പെരുമ്പാവൂര്‍: ഒരു കോടിയിലേറെ രൂപ മുടക്കി തുടങ്ങിയ വെങ്ങോല കവല വികസനം അവതാളത്തിലായി. രണ്ടരമാസമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്.
കവലയിലെ ഇടുങ്ങിയ പാലം ഗതാഗത തടസങ്ങളും അപകടങ്ങളും സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വെങ്ങോല കവല വികസനത്തിന് അധികൃതര്‍ തയ്യാറായത്. 2011 ഫെബ്രുവരിയില്‍ സ്ഥലത്തെ വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ക്കും പൊതു മരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ജലാല്‍ മുന്‍കയ്യെടുക്കുക കൂടി ചെയ്തതിനേതുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കവല വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയായിരുന്നു. തുക അപര്യാപ്തമാണെന്ന് വന്നതോടെ 25 ലക്ഷം രൂപ കൂടി വീണ്ടും അനുവദിച്ചു.
ഏഴ് മാസം മുമ്പാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിര്‍മ്മാണം അശാസ്ത്രീയമാണെന്നുള്ള ആരോപണങ്ങളും അതോടൊപ്പം തന്നെ തുടങ്ങി. മഴവെള്ളം പോകാനുള്ള കാന നിര്‍മ്മാണത്തെ സംബന്ധിച്ചായിരുന്നു ആക്ഷേപങ്ങളേറെയും. കാനകള്‍ പരസ്പരം ബന്ധിപ്പിക്കാതെയായിരുന്നു നിര്‍മ്മാണം. അതിനാല്‍ കാനയിലെ വെള്ളം റോഡിലൂടെ ഒഴുകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
വെങ്ങോല എസ്.എന്‍.ഡി.പി ശാഖയിലേക്കും കര്‍ഷക ഗ്രന്ഥാലയത്തിലേക്കുമുള്ള റോഡുകള്‍ ചപ്പാത്ത് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു മറ്റൊരു പ്രതിഷേധം. ചപ്പാത്ത് നിര്‍മ്മിച്ചാല്‍ വാഹന ഗതാഗതം സുഗമമാകില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ചപ്പാത്തിന് പകരം കാനകീറി അതിനുമുകളിലൂടെ സ്ലാബ് നിര്‍മ്മിച്ച് റോഡ് ടാര്‍ ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പടവുകള്‍ പൊളിച്ചു മാറ്റിയതും പുതിയത് നിര്‍മ്മിക്കാത്തതും എതിര്‍പ്പിന് കാരണമായി.
കവല വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സ്ലാബിന് മുകളിലൂടെ വാഹനങ്ങള്‍ കയറിത്തുടങ്ങിയപ്പോള്‍തന്നെ അവ തകര്‍ന്നത് വീണ്ടും വിവാദത്തിനിടയായി. ഇതേ തുടര്‍ന്ന് കരാറുകാരന്‍ വീണ്ടും സ്ലാബ് നിര്‍മ്മിച്ച് സ്ഥാപിച്ചു.
ഒന്നിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നതോടെ കരാറുകാരന്‍ പണി പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. അതോടെ കവല വികസനം പൂര്‍ണ്ണമായി സ്തംഭിച്ചു.
വെങ്ങോലയിലെ പാലത്തിന്റേയും റോഡുകളുടേയും പണികള്‍ സ്തംഭിക്കാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട കോണ്‍ട്രാക്ടറുടേയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും പേരില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തുവന്നിട്ടുണ്ട്. 24 ന് വൈകിട്ട് 4 ന് വ്യാപാരികള്‍ ഇവിടെ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
മംഗളം 22.03.2014
1 comment:
അവതാളത്തില്‍ ആയാലേ.. അധികാരികള്‍ താളത്തില്‍ ആവുകയുള്ളൂ..
Post a Comment