Thursday, May 21, 2015

വെങ്ങോല, അറയ്ക്കപ്പടി ഗ്രാമപഞ്ചായത്ത് വിഭജനം; സര്‍ക്കാര്‍ വിജ്ഞാപനമായി

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വിഭജിച്ച് രൂപീകരിച്ച വെങ്ങോല, അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി. 
പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍, വാര്‍ഡുകളുടെ എണ്ണം തുടങ്ങിയവ സംബന്ധിച്ച അന്തിമ വിജ്ഞാപനമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ആദ്യ വിജ്ഞാപനത്തില്‍ നിരവധി പിശകുകള്‍ സംഭവിച്ചത് ചൂണ്ടിക്കാട്ടി രണ്ടാം വാര്‍ഡ് മെമ്പര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. അന്നത്തെ വിജ്ഞാപനപ്രകാരം നിലവിലുള്ള വെങ്ങോല പഞ്ചായത്തിലെ 1, 2 വാര്‍ഡുകള്‍ വിഭജിക്കപ്പെട്ട ഇരുപഞ്ചായത്തുകളിലും പെടാതെ പോയിരുന്നു. 
പുതിയ വിജ്ഞാപനപ്രകാരം വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ടാകും. ജനസംഖ്യ 31587 ആണ്. വനിത സംവരണ വാര്‍ഡുകള്‍ ഇവിടെ 10 എണ്ണമുണ്ട്. ഒരു വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡാണ്. 8 ജനറല്‍ വാര്‍ഡുകളാണുള്ളത്.
വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ വാഴക്കുളം ഗ്രാമപഞ്ചായത്തും പെരുമ്പാവൂര്‍ നഗരസഭയുമാണ്. കിഴക്ക് രായമംഗലം ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വാഴക്കുളം ഗ്രാമപഞ്ചായത്തും. തെക്കുഭാഗത്ത് വളയന്‍ചിറങ്ങര എല്‍.പി.എസ് സ്‌കൂള്‍ ജംഗ്ഷന്‍, പെരിയാര്‍വാലി മെയിന്‍കനാല്‍, ടാങ്ക്‌സിറ്റി, ബഥനി, ഓണംകുളം പള്ളി,  ശാലേം റോഡ്, ആലിന്‍ചുവട്, ആംഗ്ലോ ഇന്ത്യന്‍ കോളനി, പുളിയാമ്പിള്ളി കനാല്‍ റോഡ്, പോഞ്ഞാശ്ശേരി കനാല്‍പ്പാലം, ജാമിയ ജംഗ്ഷന്‍, ചള്ളിയേലിപ്പാടം തോട്.
അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്. ജനസംഖ്യ 18889. വനിതകള്‍ക്കായി 7 വാര്‍ഡുകളും പട്ടികജാതിക്കാര്‍ക്കായി 3 വാര്‍ഡുകളും സംവരണം ചെയ്തിട്ടുണ്ട്. ജനറല്‍വാര്‍ഡുകള്‍ നാലാണ്. 
അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തും തെക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് കിഴക്കമ്പലം, വാഴക്കുളം ഗ്രാമപഞ്ചായത്തുകളുമാണ്. വടക്കുഭാഗത്ത് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍, പെരിയാര്‍വാലി മെയിന്‍കനാല്‍, ടാങ്ക്‌സിറ്റി, ബഥനി ഓണംകുളംപള്ളി, ശാലേം റോഡ്, ആലിന്‍ചുവട്, ആംഗ്ലോഇന്ത്യന്‍ കോളനി, പുളിയാമ്പിള്ളി കനാല്‍ റോഡ്, പോഞ്ഞാശ്ശേരി, കനാല്‍പ്പാലം, ജാമിയ ജംഗ്ഷന്‍, ചുള്ളിയേലിപ്പാടം തോട് എന്നിവയാണ് തെക്കേ അതിര്.

മംഗളം 21.05.2105

No comments: