ബി. രാജീവ്
കുറുപ്പംപടി: ആലുവ-മൂന്നാര്‍ റോഡും കീഴില്ലം -കുറിച്ചിലക്കോട് റോഡും സന്ധിക്കുന്ന കുറുപ്പംപടി ടൗണിന്റെ വികസനം പാഴ്വാക്കാകുന്നു. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടം, മുടക്കുഴ, രായമംഗലം, അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകളുടെ സംഗമകേന്ദ്രം തുടങ്ങിയ ഒട്ടേറെ സവിശേഷതകളുളള പട്ടണം അവഗണനയിലാണ്.
ബാലാരിഷ്ടതകള്‍ വിട്ടുമാറാത്ത ബസ് സ്റ്റാന്‍ഡാണ് ടൗണിന്റെ പ്രധാന പോരായ്മ.
രായമംഗലം പഞ്ചായത്ത് പണികഴിപ്പിച്ച ബസ് സ്റ്റാന്‍ഡില്‍ പേരിനു മാത്രമാണ് ബസ്സുകള്‍ കയറുന്നത്. നാട്ടുകാരും വ്യാപാരികളും ബസ്സുകള്‍ തടഞ്ഞ് സമരം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയാണ് ഇതിനുളള പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹന ഗതാഗത വകുപ്പില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നോ ഇതിനായി ശക്തമായ നടപടികളുണ്ടാവുന്നില്ല.
മഴയും വെയിലും കൊള്ളാതെ യാത്രക്കാര്‍ക്ക് നില്‍ക്കാനുളള സൗകര്യങ്ങളും അപര്യാപ്തമാണ്.
സ്റ്റാന്റിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. ഇതിനെല്ലാം പരിഹാരമെന്നവണ്ണം അഞ്ച് കോടി രൂപ ചെലവില്‍ പഞ്ചായത്ത് തിയേറ്റര്‍ ബസ് സ്റ്റാന്‍ഡ് വ്യാപാര സമുച്ചയത്തിന് പദ്ധതി ആലോചിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അതൊരു വിദൂര സ്വപ്നമാണ്.
ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെളളമില്ലാത്തതാണ് പ്രശ്നം. പഞ്ചായത്ത് വക മാര്‍ക്കറ്റ് ഷോപ്പിംഗ് കോപ്ലക്സിലും മൂത്രപ്പുര നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വെളളമില്ലാത്തതിനാല്‍ തുറക്കാറില്ല. ഇവിടെ സ്ഥാപിച്ചിരുന്ന ജലസംഭരണി ഒരു പഞ്ചായത്തംഗം എടുത്തുകൊണ്ടുപോയതായാണ് വ്യാപാരികളുടെ ആരോപണം. അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കുളള പാലംപണി പുരോഗമിക്കുന്നത് കീഴില്ലം - കുറിച്ചിലക്കോട് റോഡ് അവസാനിക്കുന്നിടത്താണ്. പാലം യാഥാര്‍ഥ്യമാവുന്നതോടെ വികസനസാധ്യതയേറുന്ന ഈ റോഡില്‍ ടൗണിലെ കൈയേറ്റങ്ങളും അനധികൃത കെട്ടിനിര്‍മ്മാണവും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട പൗലോസ് കോറെപ്പിസ്കോപ്പ ബൈപ്പാസ് റോഡ് വികസനം നടപ്പായില്ല. ആസ്പത്രി ജംഗ്ഷന് മുതല്‍ കത്തീഡ്രല്‍ വരെ എ.എം റോഡിന് സമാന്തരമായി 500 മീറ്റര്‍ നീളത്തിലുളളതാണ് ഈ ബൈപ്പാസ്. കത്തീഡ്രലിന് സമീപം 30 മീറ്ററോളം ദൂരം റോഡ് കൈയേറിയിട്ടുണ്ട്.
പട്ടണനടുവില്‍ അടുത്തിടെ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ആകെയുണ്ടായ വികസനം. രാത്രി വൈദ്യുതിയില്ലാത്ത സമയത്ത് വിളക്കുകാല് ശ്രദ്ധയില്പ്പെടുന്നതിനായി ഇതില്‍ റിഫ്ളക്ടര് സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. മഴക്കാലമായതോടെ രാത്രി അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ബസ് സ്റ്റാന്‍ഡിലും ആസ്പത്രി ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് വ്യപാരികള്‍ ആവശ്യപ്പെട്ടു.
വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ പൊതുസംവിധാനമില്ല. ടൗണിനടുത്തെ ആളൊഴിഞ്ഞ പറമ്പുകളിലാണ് ഇപ്പോള്‍ മാലിന്യനിക്ഷേപം. റോഡരികിലെ കാനകള്‍ മാലിന്യം കുന്നുകൂടി അടഞ്ഞുകിടക്കുന്നു. കാനകള്‍ വൃത്തിയാക്കി മുകളില്‍ സ്ലാബുകള്‍ നിരത്തി നടപ്പാത ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലയാറ്റൂര്‍, മേതല, കല്ലില്‍ ഗുഹാ ഭഗവതി ക്ഷേത്രം, മര്‍ത്തമറിയം കത്തീഡ്രല്‍, കോടനാട് ആനക്കളരി, പാണിയേലി പോര്, തുടങ്ങിയ തീര്‍ത്ഥാടന - വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുളള കവാടം കൂടിയാണ് ടൗണ്‍.
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, റീജണല്‍ പൗള്‍ട്രി ഫാം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
സമീപമുളള കാര്‍ഷികഗ്രാമങ്ങള്‍ക്കുവേണ്ടി ടൗണില്‍ പൊതുവിപണി തുടങ്ങണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പംപടിയില്‍ പ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇഞ്ചിപ്പുല്‍തൈലം വിപണനകേന്ദ്രം ഇപ്പോള്‍ നാമമാത്രമായി. ഇഞ്ചിപ്പുല്ലിന്റെ കാലം അസ്തമിച്ചതോടെ ലെമണ്‍ ഗ്രാസ് ഓയില്‍ സൊസൈറ്റിയുടെ മുഖ്യവ്യാപാരം ഇപ്പോള്‍ റബ്ബറാണ്.
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലെ തിരക്കുമൂലം അപകടങ്ങള്‍ പതിവായ എ.എം റോഡിലെ തിയേറ്റര്‍ ജംഗ്ഷനില്‍ നിന്ന് വില്പനശാല മാറ്റിസ്ഥാപിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനവും വാക്കിലൊതുങ്ങി. നാല് മാസം മുമ്പ് സ്കൂട്ടര്‍ യാത്രക്കാരിയായ സ്ക്കൂള് അദ്ധ്യാപിക ഇവിടെ ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായപ്പോഴാണ് വില്പനശാല ഒരു മാസത്തിനുളളില്‍ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയത്.
മാതൃഭൂമി 14.06.2014
1 comment:
"ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെളളമില്ലാത്തതാണ് പ്രശ്നം. സ്റ്റാന്റിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനും ശാശ്വത പരിഹാരമുണ്ടായിട്ടില്ല."
നല്ല സുന്ദരമായ ഒരു ചിറ നികത്തിയാണ് ഈ സ്റ്റാന്റ് പണിതത്. ഇങ്ങനെ ഒക്കെയേ വരൂ. ഇതിനു പരിസ്ഥിതി clearance കൊടുത്തത് ആരാണ്? പ്രകൃതിയോടു ചുമതലാ ബോധം ഇല്ലാതെയുള്ള നമ്മുടെ കടന്നു കയറ്റത്തിന്റെ വലിയ ഒരു ഉദാഹരണമായി നമ്മളെ നോക്കി പല്ലിളിച്ചു കൊണ്ട് നിക്കട്ടെ ഈ ബസ് സ്റ്റാന്റ്.
Post a Comment