പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, June 18, 2014

കുറുപ്പംപടിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ കെടുകാര്യസ്ഥതയെന്ന് ജനപ്രനിധികളുടെ യോഗം


ഡയറ്റില്‍ പണം മുടക്കിയാല്‍ ഡെഡ് മണി


പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തി (ഡയറ്റ്) ല്‍ കെടുകാര്യസ്ഥതയെന്ന് ജനപ്രതിനിധികളുടെ യോഗം. ഇവിടേയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് ഡെഡ് മണിയാകുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഡയറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
നാളുകള്‍ക്ക് മുമ്പാണ് ഇവിടെ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര താഴെ വീണത്. പുരാവസ്തു മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന മുറിക്കുള്ളില്‍ ആ സമയം കുട്ടികളോ അദ്ധ്യാപകരോ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇതിനു തൊട്ടു പിന്നാലെയാണ് ഡയറ്റ് വളപ്പില്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയ ആല്‍മരത്തിന് മേല്‍ പരിസ്ഥിതി ദിനത്തിന്റെ രണ്ടു ദിവസം മുമ്പ് ഒരു അദ്ധ്യാപകന്‍ കോടാലി വച്ചത്. ഇത് ലോകപരിസ്ഥിതി ദിനാചരണ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ രണ്ടു സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളുടെ സംഘം ഡയറ്റ് സന്ദര്‍ശിച്ചത്. ഡയറ്റിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി വീഴ്ചകള്‍ ജനപ്രതിനിധികള്‍ കണ്ടെത്തി.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാലുനില കെട്ടിടം പോലും ഇതേവരെ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ ഇനി പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിക്കേണ്ടതില്ലെന്ന് ഡയറ്റില്‍ പിന്നീട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പഴയ കെട്ടിടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. കൂടുതല്‍ പഴക്കം ചെന്ന രണ്ടു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കാനും തീരുമാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് , ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സോമന്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സാജിത സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, മെമ്പര്‍മാരായ കെ.കെ ശിവന്‍, സജി പടയാട്ടില്‍  തുടങ്ങിയവരാണ് ഡയറ്റ് സന്ദര്‍ശിച്ചത്.

മംഗളം 18.06.2014

No comments: