പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-മാനാറി റോഡ് താറുമാറായി. ഈ റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നാട്ടുകാര്‍ തടഞ്ഞു. മൂന്നു ദിവസമായി ഈ വഴിക്ക് ഭാരവണ്ടികളില്ല.
എട്ടാം വാര്‍ഡില്‍പ്പെട്ട ഈ റോഡിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. 15 ഓളം വര്‍ഷങ്ങള്‍ക്കുമുമ്പാണ് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ഈ കാലയളവിനുള്ളില്‍ പലപ്പോഴായി 12600000 രൂപയോളം പല ഘട്ടങ്ങളിലായി മുടക്കി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. നാലു കിലോമീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള റോഡിനു വേണ്ടി ഓരോ തവണയും വന്‍തുകകള്‍ മുടക്കുന്നുണ്ടെങ്കിലും ഈ വഴിക്കുള്ള സഞ്ചാരം നാട്ടുകാര്‍ക്കെന്നും ദുരിതമാണ്.
നിര്‍മ്മാണ ഘട്ടത്തിലെ ക്രമക്കേടുകള്‍ മൂലം റോഡ് അടിക്കടി തകരും. മാത്രവുമല്ല 30-40 ടണ്‍ ഭാരമുള്ള ടോറസു പോലുള്ള ഭാരവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. സമീപ പഞ്ചായത്തുകളായ അശമന്നൂര്‍, പായിപ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം പാറമടകളിലേക്കും രണ്ട് ക്രഷര്‍ യൂണിറ്റുകളിലേക്കും മൂന്ന് പ്ലൈവുഡ് കമ്പനികളിലേക്കും ഇതു വഴിയാണ് ഗതാഗതം. നൂറുകണക്കിന് ലോറികള്‍ പ്രതിദിനം ഈ വഴിക്ക് ശരാശരി അഞ്ച് ട്രിപ്പ് വീതം സര്‍വ്വീസ് നടത്തുന്നു.
റോഡില്‍ കുഴികളുണ്ടാവുമ്പോള്‍ പാറമട ഉടമകള്‍ ഇവിടെ തള്ളുന്ന പാറപ്പൊടി പരിസരവാസികള്‍ക്ക് പലപ്പോഴും അലോസരമുണ്ടാക്കുന്നു. കരിങ്കല്‍ ലോറികളില്‍ നിന്ന് റോഡിലേക്ക് വീഴുന്ന കൂറ്റന്‍ കരിങ്കല്ലുകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഭീഷണിയാണ്.
2008 ല്‍ ത്രിവേണി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനേതുടര്‍ന്ന് കീഴില്ലം-മാനാറി റോഡില്‍ ക്രഷര്‍- മെറ്റല്‍-പാറമട ഉടമകളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് കരാറുണ്ടാക്കിയിരുന്നു. അമിത ലോഡുള്ള വാഹനങ്ങള്‍ക്കെതിരേയും ഡ്രൈവര്‍മാരുടെ സഭ്യമല്ലാത്ത പെരുമാറ്റത്തിനെതിരേയും കരാറുണ്ടാക്കിയിരുന്നെങ്കിലും അതൊന്നും പരിഹരിക്കാനായില്ല.
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഈ വഴിക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞത്. അടിയന്തിരമായി ആധുനിക സംവിധാനങ്ങളുപയോഗിച്ച് റോഡ് പുതുക്കിപ്പണിയണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
മംഗളം 31.05.2015
No comments:
Post a Comment