Monday, June 30, 2014

ചേരാനല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളിന് വേണ്ടി ബ്ലോഗ് തയ്യാറാക്കി

പെരുമ്പാവൂര്‍: ചേരാനല്ലൂര്‍ ഗവണ്‍മെന്റ് സ്‌ക്കൂളില്‍ സൗജന്യ യൂണിഫോം വിതരണവും അദ്ധ്യാപിക തസ്മിന്‍ കെ.എ രൂപകല്‍പന ചെയ്ത സ്‌ക്കൂള്‍ ബ്ലോഗ് പ്രകാശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. വൈ പൗലോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എം.ഒ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി ഗീത പൗലോസ്, പ്രിന്‍സിപ്പാള്‍ ചിന്നമ്മ ടീച്ചര്‍, ഹെഡ്മിസ്ട്രസ്  സുഷമ, പി.ടി.എ പ്രസഡന്റ് എം.എ ജോസഫ്, എം.വി ജോസഫ്, സുനില്‍ ബി, സ്‌കൂള്‍ ലീഡര്‍ രാഹുല്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു. 

മംഗളം 30.06.2014

Sunday, June 29, 2014

കുറുപ്പംപടി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പഞ്ചിങ് സമ്പ്രദായം ഏര്‍പ്പെടുത്തും

പെരുമ്പാവൂര്‍: കുറുപ്പംപടി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പഞ്ചിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ രായമഗലം ഗ്രാമപഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതിയോഗം തീരുമാനിച്ചു.
കെ.എസ്.ആര്‍.ടി.സി ബസുകളും ലോ ഫ്‌ളോര്‍ ബസുകളും സ്റ്റാന്‍ഡില്‍ കയറുന്നുവെന്നും കൃത്യത പാലിക്കുന്നുവെന്നും ഉറപ്പാക്കുന്നതിനാണ് പഞ്ചായത്തിന്റേയും ബസ് ഉടമ അസോസിയേഷന്റേയും നേതൃത്വത്തില്‍ പഞ്ചിങ്ങ് ഏര്‍പ്പെടുത്തുന്നത്. അതിനാവശ്യമായ മുറി പഞ്ചായത്ത് വിട്ടു നല്‍കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കണം. എല്ലാ ബസുകള്‍ക്കും ഡോറുകള്‍ നിര്‍ബന്ധമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 
വിദ്യാര്‍ത്ഥികളോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എല്ലാ ബസ് ഉടമകളും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ കയറണമെന്ന ആവശ്യം വിവിധ ഓപ്പറേറ്റിംഗ് ഡിപ്പോകളെ അറയിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിംഗ് ഓഫീസര്‍ അറിയിച്ചു. 
കുറുപ്പംപടി ഓ-ഓപ്പറേറ്റീവ് ബാങ്ക് മുതല്‍ കുറുപ്പംപടി ടൗണ്‍ ജംഗ്ഷന്‍ വരെ, കീഴില്ലം കുറിച്ചിലക്കോട് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. റോഡിന് കിഴക്കുവശം ഇരുചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാം. 
ആലുവ-മൂന്നാര്‍ റോഡില്‍ തിരക്കേറിയ കൃഷ്ണ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ലൈമണ്‍ ഗ്രാസ് ഓയില്‍ മര്‍ക്കറ്റിംഗ് സൊസൈറ്റി വരെയുള്ള റോഡിന് വടക്ക് ഭാഗം നാലു ചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാം. ഈ റോഡിന്റെ തെക്കുഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാവുന്നതാണ്. ഈ ഭാഗങ്ങളിലെല്ലാം പാര്‍ക്കിംഗ്/നോണ്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. രാത്രി 9 ന് ശേഷം ഓടുന്ന ടാക്‌സി ഓട്ടോറിക്ഷകള്‍കളിലെ ഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്നും തീരുമാനമുണ്ട്.
യോഗത്തില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍, പഞ്ചായത്തംഗങ്ങളായ സജി പടയാട്ടില്‍, ജോയി പൂണേലില്‍, എല്‍ദോസ് അറയ്ക്കല്‍, കെ.കെ ശിവന്‍, കുറുപ്പംപടി എസ്.ഐ ഷൈജു കെ പോള്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധി രവി എം.കെ, ബസ് ഉടമ അസോസിയേഷന്‍ പ്രതിനിധി രാമചന്ദ്രന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ബേബി കിളിയായത്ത്, കെ.കെ രാജു, പൗരസമിതി കണ്‍വീനര്‍ രാജീവ് ബി നായര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധി എം.കെ അംബേദ്കര്‍ എന്നിവര്‍ പങ്കെടുത്തു.

മംഗളം 29.06.2014

Thursday, June 26, 2014

സുലേഖ വധക്കേസിലെ ഒന്നാം പ്രതി വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂര്‍: കിഴക്കമ്പലം സുലേഖ വധക്കേസിലെ ഒന്നാം പ്രതി വാഹനാപകടത്തില്‍ മരിച്ചു.
കുമ്മനോട് കുഞ്ഞിട്ടി വീട്ടില്‍ അബ്ദുള്‍ കരിം (55) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഏല്യാസി (45)നെ  ഗുരുതരമായ പരുക്കുകളോടെ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് എം.സി റോഡില്‍ ഹോട്ടല്‍ അന്നപൂര്‍ണ്ണയ്ക്ക് മുന്നിലായിരുന്നു അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികളായ അബ്ദുള്‍ കരിമും ഏല്യാസും ഉച്ചഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി പെരുമ്പാവൂര്‍ ഭാഗത്തേക്ക്  തിരിയുമ്പോള്‍ എതിരെ വന്ന ഓംനി വാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
1997 ലാണ് സുലേഖ എന്ന വീട്ടമ്മ കൊലചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുള്‍ കരിം അടക്കമുള്ള പ്രതികളെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധം സുലേഖയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
സംസ്‌കാരം നടത്തി. അബ്ദുള്‍ കരിമിന്റെ ഭാര്യ: സഫിയ. മക്കള്‍: ഷമീര്‍, ഷറീന. മരുമക്കള്‍: ബഷീര്‍, ജസ്‌ന

മംഗളം 26.06.2014

Wednesday, June 25, 2014

പേരാല്‍ മുത്തച്ഛന് വധഭീഷണി

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലുള്ള ഒരു നൂറ്റാണ്ടിലേറെ പ്രായമുള്ള പേരാല്‍ മുത്തച്ഛന് വധഭീഷണി.
ശിഖരങ്ങളും താങ്ങുവേരുകളും മുറിച്ചുമാറ്റി  മരത്തെ കൊലയ്ക്കു കൊടുക്കുന്നതിനെതിരെ സ്‌കൂളിലെ നേച്ചര്‍ ക്ലബ് അംഗങ്ങളാണ് രംഗത്തുവന്നിട്ടുള്ളത്.
പേരാലിന്റെ താങ്ങുവേരുകളുടെ എണ്ണവും വലിപ്പവുമാണ് അതിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്നത് എന്നിരിക്കെ അവ നീക്കം ചെയ്തവര്‍ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് നേച്ചര്‍ ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. 
ആയിരം പുത്രന്‍മാര്‍ക്ക് സമമാണ് ഒരു മരം എന്ന വസ്തുത ഉള്‍ക്കൊണ്ട് വനവല്‍ക്കരണം ദ്രുതഗതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് അമൂല്യമായ ഈ തണല്‍ മരത്തിനുമേല്‍ കോടാലി വീഴുന്നത്. ഇതിനെതിരെ ആല്‍ചുവട്ടില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ വൃക്ഷ സംരക്ഷണ പ്രതിജ്ഞ എടുത്താണ് പിരിഞ്ഞതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജ്യോതിഷ് കുമാര്‍ എസ് അറിയിച്ചു. 

മംഗളം 25.06.2014

Tuesday, June 24, 2014

ഓണംകുളം-കിഴക്കമ്പലം റോഡ് താറുമാറായി

പെരുമ്പാവൂര്‍: പി.പി റോഡില്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംകുളത്തു നിന്നാരംഭിക്കുന്ന കിഴക്കമ്പലം റോഡ് താറുമാറായി.
കാലവര്‍ഷം തുടങ്ങിയതോടെ റോഡിലെ വന്‍കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ കുഴികളില്‍ വീണ് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. 
ശാലേം മുതല്‍ വലിയകുളം വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ ശോച്യാവസ്ഥ. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്ര പോലും അസാധ്യമാണ്.
പതിനഞ്ചോളം സ്‌കൂള്‍ ബസുകളും ആറു ലൈന്‍ ബസുകളും ഈ വഴിക്ക് സഞ്ചരിക്കുന്നുണ്ട്. ശാലേം സ്‌കൂള്‍, മാര്‍ ബഹനാം പള്ളി, സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ പൊതു സ്ഥാപനങ്ങളിലേക്കെല്ലാം പോകണമെങ്കില്‍ ഈ വഴിയാണ് ആശ്രയം. 
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍ റിയാസ് അദ്ധ്യക്ഷത വഹിച്ചു.  നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ്, ബേസില്‍ ജോക്കബ്, യു.എം ഷെമീര്‍, പി.എ ഷിഹാബ്, കെ.കെ ഷമീര്‍, അന്‍സാര്‍ അസീസ്, എല്‍ദോ തമ്പി, എല്‍ദോ ബെന്നി, ജോബി ഏല്യാസ്, വിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 24.06.2014

Sunday, June 22, 2014

രായമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ പ്ലൈവുഡ്-പ്ലാസ്റ്റിക്ക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ജനകീയ കമ്മീഷന്‍

മലിനീകരണം വന്‍ ആരോഗ്യദുരന്തം സൃഷ്ടിക്കും

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പീച്ചനാംമുകളില്‍ പുതിയ പ്ലൈവുഡ് കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയിട്ടുളള അനുമതി റദ്ദാക്കണമെന്നും ജനകീയ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലിനീകരണം നിയന്ത്രിക്കുന്നില്ലെങ്കില്‍ വന്‍ ആരോഗ്യദുരന്തമായിരിക്കും ഫലമെന്നും കമ്മീഷന്‍ 
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ 5 മാസത്തിലേറെ നീണ്ടുനിന്ന സേവ് രായമംഗലം പ്രക്ഷോഭത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജനകീയ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. രായമംഗലം പഞ്ചായത്തിലെ പ്ലൈവുഡ് -പ്ലാസ്റ്റിക്ക് കമ്പനികളിലെ മലിനീകരണം വിലയിരുത്തുന്നതിനും പീച്ചനാംമുകളില്‍ മൂണ്‍ ടിംബര്‍ ഇന്‍ഡസ്ട്രീസ് എന്ന പ്ലൈവുഡ് കമ്പനിക്ക് സ്ഥാപനാനുമതി നല്‍കിയതിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനുമാണ് കോഴിക്കോട് സര്‍വ്വകലാശാല മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ പ്രസാദ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം ജോയി, അഡ്വ. പി. സി ജെയിംസ് എന്നിവര്‍ അംഗങ്ങളുമായിട്ടുളള കമ്മീഷനെ നിയമിച്ചത്.
കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് പുല്ലുവഴി, പഞ്ചായത്ത് കര്‍മ്മസമിതി പ്രസിഡന്റ് കെ.കെ വര്‍ക്കി എന്നിവര്‍ അറിയിച്ചു. 
പൊതുവഴി കയ്യേറിയും ലൈസന്‍സ് ചട്ടങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാനദണ്ഡങ്ങളും മറികടന്നും പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിക്ക് അനുമതി നല്‍കിയ രായമംഗലം ഗ്രാമപഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഡി.എം.ഒ അധികൃതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു പ്രധാന ശിപാര്‍ശ. ദളിത് വിധവ പുത്തന്‍പുരയ്ക്കല്‍  കാര്‍ത്ത്യായനിയുടെ വീടിനോട് തൊട്ടുചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ നടപടിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുകുഞ്ഞിന്റെ വീട്ടുപടിക്കല്‍ കര്‍മ്മസമിതി നിരാഹാര സമരം നടത്തിയിരുന്നു. ഇപ്പോള്‍ പ്രശ്‌നം ജില്ലാ കളക്ടറുടെ പരിഗണനയിലാണ്. ഇതുവരെ കമ്പനിയില്‍ ഉല്പാദനം ആരംഭിച്ചിട്ടില്ല.
മലിനീകരണം മാരകമാക്കുന്ന ജനവാസ മേഖലകളിലെ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുക, ജനവാസ മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുളള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ശാസ്ത്രീയമായും കാലോചിതമായും പുതുക്കി നിശ്ചയിക്കുക തുടങ്ങിയുളള 12-ഓളം ശിപാര്‍ശകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുളളത്.
രായമംഗലം പഞ്ചായത്തില്‍ കാന്‍സര്‍, ആസ്തമ, അലര്‍ജി രോഗങ്ങള്‍ പെരുകി വരുന്നതായും ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വട്ടയ്ക്കാട്ടുപടി, ഇരിങ്ങോള്‍, ഇരിങ്ങോള്‍ സൗത്ത്, പീച്ചനാംമുകള്‍, രായമംഗലം, പണിക്കരമ്പലം, പറമ്പിപ്പീടിക, കീഴില്ലം, തായ്ക്കര, കോയിക്കത്തോട്, പൂണേലിപ്പടി, പുല്ലുവഴി, മലമുറി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ മലിനീകരണം അനുഭവപ്പെടുന്നത്.
മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കുടിവെളള മലിനീകരണം, കൃഷിനാശം എന്നിവയ്ക്ക് കമ്പനി ഉടമകളും പഞ്ചായത്തും നഷ്ടപരിഹാരം കൊടുക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

മംഗളം 22.06.2014

Saturday, June 21, 2014

ഭര്‍തൃപിതാവിനോടുള്ള വൈരാഗ്യം: വീട്ടമ്മയുടെ പെട്ടിക്കട പൊളിച്ചുമാറ്റാന്‍ നീക്കം


പെരുമ്പാവൂര്‍: ഭര്‍തൃപിതാവ് വിജിലന്‍സിന് പരാതി നല്‍കിയതിന്റെ പക പോക്കാന്‍ ദളിത് വീട്ടമ്മയുടെ പെട്ടിക്കട പൊളിച്ചു മാറ്റുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഇറങ്ങി തിരിച്ചെന്ന് ആരോപണം. 
കുറുപ്പംപടി ബസ് സ്റ്റാന്റില്‍ മുളപ്പന്‍ചിറങ്ങര അംബേദ്കറിന്റെ ഭാര്യ മായ നടത്തുന്ന കട പൊളിച്ചുമാറ്റി പ്രതികാരം ചെയ്യാനാണ് നേതാവിന്റെ ശ്രമം. 
കുറുപ്പംപടി, മുടിക്കരായി ഭാഗങ്ങളിലെ കാന നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും പാടം നികത്തലിനെതിരേയും ഹരിജന്‍ സമാജം അദ്ധ്യക്ഷനായ എം.കെ കുഞ്ഞോല്‍ മാസ്റ്റര്‍ വിജിലന്‍സിന് പ രാതി നല്‍കിയതാണ് നേതാവിനെ ചൊടിപ്പിച്ചത്. 
വനിത ശാക്തീകരണത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ വഴി വിതരണം ചെയ്ത പെട്ടിക്കടക്കെതിരെയാണ് രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍, ഒരു ഭരണ സമിതി അംഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടിക്കൊരുങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ബസ് സ്റ്റാന്റില്‍ ലൈബ്രറി ഹാളിനോട് ചേര്‍ന്ന് കടവെയ്ക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കിയത്. 
അതേതുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന കുഴി സ്വന്തം ചെലവില്‍ നികത്തിയാണ് ഈ പട്ടികജാതി കുടുംബം കട സ്ഥാപിച്ചത്. കടയുടെ വടക്കുവശത്ത് ഒരു ടാര്‍പായ അന്നുതന്നെ വലിച്ചുകെട്ടിയിരുന്നു. ഇത് അനധികൃത നിര്‍മ്മാണമാണ് എന്നാരോപിച്ചാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്. 
അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കുകയും ചെയ്തു. 
കുറുപ്പംപടി ബസ് സ്റ്റാന്റിലും ടൗണിലും രായമംഗലം പഞ്ചായത്തിലും നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടെങ്കിലും അതിനെതിരെയൊന്നും ചെറുവിരല്‍പോലും അനക്കാതെയാണ് പഞ്ചായത്ത് ദളിത് കുടുംബത്തിന്റെ വരുമാനം മുട്ടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ ഭരണ സമിതി അംഗവും സ്ഥലത്തെ കരാറുകാരനുമായ കോണ്‍ഗ്രസ് നേതാവാണെന്നാണ് ആരോപണം.
പട്ടികജാതി കുടുംബത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതി ഏകപക്ഷീയമായി തീരുമാനം എടുത്ത് നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിട്ടുണ്ട്. ടൗണിലെ ഫുട്പാത്തിലൂടെ കാല്‍നടയാത്രപോലും അസാധ്യമാക്കുന്ന നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ദളിത് കുടുംബത്തെ മാത്രം പീഡിപ്പിച്ചാല്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഒ.പി വേലായുധനാചാര്യ, താലൂക്ക് സെക്രട്ടറി പി ദിനേശ് എന്നിവര്‍ മുന്നറിയിപ്പു നല്‍കി.

മംഗളം 21.06.2014

Friday, June 20, 2014

ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ ചേര്‍ത്തതിന് പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയം: ബാലചന്ദ്രന്‍ വടക്കേടത്ത്

പെരുമ്പാവൂര്‍: ചലചിത്രതാരവും എം.പിയുമായ ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ തിരുകികയറ്റിയതിനു പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയമെന്ന് പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.
പാഠപുസ്തകത്തിന്റെ അച്ചടിജോലികള്‍ പോലും പൂര്‍ത്തിയായ ശേഷമാണ്, തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്നസെന്റിന്റെ പുസ്തകത്തിലെ ഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എ.കെ.ജിയുടേയോ ഇ.എം.എസിന്റേയോ ആത്മകഥാ ഭാഗമാണെങ്കില്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. ഇത് ഇന്നസെന്റിനു വേണ്ടി  മറ്റൊരാള്‍ എഴുതിക്കൊടുത്ത ആത്മകഥകൂടിയാണ് എന്ന് വരുമ്പോള്‍ അത് അങ്ങേയറ്റം അപലപനീയമാകുന്നു. ഇതൊക്കെ സഹിക്കേണ്ടത് നമ്മുടെ കുട്ടികളാണെന്നും വടക്കേടത്ത് ചൂണ്ടിക്കാട്ടി.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപ്പെരുമ എന്ന പേരില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന വായനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വടക്കേടത്ത്. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ബേസില്‍ സജീവ് കോശിക്ക് മുന്‍ നഗരസഭ ചെയര്‍മാന്‍ ഡോ.കെ.എ ഭാസ്‌കരന്‍ ഉപഹാരം സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ.ഹരി, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, പോള്‍ പാത്തിക്കല്‍, എന്‍. എ ലുക്മാന്‍, പി.സി ജനിലാല്‍, അഡ്വ.എം.എന്‍ കനകലത, നഗരസഭ സെക്രട്ടറി പി.ജി ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 20.06.2014

Thursday, June 19, 2014

ഓപ്പറേഷന്‍ കുബേര: അദാലത്തില്‍ 36 പരാതി, 12 പേര്‍ക്കെതിരെ കേസ്, ഒരാള്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: കൊള്ളപ്പലിശയ്ക്ക് എതിരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇന്നലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടന്ന അദാലത്തില്‍ 36 പരാതികള്‍ ലഭിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇരിങ്ങോള്‍ അജിത് ഭവന്‍ വിജയനെ(67)യാണ് അദാലത്തിനെ തുടര്‍ന്ന് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിങ്ങോള്‍ സ്വദേശിനി ശ്രീജയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
ശ്രീജ വീടുനിര്‍മ്മാണത്തിന് വേണ്ടി വിജയന്റെ കയ്യില്‍ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ആദ്യം ആറുലക്ഷവും പിന്നീട് 690000 രൂപയും മടക്കി നല്‍കി. എന്നാല്‍ അതിനു ശേഷവും പത്തു ലക്ഷവും പലിശയും നല്‍കണമെന്ന് വിജയന്‍ ആവശ്യപ്പെട്ടുവത്രെ. ഇതിനു വേണ്ടി ഇയാള്‍ പലവട്ടം വീട്ടിലെത്തി ഭീഷണി മുഴക്കിയതായും ശ്രീജ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അദാലത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഏഴു സ്ഥാപനങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല.
റൂറല്‍ എസ്.പി സതീഷ് ബിനോ ഐ.പി.എസ്, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍, സി.ഐ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.

മംഗളം 18.06.2014

Wednesday, June 18, 2014

പവര്‍ കട്ട് നേരത്ത് നടന്ന കൊലപാതകം; പ്രതികള്‍ക്ക് മേല്‍ ഇനിയും വെളിച്ചം വീഴുന്നില്ല

പെരുമ്പാവൂര്‍: പട്ടണത്തെ നടുക്കി പവര്‍ കട്ട് നേരത്ത് നടന്ന കൊലപാതകം നടത്തിയത് ആരെന്ന് അറിയാതെ പോലീസ് ഇപ്പോഴും ഇരുട്ടില്‍.
പോലീസ് സ്റ്റേഷന് നേരെ മുന്നില്‍ മീറ്ററുകള്‍ മാത്രം ദൂരത്ത് ഞായറാഴ്ചയാണ് ഇടുക്കി കരുണാപുരം സ്വദേശി പ്രമോദ് (31) ദാരുണമായി കൊലചെയ്യപ്പെട്ടത്. നീളത്തിലുള്ള വെട്ടുകത്തി കൊണ്ട് വയറിലും മറ്റുമായി ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. വെട്ടേറ്റ് യുവാവിന്റെ ആന്തരിക അവയവങ്ങള്‍ പുറത്തു ചാടിയിരുന്നു. കൊലയ്ക്ക് ശേഷം നീണ്ട വെട്ടുകത്തിയും കൂര്‍ത്ത സ്റ്റീല്‍ കത്തിയും വെള്ളത്തില്‍ കഴുകി വച്ച ശേഷമാണ് കൊലപാതകി മടങ്ങിയത്.
അധിക ജോലിയുടെ പേരില്‍ അവധി ദിവസവും സ്ഥാപനത്തിലേക്ക് പ്രമോദിനെ വിളിച്ചു വരുത്തിയ ഉടമ തിരുവനന്തപുരം സ്വദേശി അശോകനെയാണ് പോലീസ് പ്രഥമദൃഷ്ട്യാ സംശയിച്ചത്. കൊലപാതക വിവരം അറിയിക്കാനെത്തിയ അശോകന്‍ അന്നു തന്നെ പോലീസ് കസ്റ്റഡിയിലായി. ഇയാളെ തുടര്‍ച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല.
അതിനിടെ സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്.പി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരം സംഭവം അന്വേഷിക്കാന്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രമോദിന്റെ നാട്ടിലെ വിവരങ്ങളും അവിടെ ശത്രുക്കളുണ്ടെങ്കില്‍ ആ വിവരവും അന്വേഷിക്കുകയാണ് ആദ്യഘട്ടത്തില്‍ എന്ന് അറിയുന്നു. ഇതിനായി ആറു പേര്‍ അടങ്ങുന്ന അന്വേഷണസംഘം ഇന്ന് ഇടുക്കിയിലേക്ക് തിരിക്കും.
ഒന്നര വര്‍ഷമായി പെരുമ്പാവൂരിലുള്ള പ്രമോദിനെ പറ്റി ഇവിടെ എതിരഭിപ്രായങ്ങളില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാള്‍ അത് നിലച്ചതോടെ തട്ടുകടയില്‍ ജോലി നോക്കിയാണ് ഉപജീവനം നടത്തിയത്. പിന്നീട് കെ.എസ്.ഇ.ബി കുറുപ്പംപടി സെക്ഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ മീറ്റര്‍ റീഡറായി.
അതു കൂടാതെ, ഒഴിവു സമയങ്ങളില്‍ മറ്റു ജോലികള്‍ ചെയ്യാനും ഇയാള്‍ തയ്യാറായിരുന്നു. അങ്ങനെയാണ് ദര്‍ശനം അഡ്വര്‍ട്ടൈസിങ്ങ് കമ്പനിയ്ക്ക് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തത്. കഠിനാദ്ധ്വാനിയായ പ്രമോദിനെ പറ്റി അതിനാല്‍ത്തന്നെ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.
ആളു മാറി നടന്ന കൊലപാതകമാണ് ഇതെന്നും സംശയിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ സാധാരണ ഗതിയില്‍ മുറിയില്‍ സ്ഥാപന ഉടമ മാത്രമാണ് ഉണ്ടാവുക. ഉടമ അശോകന്‍ താമസിച്ചിരുന്നത് ഇതേ മുറിയില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ കൊലപാതകി അശോകനെ ലക്ഷ്യം വച്ചാണ് എത്തിയതെന്ന് കരുതുന്നതില്‍ തെറ്റില്ല. പവര്‍ കട്ടായതിനാല്‍ മുറിയില്‍ വേണ്ടത്ര വെളിച്ചമുണ്ടായിരിക്കില്ല. മാത്രവുമല്ല, പ്രമോദിന് വെട്ടേറ്റത് പിന്നില്‍ നിന്നാണ്. 
എട്ടു മണി വരെ മുറിയിലുണ്ടായിരുന്ന അശോകന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ഊണുകഴിക്കാനുമായി പുറത്തേക്ക് പോയപ്പോഴാണ് കൊലപാതകം. അശോകനെ പ്രതീക്ഷിച്ചു വന്ന കൊലപാതകി ഇരുട്ടില്‍ ആളുമാറി പ്രമോദിനെ വകവരുത്തിയെന്നതാണ്  അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ഒരു നിഗമനം.
അതല്ലെങ്കില്‍, അശോകന്‍ പ്രമോദിനെ വധിക്കാനുള്ള സാഹചര്യമൊരുക്കി കൊടുത്തുവെന്ന ഊഹവും പോലീസിനുണ്ട്. അതുകൊണ്ടൊക്കെയാണ് സ്ഥാപന ഉടമയെ പോലീസ് ഇപ്പോഴും കൂടുതല്‍ സൂക്ഷ്മമായി ചോദ്യം ചെയ്യുന്നത്.

മംഗളം 18.06.2014

കുറുപ്പംപടിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ കെടുകാര്യസ്ഥതയെന്ന് ജനപ്രനിധികളുടെ യോഗം


ഡയറ്റില്‍ പണം മുടക്കിയാല്‍ ഡെഡ് മണി


പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തി (ഡയറ്റ്) ല്‍ കെടുകാര്യസ്ഥതയെന്ന് ജനപ്രതിനിധികളുടെ യോഗം. ഇവിടേയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് ഡെഡ് മണിയാകുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഡയറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
നാളുകള്‍ക്ക് മുമ്പാണ് ഇവിടെ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര താഴെ വീണത്. പുരാവസ്തു മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന മുറിക്കുള്ളില്‍ ആ സമയം കുട്ടികളോ അദ്ധ്യാപകരോ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇതിനു തൊട്ടു പിന്നാലെയാണ് ഡയറ്റ് വളപ്പില്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയ ആല്‍മരത്തിന് മേല്‍ പരിസ്ഥിതി ദിനത്തിന്റെ രണ്ടു ദിവസം മുമ്പ് ഒരു അദ്ധ്യാപകന്‍ കോടാലി വച്ചത്. ഇത് ലോകപരിസ്ഥിതി ദിനാചരണ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ രണ്ടു സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളുടെ സംഘം ഡയറ്റ് സന്ദര്‍ശിച്ചത്. ഡയറ്റിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി വീഴ്ചകള്‍ ജനപ്രതിനിധികള്‍ കണ്ടെത്തി.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാലുനില കെട്ടിടം പോലും ഇതേവരെ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ ഇനി പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിക്കേണ്ടതില്ലെന്ന് ഡയറ്റില്‍ പിന്നീട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പഴയ കെട്ടിടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. കൂടുതല്‍ പഴക്കം ചെന്ന രണ്ടു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കാനും തീരുമാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് , ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സോമന്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സാജിത സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, മെമ്പര്‍മാരായ കെ.കെ ശിവന്‍, സജി പടയാട്ടില്‍  തുടങ്ങിയവരാണ് ഡയറ്റ് സന്ദര്‍ശിച്ചത്.

മംഗളം 18.06.2014

വഴിയോര പാന്‍മസാല കച്ചവടം ഒഴിപ്പിച്ചു

പെരുമ്പാവൂര്‍: പട്ടണത്തില്‍ നടന്നുവന്ന വഴിയോര പാന്‍മസാല കച്ചവടം നഗരസഭയുടെ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു.
അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പി പി റോഡിലെ വീര്യം കൂടിയ പാന്‍മസാലകളുടെ കച്ചവടമാണ് ഇന്നലെ ഒഴിപ്പിച്ചത്. അന്യദേശക്കാര്‍ക്ക് പുറമെ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ ഈ പാന്‍ മസാലയുടെ ഉപഭോക്താക്കളായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. 

മംഗളം 18.06.2014

പെരുമ്പാവൂരില്‍ വീണ്ടും ബ്രൗണ്‍ഷുഗര്‍ പിടികൂടി

പെരുമ്പാവൂര്‍: പട്ടമത്തില്‍ നിന്ന് ഇന്നലെ വീണ്ടും എക്‌സൈസ് സംഘം ബ്രൗണ്‍ഷുഗര്‍ പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ ബഹ്‌റാന്‍കൂര്‍ താല്ലൂക്കില്‍ മുഹമ്മദ് ആസാദ് മണ്ഡല്‍ (33), റായ്പൂര്‍ താലൂക്കില്‍ അബ്ദുള്‍ ഹന്നന്‍ മണ്ഡല്‍ (42) എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ മൂന്നു ലക്ഷം രൂപയോളം വിലവരുന്ന 27 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുര്‍ഷിദാബാദ് സ്വദേശി മിന്റു വിശ്വാസി (24)ല്‍ നിന്നും 39 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടിയിരുന്നു. ഒരു പാക്കറ്റിന് ഏകദേശം 2500 രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ഇന്നലെ ഉച്ചയ്ക്ക് കടുവാള്‍ ഭാഗത്തു വില്‍പന നടത്തുമ്പോഴാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ഐ ഷൈബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആസാദിനേയും അബ്ദുള്‍ ഹന്നനേയും പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tuesday, June 17, 2014

മിന്നല്‍ പരിശോധന: പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ക്യാന്റീനില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

രണ്ടു സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദ്ദേശം


പെരുമ്പാവൂര്‍: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി കാന്റീനില്‍ നിന്നും ഗവ. ആശുപത്രിയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന മാതാ ടീ സ്റ്റാളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചു.  ഇരു സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.
മഴക്കാല പൂര്‍വ്വ ശുചീകരണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി കാന്റീനും  മാതാ ടീ സ്റ്റാളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. ഇരു സ്ഥാപനങ്ങള്‍ക്കെതിരെയും  പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളും സ്വീകരിച്ചു. 
നഗരത്തിന്റെ വിവിധ  ഭാഗങ്ങളില്‍ പരിശോധനകള്‍ ഇനിയും തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മംഗളം 17.06.2014

യുവാവിന്റെ കൊലപാതകം: ദുരൂഹത പത്തംഗ അന്വേഷണസംഘം രൂപീകരിച്ചു

പെരുമ്പാവൂര്‍: പട്ടണത്തില്‍ ഞായറാഴ്ച രാത്രി നടന്ന യുവാവിന്റെ കൊലപാതകത്തേപ്പറ്റി അന്വേഷിക്കാന്‍ പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചു. റൂറല്‍ എസ്.പി സതീഷ് ബിനോ സംഭവസ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇടുക്കി കരുണാപുരം കൂട്ടാര്‍ കുഴിത്തൊളു ചെല്ലുവേലില്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ പ്രമോദ് (31) ആണ് കൊലചെയ്യപ്പെട്ടത്. കാലടി കവലക്ക് സമീപം വാരിക്കാട്ട് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനം അഡ്വര്‍ടൈസിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വയറില്‍ ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. സംഭവത്തേതുടര്‍ന്ന് സ്ഥാപന ഉടമ തിരുവനന്തപുരം പാങ്ങോട് സ്വദേശി അശോകനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുറുപ്പംപടി കെ.എസ്.ഇ.ബി സെക്ഷനില്‍ മീറ്റര്‍ റീഡറായ പ്രമോദ് പെരുമ്പാവൂരില്‍ എത്തുന്നത് ഒന്നര വര്‍ഷം മുമ്പാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് അടുത്ത് വാടകക്ക് ഭാര്യ സുമിതയ്‌ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. മീറ്റര്‍ റീഡിങ്ങ്  കഴിഞ്ഞ് പ്രമോദ് പല ജോലികള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ദര്‍ശനം അഡ്വര്‍ട്ടൈസിങ്ങ് എന്ന സ്ഥാപനത്തിലെ പാര്‍ട്ട് ടൈം ജീവനക്കാരനാകുന്നത്. 
സംഭവം നടന്ന ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് അശോകന്‍ സ്ഥാപനത്തില്‍ അധിക ജോലി ഉള്ളതിനാല്‍ പ്രമോദിനെ ഫോണില്‍ വിളിച്ചിരുന്നു. ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വീണ്ടും വൈകിട്ട് 7.22 ന് വിളിച്ചു. 7.40 ന് പ്രമോദ് സ്ഥാപനത്തില്‍ എത്തി. ചെയ്യാനുള്ള ജോലികള്‍ ഏല്‍പ്പിച്ച ശേഷം മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ അശോകന്‍ 8.15 ന് പുറത്തേക്ക് പോയി. 8.50 ന് തിരിച്ചുവന്നപ്പോള്‍ പ്രമോദ് വെട്ടേറ്റ് മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് അശോകന്‍ പോലീസിന് നല്‍കിയ മൊഴി. ആഴത്തിലുള്ള വെട്ടേറ്റ് ഇയാളുടെ കുടല്‍മാല പുറത്തു ചാടിയ നിലയിലായിരുന്നു.
മൃതദ്ദേഹം കണ്ട ഉടനെതന്നെ അശോകന്‍ 200 മീറ്റര്‍ മാത്രം ദൂരത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി വിവരം ധരിപ്പിച്ചു. സംഭവം നടന്ന മുറിയില്‍ നിന്നും നീളമുള്ള വെട്ടുകത്തിയും കൂര്‍ത്ത സ്റ്റീല്‍ കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അശോകനെ രാത്രി മുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

മംഗളം 17.06.2014

Monday, June 16, 2014

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍

പെരുമ്പാവൂര്‍: എം.സി റോഡിലുള്ള ദര്‍ശന അഡ്വര്‍ടൈസിങ്ങ് കമ്പനി ജീവനക്കാരനായ ഇടുക്കി സ്വദേശി പ്രമോദി (35) നെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി 8.30ന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോട് സ്വദേശി അശോകന്‍ കസ്റ്റഡിയിലായിട്ടുണ്ട്. 

മംഗളം 16.06.2014

അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ പിടികൂടി

പെരുമ്പാവൂര്‍: മാവിന്‍ചുവടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ പിടികൂടി. 
ഒറീസ മുര്‍ഷിദാബാദ് സ്വദേശി മിന്റു വിശ്വാസി(24)ല്‍ നിന്നുമാണ് 39 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഒരു പാക്കറ്റിന് ഏകദേശം 2500 രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് പ്രതി മാവിന്‍ചുവടില്‍ താമസമാക്കിയത്. ഒരുമാസം മുമ്പ് ഇയാള്‍ നാട്ടില്‍പോയി വന്നിരുന്നു. അവിടെനിന്നും കൊണ്ടുവന്നതാണ് ബ്രൗണ്‍ ഷുഗറെന്ന് പറയുന്നു. 
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനികളിലും നിര്‍മ്മാണ മേഖലകളിലും പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് ബ്രൗണ്‍ ഷുഗര്‍ വിറ്റിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം കാസിമിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍മാരായ പി.എ മീരാന്‍, പിഎം ഷംസുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, ഒ.എന്‍ അജയകുമാര്‍, പി.ജി പ്രകാശ്, എം.വി ബിജു, വേലായുധന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

മംഗളം 16.06.2014

Saturday, June 14, 2014

കുറുപ്പംപടി ടൗണ്‍ വികസനം അകലെ

ബി. രാജീവ്

കുറുപ്പംപടി: ആലുവ-മൂന്നാര്‍ റോഡും കീഴില്ലം -കുറിച്ചിലക്കോട് റോഡും സന്ധിക്കുന്ന കുറുപ്പംപടി ടൗണിന്റെ വികസനം പാഴ്‌വാക്കാകുന്നു. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടം, മുടക്കുഴ, രായമംഗലം, അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകളുടെ സംഗമകേന്ദ്രം തുടങ്ങിയ ഒട്ടേറെ സവിശേഷതകളുളള പട്ടണം അവഗണനയിലാണ്.
ബാലാരിഷ്ടതകള്‍ വിട്ടുമാറാത്ത ബസ് സ്റ്റാന്‍ഡാണ് ടൗണിന്റെ പ്രധാന പോരായ്മ. 
രായമംഗലം പഞ്ചായത്ത് പണികഴിപ്പിച്ച ബസ് സ്റ്റാന്‍ഡില്‍ പേരിനു മാത്രമാണ് ബസ്സുകള്‍ കയറുന്നത്. നാട്ടുകാരും വ്യാപാരികളും ബസ്സുകള്‍ തടഞ്ഞ് സമരം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയാണ് ഇതിനുളള പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹന ഗതാഗത വകുപ്പില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നോ ഇതിനായി ശക്തമായ നടപടികളുണ്ടാവുന്നില്ല.
മഴയും വെയിലും കൊള്ളാതെ യാത്രക്കാര്‍ക്ക് നില്‍ക്കാനുളള സൗകര്യങ്ങളും അപര്യാപ്തമാണ്.
സ്റ്റാന്റിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. ഇതിനെല്ലാം പരിഹാരമെന്നവണ്ണം അഞ്ച് കോടി രൂപ ചെലവില്‍ പഞ്ചായത്ത് തിയേറ്റര്‍ ബസ് സ്റ്റാന്‍ഡ് വ്യാപാര സമുച്ചയത്തിന് പദ്ധതി ആലോചിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അതൊരു വിദൂര സ്വപ്നമാണ്.
ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെളളമില്ലാത്തതാണ് പ്രശ്‌നം. പഞ്ചായത്ത് വക മാര്‍ക്കറ്റ് ഷോപ്പിംഗ് കോപ്ലക്‌സിലും മൂത്രപ്പുര നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വെളളമില്ലാത്തതിനാല്‍ തുറക്കാറില്ല. ഇവിടെ സ്ഥാപിച്ചിരുന്ന ജലസംഭരണി ഒരു പഞ്ചായത്തംഗം എടുത്തുകൊണ്ടുപോയതായാണ് വ്യാപാരികളുടെ ആരോപണം. അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കുളള പാലംപണി പുരോഗമിക്കുന്നത് കീഴില്ലം - കുറിച്ചിലക്കോട് റോഡ് അവസാനിക്കുന്നിടത്താണ്. പാലം യാഥാര്‍ഥ്യമാവുന്നതോടെ വികസനസാധ്യതയേറുന്ന ഈ റോഡില്‍ ടൗണിലെ കൈയേറ്റങ്ങളും അനധികൃത കെട്ടിനിര്‍മ്മാണവും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട പൗലോസ് കോറെപ്പിസ്‌കോപ്പ ബൈപ്പാസ് റോഡ് വികസനം നടപ്പായില്ല. ആസ്പത്രി ജംഗ്ഷന്‍ മുതല്‍ കത്തീഡ്രല്‍ വരെ എ.എം റോഡിന് സമാന്തരമായി 500 മീറ്റര്‍ നീളത്തിലുളളതാണ് ഈ ബൈപ്പാസ്. കത്തീഡ്രലിന് സമീപം 30 മീറ്ററോളം ദൂരം റോഡ് കൈയേറിയിട്ടുണ്ട്. 
പട്ടണനടുവില്‍ അടുത്തിടെ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ആകെയുണ്ടായ വികസനം. രാത്രി വൈദ്യുതിയില്ലാത്ത സമയത്ത് വിളക്കുകാല്‍ ശ്രദ്ധയില്‍പ്പെടുന്നതിനായി ഇതില്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. മഴക്കാലമായതോടെ രാത്രി അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ബസ് സ്റ്റാന്‍ഡിലും ആസ്പത്രി ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് വ്യപാരികള്‍ ആവശ്യപ്പെട്ടു. 
വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന്  മാലിന്യം നീക്കം ചെയ്യാന്‍ പൊതുസംവിധാനമില്ല. ടൗണിനടുത്തെ ആളൊഴിഞ്ഞ പറമ്പുകളിലാണ് ഇപ്പോള്‍ മാലിന്യനിക്ഷേപം. റോഡരികിലെ കാനകള്‍ മാലിന്യം കുന്നുകൂടി അടഞ്ഞുകിടക്കുന്നു. കാനകള്‍ വൃത്തിയാക്കി മുകളില്‍ സ്ലാബുകള്‍ നിരത്തി നടപ്പാത ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലയാറ്റൂര്‍, മേതല, കല്ലില്‍ ഗുഹാ ഭഗവതി ക്ഷേത്രം, മര്‍ത്തമറിയം കത്തീഡ്രല്‍, കോടനാട് ആനക്കളരി, പാണിയേലി പോര്, തുടങ്ങിയ തീര്‍ത്ഥാടന - വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുളള കവാടം കൂടിയാണ് ടൗണ്‍.
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, റീജണല്‍ പൗള്‍ട്രി ഫാം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
സമീപമുളള കാര്‍ഷികഗ്രാമങ്ങള്‍ക്കുവേണ്ടി ടൗണില്‍ പൊതുവിപണി തുടങ്ങണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പംപടിയില്‍ പ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇഞ്ചിപ്പുല്‍തൈലം വിപണനകേന്ദ്രം ഇപ്പോള്‍ നാമമാത്രമായി. ഇഞ്ചിപ്പുല്ലിന്റെ കാലം അസ്തമിച്ചതോടെ ലെമണ്‍ ഗ്രാസ് ഓയില്‍ സൊസൈറ്റിയുടെ മുഖ്യവ്യാപാരം ഇപ്പോള്‍ റബ്ബറാണ്. 
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലെ തിരക്കുമൂലം അപകടങ്ങള്‍ പതിവായ എ.എം റോഡിലെ തിയേറ്റര്‍ ജംഗ്ഷനില്‍ നിന്ന് വില്പനശാല മാറ്റിസ്ഥാപിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനവും വാക്കിലൊതുങ്ങി. നാല് മാസം മുമ്പ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്‌ക്കൂള്‍ അദ്ധ്യാപിക ഇവിടെ ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായപ്പോഴാണ് വില്പനശാല ഒരു മാസത്തിനുളളില്‍ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയത്.

മാതൃഭൂമി 14.06.2014

  

ട്രാവന്‍കൂര്‍ റയോണ്‍സ്: 2012 മെയ് മുതല്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് പി.എഫ് ആനുകൂല്യം നല്‍കാന്‍ ധാരണയായി

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ നിന്നും 2012 മെയ് മാസം മുതല്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം നല്‍കാന്‍ ധാരണയായി.
2001 ജൂലൈ മാസം അടച്ചുപൂട്ടിയ റയോണ്‍സില്‍ നിന്നും 2012 ഏപ്രില്‍ വരെ പിരിഞ്ഞുപോയവര്‍ക്കാണ് പി.എഫ് ആനുകൂല്യം ലഭിച്ചിരുന്നത്. അത് 75 ശതമാനം മാത്രമായിരുന്നു. 2012 മെയ് മുതല്‍ പിരിഞ്ഞവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റയോണ്‍സിലെ തൊഴിലാളി യൂണിയനുകള്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷര്‍ക്കും കമ്പനി മാനേജര്‍ക്കും കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രൊഫവിഡന്റ് ഫണ്ട് കമ്മീഷണര്‍ പി ഗോപാലകൃഷ്ണനും റയോണ്‍സ് എം.ഡി ജെ ജയകൃഷ്ണനുമായി തൊഴിലാളി നേതാക്കള്‍ക്ക് ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചത്. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പി.എഫ് ആനുകൂല്യം മുന്‍ഗണനാ ക്രമത്തില്‍ കൊടുക്കുവാന്‍ തീരുമാനമായത്.
ട്രേഡ് യൂണിയന്‍ നേതാക്കളായ എ.പി മത്തായി, ജി സുനില്‍കുമാര്‍, കെ.കെ അഷറഫ്, പി.എസ് വേണുഗോപാല്‍, കമ്പനി പി.ആര്‍.ഒ പി.വി സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി തൊഴിലാളികള്‍ കമ്പനിയില്‍ നിന്ന് ഫോറം 19 പൂരിപ്പിച്ച് നല്‍കണമെന്ന് പി.എഫ് കമ്മീഷണറും റയോണ്‍സ് എം.ഡിയും അറിയിച്ചു.

മംഗളം 14.06.2014


Thursday, June 12, 2014

ചാനല്‍ റിസപ്ഷനിസ്റ്റിന്റെ ആത്മഹത്യ: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: സ്വകാര്യ ചാനല്‍ റിസപ്ഷനിസ്റ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു.
ഒറ്റപ്പാലം പേരൂര്‍ ചിറ്റടയില്‍ വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഷമീര്‍ (21), വെങ്ങോല മണ്ണൂപ്പറമ്പില്‍ വീട്ടില്‍ ഹസൈനാറിന്റെ മകന്‍ അജാസ് (പാച്ചു 25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
നെല്ലിമോളം വെട്ടിക്കാലില്‍ നാരായണന്‍ നായരുടെ മകള്‍, ആത്മഹത്യ ചെയ്ത അമ്മു എന്ന് വിളിക്കുന്ന അശ്വതി (22)യും അജാസും തമ്മില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അടുപ്പത്തിലായിരുന്നു. കളമശ്ശേരിയില്‍ പെണ്‍കുട്ടിയ്ക്ക് ജോലി കിട്ടിയപ്പോള്‍ അടുത്ത സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറായിരുന്ന ഷമീറുമായി പരിചയത്തിലായി. ഇവര്‍ പലയിടങ്ങളിലും കറങ്ങി നടക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
അജാസ് ഇരുവരേയും തെറ്റിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിനിടെ ഷമീര്‍ എടുത്ത ചില ഫോട്ടോകള്‍ ഫെയ്‌സ് ബുക്ക് മെസേജ് വഴി അജാസിന് കൈമാറി. ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന് അശ്വതി ഭയന്നിരുന്നു. ഫോട്ടോ നശിപ്പിക്കണമെന്ന് അശ്വതി ഷമീറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. അതിന് വലിയ തുക വേണമെന്ന് ഷമീര്‍ ആവശ്യപ്പെട്ടതായി അജാസ്  അറിയിച്ചതോടെയാണ് അശ്വതി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായതെന്ന് പോലീസ് പറയുന്നു.
കുറുപ്പംപടി എസ്.ഐ സൈജു കെ പോള്‍, എ.എസ്.ഐ പി.സി വറുഗീസ്, സന്തോഷ് കുമാര്‍, ബഷീര്‍, സാബു, ജയന്‍, ജയചന്ദ്രന്‍, അജയകുമാര്‍, അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മംഗളം 12.06.2014

സ്വകാര്യ ടി.വി ചാനലിലെ റിസപ്ഷനിസ്റ്റ് തൂങ്ങിമരിച്ച നിലയില്‍

പെരുമ്പാവൂര്‍: സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിസപ്ഷനിസ്റ്റ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലിയില്‍.
രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിനുസമീപം വെട്ടിയ്ക്കാലില്‍ നാരായണന്‍ നായരുടെ മകള്‍ അശ്വതി (അമ്മു-22) ആണ് മരിച്ചത്. ഇന്നലെ രാവിലെ അശ്വതി ഫോണില്‍ ആരോടൊ ഉറക്കെ സംസാരിക്കുന്നത് അയല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മുറിയ്ക്കകത്തു കയറി വാതിലടച്ച പെണ്‍കുട്ടി സാരി ഉപയോഗിച്ച് കെട്ടി തൂങ്ങുകയായിരുന്നു.
ആത്മഹത്യക്കു മുമ്പ് പെണ്‍കുട്ടി എഴുതിയ കത്തില്‍ തന്റെ മരണത്തിന് വെങ്ങോല സ്വദേശിയായ യുവാവാണ് ഉത്തരവാദിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവ് തന്നെ നാളുകളായി ബ്ലാക്‌മെയില്‍ ചെയ്യാറുണ്ടെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 
മൃതദ്ദേഹം ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അമ്മ സരോജം.  സഹോദരി രേവതി.

മംഗളം 11.06.2014