Sunday, December 28, 2008

ദേവാലയങ്ങളിലുള്‍പ്പടെ നാടെങ്ങും മോഷണം വ്യാപകം; പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം

19.12.2008
കരോള്‍ സംഘം പിടികൂടിയ ആളെ വെറുതെ വിട്ടു
പെരുമ്പാവൂറ്‍: ക്രൈസ്തവ-ഹൈന്ദവ ദേവാലയങ്ങളിലുള്‍പ്പടെ നാട്ടിലെങ്ങും മോഷണം വ്യാപകമായിട്ടും പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം.
മണ്ണൂരില്‍ കരോള്‍ സംഘം ദൂരൂഹസാഹചര്യത്തില്‍ പിടികൂടിയ യുവാവിനെ പോലീസ്‌ വിട്ടയച്ചതിലും പ്രതിഷേധമുണ്ട്‌. മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയിലെ കരോള്‍ സംഘമാണ്‌ വെള്ളിയാഴ്ച പുലര്‍ച്ചെ സംശയകരമായ ചുറ്റുപാടില്‍ ഒരാളെ പിടികൂടിയത്‌. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ പറഞ്ഞ ഇയാളുടെ കൈയ്യില്‍ നിന്ന്‌ മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. അപ്പോള്‍ തന്നെ ഇയാളെ പോലീസിന്‌ കൈമാറിയെങ്കിലും മനോരോഗിയോണെന്ന നിഗമനത്തില്‍ കുന്നത്തുനാട്‌ പോലീസ്‌ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
പ്രദേശത്ത്‌ മോഷണം വ്യാപകമായ സാഹചര്യത്തില്‍ പോലീസ്‌ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. കഴിഞ്ഞ 16-ന്‌ മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വില വരുന്ന മൈക്ക്‌ സെറ്റ്‌ മോഷണം പോയിരുന്നു. രാത്രിയാണ്‌ സംഭവം. പള്ളിയുടെ വാതില്‍ തിക്കിത്തുറന്ന്‌ അകത്തുകടന്ന മോഷ്ടാക്കള്‍ സ്പീക്കറുകള്‍, മൈക്ക്‌, മിക്സര്‍, സ്റ്റാണ്റ്റുകള്‍, കേബിള്‍ എന്നിവയാണ്‌ മോഷ്ടിച്ചത്‌. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും അകത്തുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അവ എടുത്തിട്ടില്ല.
അന്നേദിവസം തന്നെ കീഴില്ലം സെണ്റ്റ്‌ തോമസ്‌ പള്ളിയിലും മോഷണശ്രമം നടന്നു. കൂടാതെ പട്ടിമറ്റത്ത്‌ ഏഴുവീടുകളിലും മോഷണ ശ്രമം ഉണ്ടായി. മാവേലിമറ്റം അലിയാര്‍, കല്‍പാറ ബിനു, കളപ്പുര അബു എന്നിവരുടെ അടുക്കളവാതില്‍ കത്തിച്ചും മാനസസരോവരം ആര്‍.എസ്‌ നായര്‍, വട്ടപ്പാറ ജബ്ബാര്‍, ഐമനാക്കുടി അലിയാര്‍ എന്നിവരുടെ വീടിണ്റ്റെ പിന്‍വാതില്‍ കുത്തിപ്പൊളിച്ചും അകത്തുകടക്കാനാണ്‌ മോഷ്ടാക്കള്‍ ശ്രമിച്ചത്‌. വിവരമറിഞ്ഞ വീട്ടുകാര്‍ പുലര്‍ച്ചെ തന്നെ പോലീസിനെ അറിയിച്ചുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
നാളുകള്‍ക്ക്‌ മുമ്പാണ്‌ കൂഴൂറ്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്‌. ആയിരക്കണക്കിന്‌ രൂപയുടെ ഓട്ടുപാത്രങ്ങളും മറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയി. മാസങ്ങള്‍ക്ക്‌ മുമ്പ്‌ നമ്പ്യാര്‍ വിട്ടില്‍ മോഹനണ്റ്റെ ഭാര്യയുടെ നാലുപവണ്റ്റെ മാലയാണ്‌ നഷ്ടമായത്‌. ഇതിനു പുറമെ മാര്‍ കൂറിലോസ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളിലും പോലീസ്‌ സ്റ്റേഷണ്റ്റെ നേരെ മുന്നിലുള്ള ഹാര്‍ഡ്‌വെയര്‍ കടയിലും കള്ളന്‍ കയറി. ഒന്നിനു പോലും തുമ്പുണ്ടാക്കാന്‍ പോലീസിനായിട്ടില്ല.

No comments: