മലിനീകരണം വന്‍ ആരോഗ്യദുരന്തം സൃഷ്ടിക്കും
പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പീച്ചനാംമുകളില്‍ പുതിയ പ്ലൈവുഡ് കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയിട്ടുളള അനുമതി റദ്ദാക്കണമെന്നും ജനകീയ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലിനീകരണം നിയന്ത്രിക്കുന്നില്ലെങ്കില്‍ വന്‍ ആരോഗ്യദുരന്തമായിരിക്കും ഫലമെന്നും കമ്മീഷന്‍
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ 5 മാസത്തിലേറെ നീണ്ടുനിന്ന സേവ് രായമംഗലം പ്രക്ഷോഭത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജനകീയ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. രായമംഗലം പഞ്ചായത്തിലെ പ്ലൈവുഡ് -പ്ലാസ്റ്റിക്ക് കമ്പനികളിലെ മലിനീകരണം വിലയിരുത്തുന്നതിനും പീച്ചനാംമുകളില്‍ മൂണ്‍ ടിംബര്‍ ഇന്‍ഡസ്ട്രീസ് എന്ന പ്ലൈവുഡ് കമ്പനിക്ക് സ്ഥാപനാനുമതി നല്‍കിയതിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനുമാണ് കോഴിക്കോട് സര്‍വ്വകലാശാല മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ പ്രസാദ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം ജോയി, അഡ്വ. പി. സി ജെയിംസ് എന്നിവര്‍ അംഗങ്ങളുമായിട്ടുളള കമ്മീഷനെ നിയമിച്ചത്.
കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് പുല്ലുവഴി, പഞ്ചായത്ത് കര്‍മ്മസമിതി പ്രസിഡന്റ് കെ.കെ വര്‍ക്കി എന്നിവര്‍ അറിയിച്ചു.
പൊതുവഴി കയ്യേറിയും ലൈസന്‍സ് ചട്ടങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാനദണ്ഡങ്ങളും മറികടന്നും പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിക്ക് അനുമതി നല്‍കിയ രായമംഗലം ഗ്രാമപഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഡി.എം.ഒ അധികൃതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു പ്രധാന ശിപാര്‍ശ. ദളിത് വിധവ പുത്തന്‍പുരയ്ക്കല്‍ കാര്‍ത്ത്യായനിയുടെ വീടിനോട് തൊട്ടുചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ നടപടിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുകുഞ്ഞിന്റെ വീട്ടുപടിക്കല്‍ കര്‍മ്മസമിതി നിരാഹാര സമരം നടത്തിയിരുന്നു. ഇപ്പോള്‍ പ്രശ്‌നം ജില്ലാ കളക്ടറുടെ പരിഗണനയിലാണ്. ഇതുവരെ കമ്പനിയില്‍ ഉല്പാദനം ആരംഭിച്ചിട്ടില്ല.
മലിനീകരണം മാരകമാക്കുന്ന ജനവാസ മേഖലകളിലെ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുക, ജനവാസ മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുളള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ശാസ്ത്രീയമായും കാലോചിതമായും പുതുക്കി നിശ്ചയിക്കുക തുടങ്ങിയുളള 12-ഓളം ശിപാര്‍ശകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുളളത്.
രായമംഗലം പഞ്ചായത്തില്‍ കാന്‍സര്‍, ആസ്തമ, അലര്‍ജി രോഗങ്ങള്‍ പെരുകി വരുന്നതായും ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വട്ടയ്ക്കാട്ടുപടി, ഇരിങ്ങോള്‍, ഇരിങ്ങോള്‍ സൗത്ത്, പീച്ചനാംമുകള്‍, രായമംഗലം, പണിക്കരമ്പലം, പറമ്പിപ്പീടിക, കീഴില്ലം, തായ്ക്കര, കോയിക്കത്തോട്, പൂണേലിപ്പടി, പുല്ലുവഴി, മലമുറി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ മലിനീകരണം അനുഭവപ്പെടുന്നത്.
മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കുടിവെളള മലിനീകരണം, കൃഷിനാശം എന്നിവയ്ക്ക് കമ്പനി ഉടമകളും പഞ്ചായത്തും നഷ്ടപരിഹാരം കൊടുക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
മംഗളം 22.06.2014
No comments:
Post a Comment