പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, July 31, 2012

ഓണംവേലി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡുകള്‍ തകര്‍ന്നു

ഇന്ന്‌ വെങ്ങോല പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കും  

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംവേലി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡുകള്‍ താറുമാറായി. ഇവ എത്രയും വേഗം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട്‌ കോളനി നിവാസികള്‍ ഇന്ന്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കും. 
ഗ്രാമപഞ്ചായത്തിലെ പതിനേഴ്‌, പതിനെട്ട്‌ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഓണംവേലി-വട്ടത്തറ, ഓണംവേലി-പരന്നപാറ റോഡുകളാണ്‌ ഗതാഗത യോഗ്യമല്ലാതായത്‌. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ടാറുചെയ്ത ഈ റോഡുകളില്‍ പീന്നീട്‌ അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല. 
അറുപത്തിരണ്ടോളം കുടുംബങ്ങള്‍ അധിവസിയ്ക്കുന്ന ഓണംവേലി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡുകളാണ്‌ ഇവ. ടാറിംഗ്‌ പൂര്‍ണമായും ഇളകിയനിലയിലുള്ള ഈ റോഡിലൂടെ കാല്‍നട യാത്രപോലും ദുഷ്ക്കരമാണ്‌. മഴക്കാലമായതോടെ റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കോളനിയിലെ വിദ്യാര്‍ത്ഥികളും വയോധികരും അടക്കം നൂറുകണക്കിനാളുകള്‍ പ്രതിദിനം ആശ്രയിയ്ക്കുന്ന റോഡിനാണ്‌ ഈ ദുര്‍ഗതി.
റോഡിനിരുവശത്തും കാനകള്‍ നിര്‍മ്മിച്ച്‌ അടിയന്തിരമായി ടാര്‍ ചെയ്യണമെന്നാണ്‌ കോളനി നിവാസികളുടെ ആവശ്യം. നാളുകളായി അധികൃതര്‍ക്കു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അവഗണനയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ്‌ റോഡു നിര്‍മ്മാണത്തിനുവേണ്ടി ഇവിടെ കര്‍മ്മസമിതി രൂപീകരിച്ച്‌ സമരപരിപാടികള്‍ ആവിഷ്ക്കരിച്ചത്‌. കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ രാവിലെ 8 മുതല്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കുമെന്ന്‌ കര്‍മ്മ സമിതി നേതാക്കള്‍ അറിയിച്ചു. 

മംഗളം 31.07.2012

No comments: