Thursday, December 25, 2008

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ :കാത്തിരുപ്പിണ്റ്റെ ഏഴാണ്ടുകള്‍; കോടതി വിധി വഴിത്തിരിവായേക്കും

6.12.2008
സുരേഷ്‌ കീഴില്ലം
പെരുമ്പാവൂറ്‍: പ്രതീക്ഷയുടേയും കാത്തിരിപ്പിണ്റ്റേയും ഏഴാണ്ടുകള്‍ പിന്നിടുമ്പോള്‍ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ്‌ വഴിത്തിരിവാകുന്നു. അനിശ്ചിതമായി തുടരുന്ന റയോണ്‍സിണ്റ്റെ സ്ഥിതിഗതികളില്‍ കോടതി ഇടപെടല്‍ മാറ്റമുണ്ടാക്കുമെന്ന്‌ കരുതുന്നവരുണ്ട്‌.
തെരഞ്ഞെടുപ്പുവേളകളില്‍ ഉപയോഗിയ്ക്കാവുന്ന തുരുപ്പ്‌ ചീട്ടായി കൊണ്ടുനടന്ന റയോണ്‍സിണ്റ്റെ കാര്യത്തില്‍ കോടതി ഉത്തരവ്‌ രാഷ്ട്രീക്കാര്‍ക്കും തിരിച്ചടിയായി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക്‌ ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്‌. ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡസ്ട്രീസ്‌ ആണ്റ്റ്‌ ഫിനാന്‍ഷ്യല്‍ റീകണ്‍ഷ്ട്രക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്‌. വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീലിനു പോകുമെന്ന്‌ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അറിയിച്ചതായി സാജുപോള്‍ എം.എല്‍.എ മംഗളത്തോട്‌ പറഞ്ഞു.
2001ജൂലായ്‌ 17-ന്‌ വൈദ്യുതി ലൈനിണ്റ്റെ പണികള്‍ക്കെന്ന്‌ തൊഴിലാളികളെ ധരിപ്പിച്ച്‌ അടച്ചുപൂട്ടിയ കമ്പനിയാണിത്‌. കടബാധ്യതയും മാനേജ്മെണ്റ്റിണ്റ്റെ കെടുകാര്യസ്ഥതയും മൂലം മുന്നോട്ടുപോകാന്‍ സാധിയ്ക്കാത്ത ഘട്ടത്തിലായിരുന്നു അടച്ചുപൂട്ടല്‍.
കൃത്രിമ പട്ടുനൂല്‍ ഉത്പാദിപ്പിയ്ക്കുന്ന വ്യവസായസ്ഥാപനം എന്ന നിലയില്‍ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരു കാലത്ത്‌ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായിരുന്നു. പെരുമ്പാവൂറ്‍ പട്ടണത്തിണ്റ്റെ മുഖം മാറ്റിയതും ഈ സ്ഥാപനം തന്നെ. ഇവിടെ ഉത്പാദിപ്പിയ്ക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തുനിന്ന്‌ പട്ടുനൂല്‍ ഇറക്കുമതി തുടങ്ങിയതാണ്‌ റയോണ്‍സിന്‌ വിനയായത്‌. കൃത്രിമ പട്ടുവസ്ത്രങ്ങള്‍ക്ക്‌ ഡിമാണ്റ്റ്‌ കുറയുകയും ചെയ്തു. പട്ടുനൂലിനൊപ്പം ഇവിടെ നിര്‍മ്മിച്ചിരുന്ന സെലോഫൈന്‍ പേപ്പറിണ്റ്റെ സ്വീകാര്യതയ്ക്കും മങ്ങലേറ്റു.
സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ലഭിച്ച വായ്പകള്‍ കൊണ്ടാണ്‌ കമ്പനി അവസാനത്തെ പത്തുവര്‍ഷം പിടിച്ചുനിന്നത്‌. കേരള രാഷ്ട്രീയത്തിലെ ഉന്നതരായ നേതാക്കള്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച്‌ നിയമസഭയില്‍ അക്കാലങ്ങളില്‍ ഉണ്ടായതാണ്‌ സര്‍ക്കാരിന്‌ തുണയായത്‌. എന്നാല്‍ ആ വായ്പകള്‍ ഉപയോഗിച്ച രീതിയില്‍ പോരായ്മകളുണ്ടായി. തൊഴിലാളികളുടെ പി.എഫ്‌ കുടിശിക അടയ്ക്കാത്തിണ്റ്റെ പേരില്‍ റയോണ്‍സ്‌ വക വസ്തുവകകള്‍ ജപ്തിചെയ്യപ്പെട്ടു. അതിനിടെ സ്പിന്നിങ്ങ്‌ മെഷിനുകളില്‍ ഉപയോഗിയ്ക്കുന്ന വിലയേറിയ പ്ളാറ്റിനം ജറ്റുകള്‍ ഉള്‍പ്പടെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചാണ്‌ മാനേജ്മെണ്റ്റു ഭരണനൈപുണ്യം കാട്ടിയത്‌. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടത്തെ ഉപകരണങ്ങള്‍ ഉള്‍പ്പടെ സകലതും വ്യാപകമായി മോഷണം പോയി. അവശേഷിച്ച കെട്ടിടവും യന്ത്രസാമിഗ്രികളും തുരമ്പെടുത്തു നശിച്ചു. സര്‍ക്കാരില്‍ നിന്ന്‌ പാട്ടത്തിനെടുത്ത 72ഏക്കര്‍ ഭൂമി കാടുകയറി.
ഇതിന്നിടെയാണ്‌ റയോണ്‍സ്‌ ഏറ്റെടുത്തു നടത്താന്‍ തമിഴ്നാട്ടിലെ എന്‍ഡിഇഇ ഗ്രൂപ്പ്‌ തയ്യാറായി വന്നത്‌. ആദ്യ അഞ്ചുവര്‍ഷം 559കോടി മുടക്കുമെന്നായിരുന്നു വാഗ്ദാനം. ഇതുവഴി 1000പേര്‍ക്ക്‌ നേരിട്ടും 12500 പേര്‍ക്ക്‌ പരോക്ഷമായും തൊഴിലവസരം ലഭിയ്ക്കുമെന്നും റയോണ്‍സിന്‌ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ബാദ്ധ്യതകളും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ട ആനുകൂല്യങ്ങളും പ്രമോട്ടര്‍ നല്‍കുമെന്നും ധാരണയായി. പകരം വൈദ്യുതി, വാണിജ്യനികുതി തുടങ്ങിയവയില്‍ നിശ്ചിതകാലത്തേയ്ക്ക്‌ സര്‍ക്കാര്‍ ഇളവ്‌ അനുവദിയ്ക്കുമെന്നും മിനി ഹൈഡല്‍ പദ്ധതിയ്ക്കും വുഡ്‌ പള്‍പ്പ്‌ ഉത്പാദനകേന്ദ്രത്തിനും സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന്‌ നല്‍കുമെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു. അങ്ങനെയെങ്കില്‍ 10 വര്‍ഷം കഴിയുമ്പോള്‍ 837 കോടി രൂപകൂടി മുടക്കുമെന്നും പ്രഖ്യാപിച്ചു.
എന്നാല്‍ തൊഴിലാളികള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയ റയോണ്‍സ്‌ ഏറ്റെടുക്കല്‍ ശ്രമങ്ങള്‍ എങ്ങുമെത്താതെ പാഴാവുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അതിനെ തുടര്‍ന്ന്‌ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ തയ്യാറായിവന്നത്‌ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പാണ്‌. ഇവര്‍ക്ക്‌ വഴിവിട്ടുള്ള വ്യവസ്ഥകളോടെ റയോണ്‍സിണ്റ്റെ ആസ്തി തീറെഴുതി കൊടുക്കാനാണ്‌ സര്‍ക്കാരിണ്റ്റെ ശ്രമം എന്ന ആക്ഷേപം ഉയര്‍ന്നു. ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിന്‌ റയോണ്‍സ്‌ ഏറ്റെടുക്കാനുള്ള ശേഷിയില്ലെന്നും ഇവര്‍ ഒരു ഇടതുപക്ഷ നേതാവിണ്റ്റെ ബിനാമിയാണെന്നും ആരോപണം ഉയര്‍ന്നു.
എന്തായാലും വിവാദങ്ങളില്‍ വിവാദങ്ങളിലേയ്ക്ക്‌ മാത്രം റയോണ്‍സ്‌ അനുദിനം നീങ്ങുന്ന സാഹചര്യത്തിലാണ്‌ കോടതി വിധി. ഇത്‌ റയോണ്‍സിനെ അനിശ്ചിതാവസ്ഥകളില്‍ നിന്നെങ്കിലും കരകയറ്റിയേക്കും.

No comments: