പെരുമ്പാവൂര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് ഒപ്പം അല്ലപ്രയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. അസം സ്വദേശി മുഹര്‍ അലിയുടെ മകള്‍ മക്മൂദ (20) യും പിഞ്ചുകുഞ്ഞുമാണ് കൊലചെയ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ണ്ണ കാരോടി പാടശേഖരത്തില്‍ യുവതിയേയും കുഞ്ഞിനേയും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്. ഒരു മാസം മുമ്പ് കണ്ടന്തറയിലെ വാടക വീട്ടില്‍ താമസമാക്കിയ ഈ കുടുംബത്തെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു.
വ്യാഴാഴ്ച രാത്രി നാട്ടിലേക്കെന്നും പറഞ്ഞാണ് ഇവര്‍ വാടക വീട് വിട്ടത്. പിറ്റേന്ന് യുവതിയുടേയും കുഞ്ഞിന്റേയും ജഡങ്ങളാണ് കണ്ടത്. ഭര്‍ത്താവിനെ കാണാതാവുകയും ചെയ്തു. അതോടെയാണ് ഭര്‍ത്താവില്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. ഇയാളുടെ സുഹൃത്തായ അന്യദേശ തൊഴിലാളിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേര് ഹാഷിം ഹുസൈന്‍ എന്നാണെന്ന് വ്യക്തമായി. ഇയാളുടെ വീട് അറിയാവുന്ന സുഹൃത്തുമൊത്ത് പോലീസ് അസമിലേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ കമല്‍ ഹുസൈന്‍ ചെമ്പറക്കിയിലെ ഒരു ഇരുമ്പുരുക്ക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന സൂചന ലഭിച്ചത്. കമല്‍ ഹുസൈന്റെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് മക്മൂദ. തിരിച്ചറിയാത്തതിനാല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചരിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ കമല്‍ ഏറ്റുവാങ്ങി. പിന്നീട് കണ്ടന്തറ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.
ഹാഷിം ഹുസൈനും മക്മൂദയും പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കേരളത്തിലേക്ക് ഒളിച്ചോടുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കൊല ചെയ്തത് ആരാണെന്നോ അതിനുളള കാരണമെന്തെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഭര്‍ത്താവ് ഹാഷിം ഹുസൈനെ കേന്ദ്രീകരിച്ചുതന്നെയാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ഹാഷിം അസമിലേക്ക് ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുകയാണെന്ന് വ്യക്തമായിട്ടുണ്ട്.
(മംഗളം 26.05.2015)
No comments:
Post a Comment