പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, May 21, 2015

ചെത്തുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് എതിരെ നടപടി; സി.പി.എം നേതാക്കളുടെ സംയുക്ത യോഗം അലങ്കോലപ്പെട്ടു

പെരുമ്പാവൂര്‍: റേഞ്ച് ചെത്തുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കെതിരെ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സി.പി.എം ഏരിയാകമ്മിറ്റി യോഗം അലങ്കോലപ്പെട്ടു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജീവ് പങ്കെടുത്ത യോഗത്തില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
വര്‍ഷങ്ങളായി യൂണിയന്‍ ഭാരവാഹികളായി തുടരുന്ന കെ.ഡി ഷാജിയ്ക്കും എന്‍.എന്‍ കുഞ്ഞിനുമെതിരെയാണ് പാര്‍ട്ടി നടപടി കൈക്കൊണ്ടത്. ഇരുവരേയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലണ് യോഗം വിളിച്ചത്. ഏരിയാ, ലോക്കല്‍, ബ്രാഞ്ച് ഭാരവാഹികളുടെ യോഗം ജില്ലാ സെക്രട്ടറി പി രാജീവ്, ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിളിച്ച് ചേര്‍ത്തത്. 
നടപടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒക്കല്‍ മേഖലയില്‍ നിന്നുള്ള നേതാക്കളും ചെത്തുതൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട നേതാക്കളും പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു.
പ്രതിമാസ മാനേജിങ്ങ് കമ്മിറ്റി യോഗങ്ങളും ഷാപ്പുകമ്മിറ്റി യോഗങ്ങളും ചേരുന്ന യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ നാളിതുവരെ യൂണിയന്‍ അംഗങ്ങള്‍ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുന്നു. പരാതികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുവരേയും ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുമായിരുന്നു. മാത്രവുമല്ല, യൂണിയന്റെ കണക്കുകള്‍ ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ പരിശോധിക്കുന്നതും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും ജനറല്‍ ബോഡിയും അംഗീകരിക്കുന്നതുമാണ്. 
യൂണിയന്‍ നേതാക്കള്‍ക്ക് എതിരെ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ചില കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരാണ്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ യൂണിയന്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്. അടിസ്ഥാന രഹിതമായ ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് എതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടതില്‍ പ്രതിഷേധിച്ച നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.  
പെരുമ്പാവൂരില്‍ പാര്‍ട്ടിയ്ക്ക് അകത്ത് നടക്കുന്ന ചേരിപ്പോരാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തു വരുന്നത്. പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ചേര്‍ന്ന യോഗവും അലങ്കോലപ്പെട്ടിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ പിന്തുണച്ച എം.ഐ ബീരാസിനെ അംഗീകരിക്കാതെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജീവ് ജനാധിപത്യ വിരുദ്ധമായി യോഗം മാറ്റി വച്ചത് വിവാദമായിരുന്നു.

മംഗളം 21.05.2015

2 comments:

pkbaiju said...

cpim എന്ന പര്ടിക്കകത്തു ഉള്ളത് ഭയം എന്ന വികാരമാണ് . ജനാധിപത്യം എന്ന വാക്ക് പോലും അത് ഭയക്കുന്നു.വിഭാഗീയ ഭൂരിപക്ഷത്തിന്റെ അപ്രാമാധിത്യവും ദാർഷ്ട്യവും മാത്രെമേ അതിലുള്ളൂ . തങ്ങൾക്ക് ഇഷ്ടമാല്ലതവരെ പുറത്താക്കാനും ഇഷ്ടക്കാരെ വഴീകനും എന്ത് നീച നിലപാടും അതെടുക്കും .

pkbaiju said...

cpim എന്ന പര്ടിക്കകത്തു ഉള്ളത് ഭയം എന്ന വികാരമാണ് . ജനാധിപത്യം എന്ന വാക്ക് പോലും അത് ഭയക്കുന്നു.വിഭാഗീയ ഭൂരിപക്ഷത്തിന്റെ അപ്രാമാധിത്യവും ദാർഷ്ട്യവും മാത്രെമേ അതിലുള്ളൂ . തങ്ങൾക്ക് ഇഷ്ടമാല്ലതവരെ പുറത്താക്കാനും ഇഷ്ടക്കാരെ വഴീകനും എന്ത് നീച നിലപാടും അതെടുക്കും .