പെരുമ്പാവൂര്‍: ഭര്‍തൃപിതാവ് വിജിലന്‍സിന് പരാതി നല്‍കിയതിന്റെ പക പോക്കാന്‍ ദളിത് വീട്ടമ്മയുടെ പെട്ടിക്കട പൊളിച്ചു മാറ്റുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഇറങ്ങി തിരിച്ചെന്ന് ആരോപണം.
കുറുപ്പംപടി ബസ് സ്റ്റാന്റില്‍ മുളപ്പന്‍ചിറങ്ങര അംബേദ്കറിന്റെ ഭാര്യ മായ നടത്തുന്ന കട പൊളിച്ചുമാറ്റി പ്രതികാരം ചെയ്യാനാണ് നേതാവിന്റെ ശ്രമം.
കുറുപ്പംപടി, മുടിക്കരായി ഭാഗങ്ങളിലെ കാന നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും പാടം നികത്തലിനെതിരേയും ഹരിജന്‍ സമാജം അദ്ധ്യക്ഷനായ എം.കെ കുഞ്ഞോല്‍ മാസ്റ്റര്‍ വിജിലന്‍സിന് പ രാതി നല്‍കിയതാണ് നേതാവിനെ ചൊടിപ്പിച്ചത്.
വനിത ശാക്തീകരണത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ വഴി വിതരണം ചെയ്ത പെട്ടിക്കടക്കെതിരെയാണ് രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍, ഒരു ഭരണ സമിതി അംഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടിക്കൊരുങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ബസ് സ്റ്റാന്റില്‍ ലൈബ്രറി ഹാളിനോട് ചേര്‍ന്ന് കടവെയ്ക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കിയത്.
അതേതുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന കുഴി സ്വന്തം ചെലവില്‍ നികത്തിയാണ് ഈ പട്ടികജാതി കുടുംബം കട സ്ഥാപിച്ചത്. കടയുടെ വടക്കുവശത്ത് ഒരു ടാര്‍പായ അന്നുതന്നെ വലിച്ചുകെട്ടിയിരുന്നു. ഇത് അനധികൃത നിര്‍മ്മാണമാണ് എന്നാരോപിച്ചാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്.
അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കുകയും ചെയ്തു.
കുറുപ്പംപടി ബസ് സ്റ്റാന്റിലും ടൗണിലും രായമംഗലം പഞ്ചായത്തിലും നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടെങ്കിലും അതിനെതിരെയൊന്നും ചെറുവിരല്‍പോലും അനക്കാതെയാണ് പഞ്ചായത്ത് ദളിത് കുടുംബത്തിന്റെ വരുമാനം മുട്ടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ ഭരണ സമിതി അംഗവും സ്ഥലത്തെ കരാറുകാരനുമായ കോണ്‍ഗ്രസ് നേതാവാണെന്നാണ് ആരോപണം.
പട്ടികജാതി കുടുംബത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതി ഏകപക്ഷീയമായി തീരുമാനം എടുത്ത് നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിട്ടുണ്ട്. ടൗണിലെ ഫുട്പാത്തിലൂടെ കാല്‍നടയാത്രപോലും അസാധ്യമാക്കുന്ന നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ദളിത് കുടുംബത്തെ മാത്രം പീഡിപ്പിച്ചാല്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഒ.പി വേലായുധനാചാര്യ, താലൂക്ക് സെക്രട്ടറി പി ദിനേശ് എന്നിവര്‍ മുന്നറിയിപ്പു നല്‍കി.
മംഗളം 21.06.2014
No comments:
Post a Comment