Saturday, May 23, 2015

ചരിത്രപ്പെരുമയുള്ള പെരുമ്പാവൂര്‍ കോടതിയുടെ കെട്ടിടം ഗൃഹാതുരമായ ഓര്‍മ്മയായി മാറും

കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്


പെരുമ്പാവൂര്‍: ആധുനികമായ കോടതി കെട്ടിട സമുച്ചയത്തിന് ഇന്ന് രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിടും. താമസിയാതെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപെരുമകള്‍ പേറുന്ന പുരാതനമായ കോടതി കെട്ടിടം പൊളിച്ചുമാറ്റും.
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് തിരുവിതാംകൂര്‍ ദിവാന്റെ പേഷ്‌കാര്‍മാര്‍ ക്യാമ്പ് സിറ്റിംഗ് നടത്തിയതിനുശേഷം 1912 ല്‍ തുടങ്ങിയ മുന്‍സീഫ് കോടതിക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെ 1938 ല്‍ സര്‍ക്കാര്‍ നിരോധിച്ചതിനേതുടര്‍ന്ന് അറസ്റ്റിലായ നേതാക്കള്‍ക്ക് വേണ്ടി ഏ.കെ.ജി നേരിട്ട് ഹാജരായി കേസ് നടത്തിയ കോടതിയാണിത്. എ.കെ.ജി പാവങ്ങളുടെ വക്കീലെന്ന് വിശേഷിപ്പിച്ച കെ.എന്‍.ജി കര്‍ത്തയും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എം പരീത്പിള്ളയും മുന്‍ എം.എല്‍.സി ജി നാരായണ അയ്യരും മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്തയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഫെഡറല്‍ ബാങ്ക് സ്ഥാപക ചെയര്‍മാന്‍ കെ.പി ഹോര്‍മിസും പ്രമുഖ നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ പ്രാക്ടീസ് ചെയ്ത കോടതിയും ഇതു തന്നെ.
1915 ലാണ് ഇവിടെ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ചത്. 1976 ല്‍ അത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായി. 1990 ല്‍ എം.എ.സി.റ്റി കോടതിയും 2007 ല്‍ സബ്‌കോടതിയും തുടങ്ങി.
കുന്നത്തുനാട്-ആലുവ താലൂക്കുകള്‍ ഈ മുന്‍സീഫ് കോടതിയുടെ അധികാര പരിധിയിലായിരുന്നു. ആലുവ, കോലഞ്ചേരി മേഖലകളില്‍ മജിസ്‌ട്രേറ്റ് കോടതികള്‍ വന്നതോടെ പെരുമ്പാവൂര്‍ കോടതിയുടെ പ്രതാപം കുറഞ്ഞു. പിന്നീട് ഇപ്പോള്‍ കുറുപ്പംപടി, കാലടി, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിലൊക്കെ കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഒമ്പത് പോലീസ് സ്റ്റേഷനുകളുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന പെരുമ്പാവൂര്‍ കോടതിക്ക് കീഴില്‍ ഇപ്പോഴുള്ളത് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ മാത്രം. 
ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത് അനാവശ്യമാണെന്ന് വിചാരിക്കുന്നവര്‍ ഏറെയുണ്ട്. പറവൂര്‍, തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ തുടങ്ങിയ പഴയകാല കോടതികള്‍ പുനരുദ്ധരിച്ച് പഴമ കളയാതെ നിലനിര്‍ത്തിയതുപോലെ പെരുമ്പാവൂര്‍ കോടതിയും സംരക്ഷിക്കപ്പെടുകയായിരുന്നു അഭികാമ്യമെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറികൂടിയായ അഡ്വ. സതീഷ് എം കുമാര്‍ പറയുന്നു.

മംഗളം 23.05.2015

No comments: