പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, December 25, 2008

ട്രാവന്‍കൂറ്‍ റയോണ്‍സ്‌: രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി

9.12.2008
സുരേഷ്‌ കീഴില്ലം
പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാനുള്ള കോടതി വിധി വന്നതോടെ വിവിധ രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി. കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കുന്നതില്‍ മത്സരിച്ച നേതാക്കള്‍, കോടതിവിധിയുടെ പിന്നാലെ പരസ്പരം ചെളിവാരിയെറിയാന്‍ ഗോദായിലിറങ്ങിക്കഴിഞ്ഞു.
ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ തയ്യാറായി വന്ന കൊച്ചി ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിണ്റ്റെ ആസ്തിയില്‍ സംശയം രേഖപ്പെടുത്തി മുഖ്യമന്ത്രിയ്ക്ക്‌ റയോണ്‍സ്‌ സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കത്തു നല്‍കിയതാണ്‌ പ്രതിസന്ധിയ്ക്ക്‌ കാരണമെന്ന ആരോപണമുയര്‍ത്തി സി.പി.എം മുഖപത്രം കഴിഞ്ഞദിവസം വിവാദങ്ങള്‍ക്ക്‌ തീകൊടുത്തു. റയോണ്‍സ്‌ പുനരുദ്ധാരണത്തിനുള്ള എല്ലാ നീക്കങ്ങളും ഇതോടെ അട്ടിമറിയ്ക്കപ്പെടുകയായിരുന്നുവെന്നും, കത്തു നല്‍കിയതോടെ ഒളിച്ചുവയ്ക്കപ്പെട്ടിരുന്ന സങ്കുചിതരാഷ്ട്രീയ അജണ്ട പുറത്തുവന്നുവെന്നും പാര്‍ട്ടിപത്രം എഴുതി.
ഈ പത്രവാര്‍ത്ത രാഷ്ട്രീയ അന്തസിനു നിരക്കുന്നതല്ലെന്ന ഏതിര്‍വാദവുമായി ഇന്നലെ തങ്കച്ചനും രംഗത്തെത്തി. സാജുപോള്‍ എം.എല്‍.എ തൊഴിലാളികളെ പറഞ്ഞുപറ്റിച്ചുവെന്നാണ്‌ തങ്കച്ചന്‍ തുറന്നടിച്ചത്‌. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ യു.ഡി.എഫ്‌ സര്‍ക്കാരിനെ പഴിചാരിയ സാജു പോള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തിട്ടും പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രമാണുണ്ടായതെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പറഞ്ഞു. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഒരു ശ്രമവും നടന്നില്ല.
1946-ല്‍ എം.സി.എം ചിദംബരം ചെട്ട്യാര്‍ സ്ഥാപിച്ച ട്രാവന്‍കൂറ്‍ റയോണ്‍സ്‌ 2001-ല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോഴാണ്‌ അടച്ചുപൂട്ടിയത്‌. നേരിട്ടും പരോക്ഷമായും രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക്‌ ഉപജീവനമാര്‍ഗമായിരുന്ന റയോണ്‍സിണ്റ്റെ പ്രതാപകാലം പെരുമ്പാവൂറ്‍ പട്ടണത്തിന്‌ മറക്കാനാവില്ല. പ്രതിമാസം 45ലക്ഷം രൂപയോളമാണ്‌ പെരുമ്പാവൂരിലെ വിവിധ വ്യാപാരമേഖലകളില്‍ ഒഴുകിയെത്തിയിരുന്നത്‌. വൈദ്യുതി ലൈന്‍ വലിയ്ക്കുന്നതിനെന്നപേരില്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ അടച്ചുപൂട്ടിയ കമ്പനി പിന്നീടങ്ങോട്ട്‌ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ്‌ കാലത്തെ തുരുപ്പ്‌ ചീട്ടായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സാജുപോളും യു.ഡി.എഫിണ്റ്റെ ഷാനിമോള്‍ ഉസ്മാനും റയോണ്‍സ്‌ പുനരുദ്ധാരണമാണ്‌ മുഖ്യവിഷയമാക്കിയത്‌. 2004-ല്‍ ദിനോസര്‍ ഗ്രൂപ്പും 2007-ല്‍ കൊച്ചി ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പും റയോണ്‍സ്‌ ഏറ്റെടുക്കാന്‍ സന്നദ്ധമായി രംഗത്തുവന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതില്‍ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പ്‌ ഒരു സി.പി.എം നേതാവിണ്റ്റെ ബിനാമിയാണെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. മുന്നൂറുകോടി രൂപയുടെ പൊതുമേഖലാ സ്ഥാപനം കേവലം അഞ്ചുകോടിയ്ക്ക്‌ ഒരു സ്വകാര്യവ്യക്തിയ്ക്ക്‌ തീറെഴുതിക്കൊടുക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു.
ഇതിന്നിടെ ചുരുങ്ങിയ മുതല്‍മുടക്കില്‍ റയോണ്‍സ്‌ സംരക്ഷിയ്ക്കാന്‍ കഴിയുന്ന പാക്കേജുകള്‍ അവതരിപ്പിച്ച പരിസ്ഥിതി സഘടനകളെ ആരും കണ്ടതായിപ്പോലും നടിച്ചില്ല. അവശേഷിയ്ക്കുന്ന തൊഴിലാളികള്‍ കൂടി പിരിഞ്ഞുപോവുകയും ആനുകൂല്യങ്ങള്‍ ലഭിയ്ക്കേണ്ട നൂറുകണക്കിന്‌ വിരമിച്ച തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്യുന്നതോടെ റയോണ്‍സിന്‌ വേണ്ടിയുള്ള മുറവിളികള്‍ അവസാനിയ്ക്കുമെന്ന്‌ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക്‌ അറിയാം. അതുവരെ പരസ്പരം പഴിചാരാനുള്ള രാഷ്ട്രീയ ഉപകാരണമായി ഈ സ്ഥാപനത്തെ ഉപയോഗിയ്ക്കാമെന്നു കരുതിയിരുന്ന നേതാക്കള്‍ സത്യത്തില്‍ ഹൈക്കോടതി വിധിയോടെ അങ്കലാപ്പിലായെന്നതാണ്‌ സത്യം. റയോണ്‍സ്‌ അടച്ചുപൂട്ടി ആസ്തികള്‍ വിറ്റ്‌ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ്‌ കോടതി വിധി.

No comments: