Tuesday, August 14, 2012

മുല്ലപ്പിള്ളിപ്പാലത്തിനു ശിലയിട്ടിട്ട്‌ രണ്ട്‌ ആണ്ടുകള്‍ പിന്നിട്ടു; നാട്ടുകാര്‍ക്ക്‌ യാത്രാദുരിതം

പെരുമ്പാവൂര്‍: നഗരസഭയേയും വാഴക്കുളം ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിയ്ക്കുന്ന മുല്ലപ്പിള്ളിപ്പാലത്തിന്‌ തറക്കല്ല്‌ ഇട്ടിട്ട്‌ ഇന്ന്‌ രണ്ട്‌ വയസു പൂര്‍ത്തിയാവുന്നു. നാട്ടുകാര്‍ക്ക്‌ തുടരുന്ന യാത്രാദുരിതം. 
വല്ലം മുടിയ്ക്കല്‍ തോടിന്‌ കുറുകെ പാലം നിര്‍മ്മിയ്ക്കുന്നതിന്‌ 2010 ഓഗസ്റ്റ്‌ 10 ന്‌ കെ.പി ധനപാലന്‍ എം.പിയാണ്‌ തറക്കല്ലിട്ടത്‌. അദ്ദേഹത്തിണ്റ്റെ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപയും അനുവദിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ധൃതഗതിയിലായിരുന്നു തറക്കല്ലിടല്‍. പാലം നിര്‍മ്മാണത്തിന്‌ ആവശ്യമായ എസ്റ്റിമേറ്റോ, പ്ളാനോ തയ്യാറാക്കിയിരുന്നില്ല. എം.പി ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടും ഉള്‍പ്പെടെ 30 ലക്ഷം രൂപയില്‍ താഴെ ഉപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന ഏകദേശധാരണ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പിന്നീട്‌ നഗരസഭ മണ്ണ്‌ പരിശോധിച്ചതിനു മാത്രം 4 ലക്ഷം രൂപ ചെലവായി. 
പെരിയാറിണ്റ്റെ മുഖത്ത്‌ 30 മീറ്റര്‍ ചേര്‍ന്നാണ്‌ പാലത്തിന്‌ ശിലയിട്ടത്‌. പുഴയില്‍ നിന്ന്‌ മലവെള്ളം തോട്ടിലേയ്ക്ക്‌ കയറുന്ന ദുര്‍ബലമായ ഭാഗമാണിതെന്ന്‌ പിന്നീട്‌ വ്യക്തമായി. ചതുപ്പും ചെളിയും നിറഞ്ഞ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം എളുപ്പമല്ല. പിന്നീട്‌ കണക്കെടുത്തപ്പോള്‍ ഒരു കോടി എണ്‍പത്തിയഞ്ച്‌ ലക്ഷം രൂപയോളം ചെലവു വരുമെന്ന്‌ വ്യക്തമായി. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വരെ ഇവിടെ നഗരസഭ വേനല്‍കാലങ്ങളില്‍ മരപ്പാലം തീര്‍ക്കാറുണ്ട്‌. മഴക്കാലത്ത്‌ കടത്തുവഞ്ചിയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ രണ്ട്‌ സൌകര്യങ്ങളും ഇല്ല. 
ആലുവ, പെരുമ്പാവൂറ്‍ കെഎസ്‌ ആര്‍.ടി.സി റൂട്ടില്‍ മുടിയ്ക്കല്‍ സ്കൂള്‍ കവലയില്‍ നിന്നും ഇരുനൂറ്‌ മീറ്റര്‍ ദൂരമാണ്‌ ഇവിടേയ്ക്ക്‌ ഉള്ളത്‌. പെരുമ്പാവൂര്‍-അങ്കമാലി റൂട്ടില്‍ വല്ലം കവലയില്‍ നിന്നുള്ളത്‌ മൂന്നു കിലോമീറ്റര്‍ ദൂരം. കാലടി, ആലുവ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക്‌ പട്ടണത്തില്‍ പ്രവേശിക്കാതെ കടന്നുപോകാന്‍ മുല്ലപ്പിള്ളി പാലം നിര്‍മ്മിച്ചാല്‍ കഴിയും. അതുകൊണ്ടുതന്നെ പാലത്തിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇനിയും കാലതാമസം ഉണ്ടാക്കരുതെന്ന്‌ നാട്ടുകാര്‍ പൊതുമരാമത്ത്‌ മന്ത്രിയ്ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 
മംഗളം 14.08.2012

1 comment:

cochinads said...

vartha k.p dhanapalanu koduthittundu,
venu