Tuesday, August 7, 2012

അണുക്കോലിത്തുറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി; പവിഴം റൈസ്‌ മില്ലിനെതിരെ വീണ്ടും പ്രതിഷേധം

പെരുമ്പാവൂര്‍: കൂവപ്പടി പവിഴം റൈസ്‌ മില്ലില്‍ നിന്നുള്ള ജലമലിനീകരണം മൂലം അണുക്കോലിത്തുറയിലേയും തൊട്ടടുത്ത തോടുകളിലേയും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ചത്ത മത്സ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ കമ്പനിയ്ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ജലം ശുദ്ധീകരിയ്ക്കാനുള്ള സംവിധാനം തയ്യാറാക്കിയെന്ന്‌ കമ്പനി ഉടമയും ഗ്രാമപഞ്ചായത്ത്‌ അധികൃതരും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന്‌ നാളുകളായി കമ്പനിയ്ക്കെതിരെ നടന്നുവന്ന സമരം നിര്‍ത്തി വച്ചിരിയ്ക്കുകയായിരുന്നു. ഇതിനിടയിലാണ്‌ പഴയതിനേക്കാള്‍ ശക്തമായി മാലിന്യങ്ങളും രാസവസ്തുക്കളും അടങ്ങിയ മലിന ജലം തോട്ടിലൂടേയും തുറയിലൂടേയും ഒഴുക്കിവിടാന്‍ തുടങ്ങിയതെന്ന്‌ നാട്ടുകാര്‍ പറയുന്നു.
 ഇതേ തുടര്‍ന്ന്‌ ഇവിടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങി. ഇന്നലെ മാത്രം നൂറു കിലോയിലധികം വിവിധ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു. ജൂലൈ 28 ന്‌ ശേഷവും മലിന ജലം ഒഴുക്കിയാല്‍ റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുമെന്ന്‌ പഞ്ചായത്ത്‌ അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നു. അതുണ്ടാവാത്ത സാഹചര്യത്തിലാണ്‌ ആയത്തുപടി ജനമുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ മൂന്നാം ഘട്ട സമരത്തിന്‌ തുടക്കമായത്‌.
മാവേലിപ്പടിയില്‍ നിന്ന്‌ ആരംഭിച്ച പന്തംകൊളുത്തി പ്രകടനം വല്ലം കവലയില്‍ സമാപിച്ചു. വല്ലം കവലയില്‍ പവിഴം റൈസ്‌ മില്ല്‌ ഉടമ എം.പി ജോര്‍ജിണ്റ്റെ കോലം കത്തിച്ച്‌ സമരക്കാര്‍ പ്രതിഷേധിച്ചു. ജലമലിനീകരണത്തിനെതിരെ നടപടിയുണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത്‌ ഓഫീസും റൈസ്‌ മില്ലും ഉപരോധിയ്ക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാവുമെന്ന്‌ ജനമുന്നേറ്റ സമിതി നേതാക്കള്‍ പറയുന്നു.

മംഗളം 07.08.2012   

No comments: