരണം.
തൊഴിലാളികളെ കരാറുകരാണ് ജോലിയ്ക്ക് എത്തിക്കുന്നത്. ഓരോ ആഴ്ചയും കമ്പനിയിലേക്ക് അയക്കുന്ന തൊഴിലാളികളെ പറ്റിയുള്ള വിവരങ്ങള്‍ മിക്കവാറും കമ്പനി ഉടമകള്‍ അന്വേഷിക്കാറില്ല.
കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ് ബാബു, വി.കെ വിനോദ്, അബ്ദുള്‍ റൗഫ്, മുരളി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്.

മംഗളം 19.02.2014


No comments: