Friday, February 21, 2014

കൊലയാളി സങ്കേതങ്ങളാവുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്ന അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊലയാളി സങ്കേതങ്ങളാവുന്നു. ഇവിടെ നടക്കുന്ന പാതകങ്ങളില്‍ പകുതിയും പുറം ലോകം അറിയുന്നില്ലെന്നതാണ് വസ്തുത.
വല്ലം കവലയ്ക്ക് സമീപം ഇന്നലെ നടന്ന അരുംകൊലയാണ് പുറത്തറിഞ്ഞതില്‍ അവസാനത്തേത്. ബീഹാര്‍ സ്വദേശി ഇരുപത്തിമൂന്നുകാരനായ മുകേഷിനെ കല്ലിനിടിച്ചും കത്തിക്ക് കുത്തിയുമാണ് വകവരുത്തിയത്. സംഭവത്തെ കുറിച്ചോ പ്രതികളെ സംബന്ധിച്ചോ ചെറുസൂചനകള്‍ പോലുമില്ല.
ഇതിനു മുമ്പ് 2012 സെപ്തംബറില്‍ സമാനമായ കൊലപാതകം വെങ്ങോല പുളിയാമ്പിള്ളിയിലുള്ള ഗോഡൗണിലാണ് നടന്നത്. അസം സ്വദേശിയായ തഫാജുല്‍ ഇസ്ലാമാണ് കൊലചെയ്യപ്പെട്ടത്.  പിതൃസഹോദര പുത്രനായ മുഹമ്മദ് റഷീദുല്‍ ഇസ്ലാം വീല്‍ സ്പാനര്‍ കൊണ്ട് തഫാജുലിന്റെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
അതിഗുരുതരമായി പരുക്കേറ്റ് കുന്നത്തുനാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും ഓരോ ദിവസവും നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ജോലിക്കിടയില്‍ പരുക്കേറ്റെന്നോ ആത്മഹത്യാ ശ്രമമെന്നൊ ആണ് പലപ്പോഴും കൂടെയുള്ളവരുടെ വിശദീകരണം. അതില്‍ പലതും ലേബര്‍ ക്യാമ്പുകളിലെ ചേരിപ്പോരിന്റെ ബാക്കിപത്രമാണെന്ന് പുറം ലോകം അറിയാറില്ല. ബലാത്സംഘം ചെയ്യപ്പെട്ട് അവശനിലയിലെത്തുന്ന അന്യനാട്ടുകാരായ തൊഴിലാളി സ്ത്രീകളുടെ കഥയും പുറത്തേക്ക് വരാറില്ല.
മരവ്യവസായ മേഖലയായ പട്ടണത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന അന്യദേശ തൊഴിലാളികള്‍ പതിനായിരങ്ങളാണ്. അവര്‍ക്ക് ഇടയിലൂടെ കൊടുംക്രിമിനലുകളും തീവ്രവാദികളും മയക്കുമരുന്ന് കച്ചവടക്കാരും രാജ്യാന്തര കുറ്റവാളികളും വരെ കടന്നുകയറുന്നു. അങ്ങനെ, ഓരോ ലേബര്‍ ക്യാമ്പുകളും ക്രിമിനല്‍ കേന്ദ്രങ്ങളായി മാറുന്നു.
പല അക്രമങ്ങളും ലഹരിയുടെ ഉന്മാദത്തിനിടയിലാണ്. കഞ്ചാവും ബ്രൗണ്‍ഷുഗറും ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ പല ലേബര്‍ ക്യാമ്പുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ടൗണിലെ ഗാന്ധി ബസാര്‍ മയക്കുമരുന്ന് വിപണനത്തിന്റെ തുറന്ന കേന്ദ്രങ്ങളിലൊന്നാണ്.
സൂപ്പര്‍വൈസര്‍മാരും കരാറുകാരും കമ്പനി ഉടമകളുമൊക്കെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്നവരില്‍ പെടുന്നു. പീഡനം പലപ്പോഴും കൊലപാതകത്തില്‍ കലാശിക്കുന്നു. പക്ഷെ, ഇത് ഇരുചെവി അറിയാതെ ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ഇതിനു പുറമെയാണ് തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. അന്യനാട്ടില്‍ നിന്ന് വന്ന തൊഴിലാളിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടാകാറില്ല. മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കിട്ടണമെന്നില്ല.
അന്യദേശ തൊഴിലാളിക്ക് ജീവഹാനിയുണ്ടായാലും അന്വേഷിക്കാന്‍ എളുപ്പമല്ല. തൊഴിലാളികളെ കരാറുകാര്‍ അടിക്കടി കമ്പനികളില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കും. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ക്രിമിനലുകളും ഒക്കെയുണ്ടാവും. പലപ്പോഴും സ്ഥാപന നടത്തിപ്പുകാര്‍ക്ക് പോലും തന്റെ തൊഴിലിടത്തില്‍ പണിയെടുക്കുന്നവരെ പറ്റി ധാരണയുണ്ടാകാറില്ല.
തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും ഒക്കെയുള്ള നിബന്ധനകള്‍ ഇവിടെ പാലിക്കപ്പെടാറേയില്ല. അതുകൊണ്ട് തന്നെ, സംസ്ഥാനത്തേക്ക് എത്തുന്ന അന്യദേശ തൊഴിലാളികളെ സംബന്ധിച്ച യഥാര്‍ത്ഥവിവരങ്ങള്‍ ആരുടേയും പക്കലുണ്ടാവാറില്ല. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അന്വേഷണം ഇരുട്ടില്‍ തപ്പലായി മാറുന്നതും അതിനാല്‍ തന്നെ.

മംഗളം 21.02.2014

No comments: