പെരുമ്പാവൂര്‍: പട്ടണത്തെ നടുക്കി പവര്‍ കട്ട് നേരത്ത് നടന്ന കൊലപാതകം നടത്തിയത് ആരെന്ന് അറിയാതെ പോലീസ് ഇപ്പോഴും ഇരുട്ടില്‍.
പോലീസ് സ്റ്റേഷന് നേരെ മുന്നില്‍ മീറ്ററുകള്‍ മാത്രം ദൂരത്ത് ഞായറാഴ്ചയാണ് ഇടുക്കി കരുണാപുരം സ്വദേശി പ്രമോദ് (31) ദാരുണമായി കൊലചെയ്യപ്പെട്ടത്. നീളത്തിലുള്ള വെട്ടുകത്തി കൊണ്ട് വയറിലും മറ്റുമായി ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. വെട്ടേറ്റ് യുവാവിന്റെ ആന്തരിക അവയവങ്ങള്‍ പുറത്തു ചാടിയിരുന്നു. കൊലയ്ക്ക് ശേഷം നീണ്ട വെട്ടുകത്തിയും കൂര്‍ത്ത സ്റ്റീല്‍ കത്തിയും വെള്ളത്തില്‍ കഴുകി വച്ച ശേഷമാണ് കൊലപാതകി മടങ്ങിയത്.
അധിക ജോലിയുടെ പേരില്‍ അവധി ദിവസവും സ്ഥാപനത്തിലേക്ക് പ്രമോദിനെ വിളിച്ചു വരുത്തിയ ഉടമ തിരുവനന്തപുരം സ്വദേശി അശോകനെയാണ് പോലീസ് പ്രഥമദൃഷ്ട്യാ സംശയിച്ചത്. കൊലപാതക വിവരം അറിയിക്കാനെത്തിയ അശോകന് അന്നു തന്നെ പോലീസ് കസ്റ്റഡിയിലായി. ഇയാളെ തുടര്‍ച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല.
അതിനിടെ സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്.പി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരം സംഭവം അന്വേഷിക്കാന്‍ പത്ത് പേര് അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രമോദിന്റെ നാട്ടിലെ വിവരങ്ങളും അവിടെ ശത്രുക്കളുണ്ടെങ്കില്‍ ആ വിവരവും അന്വേഷിക്കുകയാണ് ആദ്യഘട്ടത്തില്‍ എന്ന് അറിയുന്നു. ഇതിനായി ആറു പേര് അടങ്ങുന്ന അന്വേഷണസംഘം ഇന്ന് ഇടുക്കിയിലേക്ക് തിരിക്കും.
ഒന്നര വര്‍ഷമായി പെരുമ്പാവൂരിലുള്ള പ്രമോദിനെ പറ്റി ഇവിടെ എതിരഭിപ്രായങ്ങളില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാള്‍ അത് നിലച്ചതോടെ തട്ടുകടയില്‍ ജോലി നോക്കിയാണ് ഉപജീവനം നടത്തിയത്. പിന്നീട് കെ.എസ്.ഇ.ബി കുറുപ്പംപടി സെക്ഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ മീറ്റര്‍ റീഡറായി.
അതു കൂടാതെ, ഒഴിവു സമയങ്ങളില്‍ മറ്റു ജോലികള്‍ ചെയ്യാനും ഇയാള്‍ തയ്യാറായിരുന്നു. അങ്ങനെയാണ് ദര്‍ശനം അഡ്വര്‍ട്ടൈസിങ്ങ് കമ്പനിയ്ക്ക് വേണ്ടി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തത്. കഠിനാദ്ധ്വാനിയായ പ്രമോദിനെ പറ്റി അതിനാല്‍ത്തന്നെ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.
ആളു മാറി നടന്ന കൊലപാതകമാണ് ഇതെന്നും സംശയിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ സാധാരണ ഗതിയില്‍ മുറിയില്‍ സ്ഥാപന ഉടമ മാത്രമാണ് ഉണ്ടാവുക. ഉടമ അശോകന് താമസിച്ചിരുന്നത് ഇതേ മുറിയില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ കൊലപാതകി അശോകനെ ലക്ഷ്യം വച്ചാണ് എത്തിയതെന്ന് കരുതുന്നതില്‍ തെറ്റില്ല. പവര്‍ കട്ടായതിനാല് മുറിയില്‍ വേണ്ടത്ര വെളിച്ചമുണ്ടായിരിക്കില്ല. മാത്രവുമല്ല, പ്രമോദിന് വെട്ടേറ്റത് പിന്നില്‍ നിന്നാണ്.
എട്ടു മണി വരെ മുറിയിലുണ്ടായിരുന്ന അശോകന് മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ഊണുകഴിക്കാനുമായി പുറത്തേക്ക് പോയപ്പോഴാണ് കൊലപാതകം. അശോകനെ പ്രതീക്ഷിച്ചു വന്ന കൊലപാതകി ഇരുട്ടില്‍ ആളുമാറി പ്രമോദിനെ വകവരുത്തിയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ഒരു നിഗമനം.
അതല്ലെങ്കില്‍, അശോകന് പ്രമോദിനെ വധിക്കാനുള്ള സാഹചര്യമൊരുക്കി കൊടുത്തുവെന്ന ഊഹവും പോലീസിനുണ്ട്. അതുകൊണ്ടൊക്കെയാണ് സ്ഥാപന ഉടമയെ പോലീസ് ഇപ്പോഴും കൂടുതല്‍ സൂക്ഷ്മമായി ചോദ്യം ചെയ്യുന്നത്.
മംഗളം 18.06.2014
3 comments:
horrific
horrific
:( അതിദാരുണം. അതീവ ദു:ഖകരം.
Post a Comment