Thursday, August 23, 2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം: കൊലയാളികളെ മുരുകന്‍ തുണച്ചില്ല



കൊലയാളികള്‍ തട്ടിയെടുത്ത ഹൈദര്‍ അലിയുടെ
ഇന്‍ഡിക്ക കാര്‍ കുറുപ്പംപടി സ്റ്റേഷനു മുന്നില്‍
 
പെരുമ്പാവൂര്‍: ശ്രീ മുരുകന്‍ തുണൈ...ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മോഷ്ടാക്കള്‍ കാറിന്റെ മുന്നിലും പിന്നിലും ആലേഖനം ചെയ്ത ഉപകാരസ്മരണ.
ഹൈദര്‍ അലിയുടെ ഇന്‍ഡിക്ക കാറിന്റെ മുന്‍ ഗ്ലാസിലും പിന്‍ഗ്ലാസിലും തമിഴിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം 9249813923 എന്ന മൊബൈല്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ടാക്‌സി രജിസ്‌ട്രേഷന്‍ നമ്പര്‍ ചുരണ്ടിമാറ്റി ടി.എന്‍ 57 എച്ച് 6112 എന്ന നമ്പറും പതിപ്പിച്ചിരുന്നു. കോയമ്പത്തൂരു കൊണ്ടുപോയി കാര്‍ പൊളിച്ചുവില്‍ക്കാനായിരുന്നു പദ്ധതി.
എന്നാല്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള അതിവേഗതയാര്‍ന്ന നേരന്വേഷണത്തില്‍ കൊലയാളികള്‍ക്ക് രക്ഷപ്പെടാനോ വാഹനം മറിച്ചുവില്‍ക്കാനോ പഴുതു കിട്ടിയില്ല. കുറുപ്പംപടി,പെരുമ്പാവൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പതിനഞ്ച് അംഗ അന്വേഷണ സംഘത്തിന് ഒരാഴ്ച ഊണും ഉറക്കവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞാല്‍, അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരി.
ആദ്യ സൂചകള്‍ പ്രകാരം തമിഴ് ചുവയുള്ള മലയാളത്തില്‍ സംസാരിയ്ക്കുന്ന സൂര്യ എന്നയാള്‍ക്ക് വേണ്ടിയാണ് പോലീസ് വല വിരിച്ചത്. സൂര്യ എന്നൊരാളില്ലെന്നും പ്രതി മണിയാണെന്നും വ്യക്തമായത് പിന്നീട്. ഇയാളേയും കൂട്ടാളികളേയും തേടി പോലീസ് പലവട്ടം ഇടുക്കി മലകള്‍ക്കു മുകളിലേയ്ക്ക് പാഞ്ഞു. തന്ത്രപരമായിരുന്നു നീക്കങ്ങള്‍ ഓരോന്നും. എന്നിട്ടും ഒരാള്‍ വഴുതി.പക്ഷെ, ഏതു നിമിഷവും ഇയാള്‍ കുടുങ്ങുമെന്ന് പോലീസ് പറയുന്നു.
കാടുവെട്ട് ജോലികളുമായി വായ്ക്കരയില്‍ വാടകയ്ക്ക് താമസിയ്ക്കാനെത്തിയ മണി മോഷണം തൊഴിലാക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ മുമ്പു പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴ സബ് ജയിലില്‍ കഴിയുമ്പോഴാണ് സെബാസ്റ്റ്യനേയും ചിന്നരാജിനേയും പരിചയപ്പെട്ടത്. പുറത്തുവന്ന സെബാസ്റ്റ്യന്‍ ആക്രി കച്ചവടവും ചിന്നരാജ് ഹോട്ടല്‍ ജോലിയുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് കാര്‍ തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
കൊലയാളികളെ പിടിച്ചതറിഞ്ഞ് പെരുമ്പാവൂര്‍, കുറുപ്പംപടി പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ജനക്കൂട്ടം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷന്റെ മതില്‍ തകര്‍ന്നുവീഴുക വരെ ചെയ്തു.
റെക്കോര്‍ഡുവേഗതയില്‍ കൊലയാളികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ വൈകുന്നേരത്തോടെ വന്‍സ്വീകരണം നല്‍കുകയും ചെയ്തു.
സി.ഐ ക്രിസ്പിന്‍ സാമിനു പുറമെ എസ്.ഐമാരായ എം.എ മുഹമ്മദ്, രാജു മാധവന്‍, വേണുഗോപാല്‍, പരീത് കെ.കെ, സീനിയര്‍ സി.പി.ഒ മാരായ നന്ദകുമാര്‍, സാബു.എം പീറ്റര്‍, രാജേഷ്, രഞ്ചന്‍, കാസിം, ജോയ് മത്തായി, എ.എസ്.ഐ മാരായ ജോസഫ്, ബേബി, സി.പി.ഒ മാരായ മുഹമ്മദ് ഇക്ബാല്‍, അനസ്, റെക്‌സ്, അനില്‍, വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മംഗളം 23.08.2012


No comments: