പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, August 1, 2012

നിയമവും നിയന്ത്രണവും ഇല്ല; ക്ളിനിക്കല്‍ ലാബുകള്‍ മാരകരോഗങ്ങള്‍ പടര്‍ത്തുന്നു

സുരേഷ്‌ കീഴില്ലം

 പെരുമ്പാവൂര്‍:: സംസ്ഥാനത്ത്‌ കൃതൃമായ നിയമമോ നിയന്ത്രണമോ ഇല്ലാത്തതിനാല്‍ അനധികൃത ലാബുകള്‍ തഴച്ചു വളരുന്നു. രോഗം നിര്‍ണയിക്കുന്ന ഇത്തരം ലാബുകള്‍ രോഗം പരത്തുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. 
ആരോഗ്യവകുപ്പ്‌ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ തലസ്ഥാനത്ത്‌ മാത്രം 18 ലാബുകളാണ്‌ അടച്ചുപൂട്ടിയത്‌. 118 സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കുകയും ചെയ്തു. രക്തത്തിലൂടെ മഞ്ഞപ്പിത്തം പടരുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന. 
കേരളത്തിലെ സ്വകാര്യ ലാബുകള്‍ക്ക്‌ നിലവില്‍ സര്‍ക്കാര്‍ അംഗീകൃത രജിസ്ട്രേഷണ്റ്റെ ആവശ്യമില്ല. അതിനാല്‍ തന്നെ സംസ്ഥാനത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന നാലായിരത്തോളം സ്വകാര്യ ലാബുകളില്‍ ഏറെയും പ്രവര്‍ത്തിയ്ക്കുന്നത്‌ അങ്ങേയറ്റം അശാസ്ത്രീയമായി. ലാബ്‌ തുടങ്ങുന്നതിന്‌ ആര്‍ക്കും തടസമില്ല എന്നതിലുപരി ലാബ്‌ ജോലികള്‍ ചെയ്യുന്നവര്‍ക്ക്‌ നിര്‍ദ്ദിഷ്ട യോഗ്യതകള്‍ വേണമെന്നും ഇല്ല. യാതൊരു മാനദണ്ഡവുമില്ലാതെ ആര്‍ക്കു എങ്ങനേയും ലാബുകള്‍ പ്രവര്‍ത്തിപ്പിയ്ക്കാവുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. 
ഡോക്ടര്‍മാര്‍ രോഗ നിര്‍ണയും നടത്തുന്നത്‌ എഴുപത്‌ ശതമാനവും ലാബ്‌ ടെസ്റ്റ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌. എന്നാല്‍ ഒരു സാംബിള്‍ തന്നെ പല ലാബുകളില്‍ പരിശോധിച്ചാല്‍ വിത്യസ്തമായ റിസള്‍ട്ടാണ്‌ ലഭിയ്ക്കുക. നെഗറ്റീവ്‌ റിസള്‍ട്ട്‌ പലപ്പോഴും പോസിറ്റീവാകും. പരിശോധന നിരക്കുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്‌. കൊളസ്ട്രോള്‍ ലിപ്പിഡ്്‌ പ്രൊഫൈല്‍ പരിശോധനയ്ക്ക്‌ ഇരുന്നൂറു മുതല്‍ നാനൂറു രൂപ വരെ ഈടാക്കുന്ന ലാബുകളുണ്ട്‌. പ്രമേഹ പരിശോധനയ്ക്കാകട്ടെ പതിനഞ്ചു രൂപ ഈടാക്കുന്ന ലാബുകളും അതിണ്റ്റെ ഇരട്ടി തുക വാങ്ങുന്നവരുമുണ്ട്‌. ആശുപത്രി ലാബുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വകാര്യ ലാബുകളില്‍ നിരക്കുകള്‍ നിശ്ചയിക്കുന്നത്‌ പ്രദേശത്തെ ഡോക്ടര്‍മാര്‍ക്ക്‌ നല്‍കുന്ന കമ്മീഷണ്റ്റെ അടിസ്ഥാനത്തിലാണ്‌ എന്നതാണ്‌ വസ്തുത. 
പല ലാബുകളിലും ഉപയോഗിച്ച ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ തന്നെ പലവട്ടം ഉപയോഗിയ്ക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നുകളാണ്‌ പലപ്പോഴും ഉപയോഗിയ്ക്കുക. പലയിടത്തുമുള്ള മെഷ്യനറികളും കാലഹരണപ്പെട്ടതുതന്നെ. 
സംസ്ഥാനത്ത്‌ ലാബുകളുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന്‌ 2009-ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആറുമാസത്തിനകം നിയമ നിര്‍മ്മാണം വേണമെന്നാണ്‌ ജസ്റ്റീസുമാരായ ജെ.ബി കോശിയും വി.ഗിരിയും ഉത്തരവിട്ടത്‌. ഇതനുസരിച്ച്‌ ബില്ല്‌ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, മൂന്നര വര്‍ഷം കഴിഞ്ഞിട്ടും അത്‌ നിയമസഭയിലെത്തിയില്ല. പാരാ മെഡിക്കല്‍ ബില്ല്‌ ചില സ്വകാര്യ ലോബികളുടെ സമ്മര്‍ദ്ദഫലമായി പൂഴ്ത്തി വയ്ക്കുകയായിരുന്നുവെന്നാണ്‌ അറിവ്‌.
 പാരാ മെഡിക്കല്‍ സ്ഥാപനങ്ങളെ നിയന്ത്രിയ്ക്കാനുള്ള സംവിധാനങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനോ നടത്തികൊണ്ടു പോകുന്നതിനോ യാതൊരു മാനദണ്ഡങ്ങളുമില്ല. കേന്ദ്ര സര്‍ക്കാരിണ്റ്റെ ക്വാളിറ്റി കൌണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ (ക്യു.സി.ഐ) സര്‍ട്ടിഫിക്കറ്റുകള്‍ മൂന്നൂറോളം സര്‍ക്കാര്‍ ലാബുകള്‍ക്ക്‌ ഉണ്ടെങ്കിലും സ്വകാര്യമേഖലയില്‍ കേവലം മൂന്നു സ്ഥാപനങ്ങള്‍ക്കു മാത്രമാണുള്ളത്‌.
 ലാബ്‌ ഉടമസ്ഥര്‍ക്ക്‌ നാമമാത്രമായി ഒരു സംഘടന ഉണ്ടെങ്കിലും അതും കാര്യക്ഷമമല്ല. കേരളത്തില്‍ ഏകദേശം നാനൂറോളം പേര്‍ക്ക്‌ മാത്രമാണ്‌ സംഘടനയില്‍ അംഗത്വമുള്ളത്‌. അതുകൊണ്ടുതന്നെ, സംഘടനാപരമായ നിയന്ത്രണങ്ങളും ഈ മേഖലയ്ക്ക്‌ അന്യം. 
മംഗളം 1.8.2012