പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, April 19, 2013

കുടിവെള്ളത്തില്‍ രാസമാലിന്യം; വല്ലം നിവാസികള്‍ അരനൂറ്റാണ്ടുകാലമായി ദുരിതത്തില്‍


പെരുമ്പാവൂര്‍: പട്ടണത്തിന് പെരുമയും പ്രതാപവും ഉണ്ടാക്കിക്കൊടുത്ത ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പ്രവര്‍ത്തനം മൂലം വല്ലം നിവാസികള്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. റയോണ്‍സ് പൂട്ടിയിട്ട് ഒരു ദശാബ്ദം പിന്നിട്ടിട്ടും കുടിവെള്ളത്തില്‍ കലര്‍ന്ന രാസമാലിന്യങ്ങള്‍ അതേ മട്ടില്‍.
റയോണ്‍സ് കമ്പനി സ്ഥാപിക്കുന്നതിനുവേണ്ടി നൂറേക്കറോളം ഭൂമി വിട്ടുകൊടുത്ത പൂര്‍വ്വികരുടെ പിന്‍ തലമുറക്കാരാണ് വ്യാവസായിക മലിനീകരണത്തിന്റെ ഇരകളായി മാറിയത്. നഗരസഭയുടെ 1, 24, 26, 27 വാര്‍ഡുകളില്‍പെടുന്ന സൗത്ത് വല്ലം, റയോണ്‍പുരം മേഖലയിലെ താമസക്കാരാണ് കുടിവെള്ളമില്ലാതെ ഇന്നും ബുദ്ധിമുട്ടുന്നത്. കമ്പനി പുറംന്തള്ളിയ രാസമാലിന്യങ്ങള്‍ മൂലം പ്രദേശവാസികള്‍ പലരും നിത്യ രോഗികളായി. വെള്ളമില്ലാതെ കൃഷികള്‍ നശിച്ചു. പൊതു ജലവിതരണ സംവിധാനം മാത്രമായി ജനങ്ങള്‍ക്ക് ആശ്രയം. 
അരനൂറ്റാണ്ടു മുന്‍പ് സ്ഥാപിച്ച പൈപ്പ്‌ലൈന്‍ കാലഹരണപ്പെട്ടതിനെതുടര്‍ന്ന് 25 വര്‍ഷത്തിനു മുമ്പ് പാറപ്പുറം കാരിയേലിപ്പടി കനാല്‍വഴി മറ്റൊരു ലൈന്‍ സ്ഥാപിച്ചിരുന്നു. പത്ത് വര്‍ഷം മുമ്പ് വല്ലം പമ്പ് ഹൗസിന് സമീപം മിനി ഫില്‍ട്ടര്‍ ടാങ്കും സ്ഥാപിച്ചു. എന്നാല്‍ ഇതൊന്നും കുടിവെള്ള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമായില്ല.
ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കുടിവെള്ള ക്ഷാമത്തിന് അറുതി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷി ഇടങ്ങളും കിണറുകളും പുനരുദ്ധരിക്കുകയാണ് ഇതില്‍ പ്രധാനം. ജലസേചന കനാലുകള്‍ പുനര്‍നിര്‍മ്മിയ്ക്കണം. പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചും ജലവിതരണം കാര്യക്ഷമമാക്കണം.
ജനങ്ങള്‍ക്ക് ആവശ്യമായ ശുദ്ധജലവും കൃഷിജലവും എത്തിയ്ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് നാട്ടുകാര്‍ മുഖ്യ മന്ത്രിയുടെ സുതാര്യകേരളം പരാതി പരിഹാര സെല്ലിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിവേദനത്തിന്റെ പകര്‍പ്പ് വ്യവസായ വകുപ്പ് മന്ത്രിയ്ക്കും ജലവിഭവ മന്ത്രിയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.

മംഗളം 19.04.2013

No comments: