പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, June 17, 2014

യുവാവിന്റെ കൊലപാതകം: ദുരൂഹത പത്തംഗ അന്വേഷണസംഘം രൂപീകരിച്ചു

പെരുമ്പാവൂര്‍: പട്ടണത്തില്‍ ഞായറാഴ്ച രാത്രി നടന്ന യുവാവിന്റെ കൊലപാതകത്തേപ്പറ്റി അന്വേഷിക്കാന്‍ പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചു. റൂറല്‍ എസ്.പി സതീഷ് ബിനോ സംഭവസ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇടുക്കി കരുണാപുരം കൂട്ടാര്‍ കുഴിത്തൊളു ചെല്ലുവേലില്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ പ്രമോദ് (31) ആണ് കൊലചെയ്യപ്പെട്ടത്. കാലടി കവലക്ക് സമീപം വാരിക്കാട്ട് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനം അഡ്വര്‍ടൈസിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വയറില്‍ ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. സംഭവത്തേതുടര്‍ന്ന് സ്ഥാപന ഉടമ തിരുവനന്തപുരം പാങ്ങോട് സ്വദേശി അശോകനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുറുപ്പംപടി കെ.എസ്.ഇ.ബി സെക്ഷനില്‍ മീറ്റര്‍ റീഡറായ പ്രമോദ് പെരുമ്പാവൂരില്‍ എത്തുന്നത് ഒന്നര വര്‍ഷം മുമ്പാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് അടുത്ത് വാടകക്ക് ഭാര്യ സുമിതയ്‌ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. മീറ്റര്‍ റീഡിങ്ങ്  കഴിഞ്ഞ് പ്രമോദ് പല ജോലികള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ദര്‍ശനം അഡ്വര്‍ട്ടൈസിങ്ങ് എന്ന സ്ഥാപനത്തിലെ പാര്‍ട്ട് ടൈം ജീവനക്കാരനാകുന്നത്. 
സംഭവം നടന്ന ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് അശോകന്‍ സ്ഥാപനത്തില്‍ അധിക ജോലി ഉള്ളതിനാല്‍ പ്രമോദിനെ ഫോണില്‍ വിളിച്ചിരുന്നു. ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വീണ്ടും വൈകിട്ട് 7.22 ന് വിളിച്ചു. 7.40 ന് പ്രമോദ് സ്ഥാപനത്തില്‍ എത്തി. ചെയ്യാനുള്ള ജോലികള്‍ ഏല്‍പ്പിച്ച ശേഷം മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ അശോകന്‍ 8.15 ന് പുറത്തേക്ക് പോയി. 8.50 ന് തിരിച്ചുവന്നപ്പോള്‍ പ്രമോദ് വെട്ടേറ്റ് മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് അശോകന്‍ പോലീസിന് നല്‍കിയ മൊഴി. ആഴത്തിലുള്ള വെട്ടേറ്റ് ഇയാളുടെ കുടല്‍മാല പുറത്തു ചാടിയ നിലയിലായിരുന്നു.
മൃതദ്ദേഹം കണ്ട ഉടനെതന്നെ അശോകന്‍ 200 മീറ്റര്‍ മാത്രം ദൂരത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി വിവരം ധരിപ്പിച്ചു. സംഭവം നടന്ന മുറിയില്‍ നിന്നും നീളമുള്ള വെട്ടുകത്തിയും കൂര്‍ത്ത സ്റ്റീല്‍ കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അശോകനെ രാത്രി മുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

മംഗളം 17.06.2014

No comments: