പെരുമ്പാവൂര്‍: കൊള്ളപ്പലിശയ്ക്ക് എതിരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന് കുബേരയുടെ ഭാഗമായി ഇന്നലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടന്ന അദാലത്തില്‍ 36 പരാതികള്‍ ലഭിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇരിങ്ങോള്‍ അജിത് ഭവന് വിജയനെ(67)യാണ് അദാലത്തിനെ തുടര്‍ന്ന് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിങ്ങോള്‍ സ്വദേശിനി ശ്രീജയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
ശ്രീജ വീടുനിര്‍മ്മാണത്തിന് വേണ്ടി വിജയന്റെ കയ്യില്‍ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ആദ്യം ആറുലക്ഷവും പിന്നീട് 690000 രൂപയും മടക്കി നല്കി. എന്നാല്‍ അതിനു ശേഷവും പത്തു ലക്ഷവും പലിശയും നല്‍കണമെന്ന് വിജയന് ആവശ്യപ്പെട്ടുവത്രെ. ഇതിനു വേണ്ടി ഇയാള്‍ പലവട്ടം വീട്ടിലെത്തി ഭീഷണി മുഴക്കിയതായും ശ്രീജ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അദാലത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഏഴു സ്ഥാപനങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല.
റൂറല്‍ എസ്.പി സതീഷ് ബിനോ ഐ.പി.എസ്, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്, സി.ഐ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
മംഗളം 18.06.2014
No comments:
Post a Comment