Friday, June 20, 2014

ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ ചേര്‍ത്തതിന് പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയം: ബാലചന്ദ്രന്‍ വടക്കേടത്ത്

പെരുമ്പാവൂര്‍: ചലചിത്രതാരവും എം.പിയുമായ ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ തിരുകികയറ്റിയതിനു പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയമെന്ന് പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.
പാഠപുസ്തകത്തിന്റെ അച്ചടിജോലികള്‍ പോലും പൂര്‍ത്തിയായ ശേഷമാണ്, തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്നസെന്റിന്റെ പുസ്തകത്തിലെ ഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എ.കെ.ജിയുടേയോ ഇ.എം.എസിന്റേയോ ആത്മകഥാ ഭാഗമാണെങ്കില്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. ഇത് ഇന്നസെന്റിനു വേണ്ടി  മറ്റൊരാള്‍ എഴുതിക്കൊടുത്ത ആത്മകഥകൂടിയാണ് എന്ന് വരുമ്പോള്‍ അത് അങ്ങേയറ്റം അപലപനീയമാകുന്നു. ഇതൊക്കെ സഹിക്കേണ്ടത് നമ്മുടെ കുട്ടികളാണെന്നും വടക്കേടത്ത് ചൂണ്ടിക്കാട്ടി.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപ്പെരുമ എന്ന പേരില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന വായനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വടക്കേടത്ത്. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ബേസില്‍ സജീവ് കോശിക്ക് മുന്‍ നഗരസഭ ചെയര്‍മാന്‍ ഡോ.കെ.എ ഭാസ്‌കരന്‍ ഉപഹാരം സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ.ഹരി, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, പോള്‍ പാത്തിക്കല്‍, എന്‍. എ ലുക്മാന്‍, പി.സി ജനിലാല്‍, അഡ്വ.എം.എന്‍ കനകലത, നഗരസഭ സെക്രട്ടറി പി.ജി ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 20.06.2014

1 comment:

Unknown said...

സുരേഷ്, പെരുമ്പാവൂരിലെ വാർത്തകൾ പതിവായി അറിയിക്കുന്നതിനു നന്ദി. ഒരു എളിയ അഭിപ്രായം പറഞ്ഞോട്ടെ.

"പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപ്പെരുമ എന്ന പേരില്‍ വായനാഘോഷം നടക്കുന്നു" എന്നതായിരുന്നു വാർത്ത ആവേണ്ടിയിരുന്നത്, അതിനേ പറ്റിയുള്ള കൂടുതൽ വിവരങ്ങളോടൊപ്പം.

അതിനു പകരം അതിൽ പ്രസംഗിച്ച ഒരാൾ പറഞ്ഞ രാഷ്ട്രീയ മുനയുള്ള വാക്കുകൾ തലക്കെട്ടാക്കണ്ടായിരുന്നു.