Thursday, April 25, 2013

ഈസ്റ്റ് ഒക്കല്‍ നവഭാരത് ഗ്രന്ഥശാല സുവര്‍ണ ജൂബിലി നിറവില്‍


പെരുമ്പാവൂര്‍: ഈസ്റ്റ് ഒക്കല്‍ നവഭാരത് റീഡിംഗ് റൂം ആന്റ് ലൈബ്രറി സുവര്‍ണ ജൂബിലി നിറവില്‍.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 27 ന് സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ലൈബ്രറി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1963 ല്‍ കെ.യു വാസുദേവന്‍ മാസ്റ്ററുടേയും ടി.എന്‍ ഗോവിന്ദപിള്ളയുടേയും നേതൃത്വത്തില്‍ തുടങ്ങിയ വായനശാലയാണ് ഇത്. സ്വന്തമായി രണ്ട് സെന്റ് സ്ഥലവും രണ്ടുനിലകെട്ടിടവുമുള്ള വായനശാലയില്‍ 7022 പുസ്തകങ്ങളാണ് ഉള്ളത്. എഴുന്നൂറില്‍പ്പരം അംഗങ്ങളുള്ള ലൈബ്രറിയ്ക്ക് കീഴില്‍ നാട്ടുവെളിച്ചം, ബാലവേദി, വനിതാവേദി തുടങ്ങിയ സഹോദരസംഘടനകളും ഉണ്ട്. യുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷയ്ക്കുള്ള പരിശീലനം, പ്രതിവാര ചര്‍ച്ചാക്ലാസുകള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയും ഇവിടെ തുടര്‍ച്ചയായി നടക്കുന്നു.
സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സെമിനാറുകള്‍, ക്വിസ് മത്സരം, പഠനയാത്രകള്‍, ഗൃഹസമ്പര്‍ക്ക പരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലൈബ്രറി  പ്രവര്‍ത്തകര്‍ ഒരു ഹ്രസ്വചിത്രവും നിര്‍മ്മിയ്ക്കുന്നുണ്ട്. 
ലൈബ്രറി  പ്രസിഡന്റ് എസ്.കെ മീതിയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വറുഗീസ്, ഒക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി ഷാജി, ജനപ്രതിനിധികളായ മിനി സാജന്‍, റെജീന ജലീല്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി സജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനസന്ധ്യയും നടക്കുമെന്ന് ലൈബ്രറി ഭാരവാഹികളായ പ്രസിഡന്റ് എസ്.കെ മീതിയന്‍, സെക്രട്ടറി ജീനീഷ് പി.എം, വൈസ് പ്രസിഡന്റ് പി. മധുസൂദനന്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഇമ്മാനുവല്‍ കെ.ജെ തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 25.04.2013

1 comment:

Cv Thankappan said...

സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഈസ്റ്റ് ഒക്കല്‍ നവഭാരത് റീഡിംഗ് റൂം ആന്റ് ലൈബ്രറിയ്ക്കും, ഭാരവാഹികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.