Thursday, April 18, 2013

മണ്ഡലം നേതൃത്വവുമായി ഉരസല്‍; സി.പി.ഐ ലോക്കല്‍ സെക്രട്ടറിമാര്‍ കൂട്ടഅവധിയില്‍



നേതൃപ്രതിസന്ധിയ്ക്കിടയില്‍ എ.ഐ.വൈ.എഫ് ജില്ലാ സമ്മളനം 


പെരുമ്പാവൂര്‍: സി.പി.ഐ മണ്ഡലം നേതൃത്വവുമായുള്ള അഭിപ്രായവിത്യാസങ്ങള്‍ മൂലം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിമാര്‍ കൂട്ടത്തോടെ അവധിയില്‍. ഒമ്പത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ ഏഴ് പേരും ലീവിലാണ്. ഇതിനുപുറമെ രണ്ട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളും അവധിയെടുത്ത് മാറി. ഇതോടൊപ്പം ഒരു ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും നിര്‍ജ്ജീവമാവുകയും ചെയ്തു.
മാതൃസംഘടന നേരിടുന്ന കടുത്ത നേതൃ പ്രതിസന്ധിയ്ക്കിടയിലാണ് ഇന്ന് പാര്‍ട്ടിയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫിന്റെ ജില്ലാ സമ്മേളനം പെരുമ്പാവൂരില്‍ തുടങ്ങുന്നത്. സമ്മേളനത്തെ ഇത് എത്രത്തോളം ബാധിയ്ക്കുമെന്ന ആശങ്കയിലാണ് നേതാക്കളും അണികളും.
മണ്ഡലം സെക്രട്ടറി കെ.പി റെജിമോനുമായുള്ള കടുത്ത അഭിപ്രായ വിത്യാസമാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതെന്നാണ് സൂചന. പലരും മണ്ഡലം നേതൃത്വത്തില്‍ മാറ്റം വരാതെ പാര്‍ട്ടിയിലേയ്ക്കില്ലെന്ന നിലപാടിലാണ്.
അതേ സമയം എല്ലാ സെക്രട്ടറിമാരും ലീവിന് വ്യക്തിപരമായ നിസാര കാരണങ്ങളാണ് പുറത്തേയ്ക്ക് പറയുന്നത്. ഒമ്പതു വര്‍ഷം പെരുമ്പാവൂര്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹിയായിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലീവിലാണ്. വ്യക്തിപരമായ ചില അസൗകര്യമാണ് ലീവെടുക്കാനുള്ള കാരണമെന്ന് ഇദ്ദേഹം പറയുന്നു. അഡ്വ. കെ നാരായണനാണ് ഇപ്പോള്‍ ചുമതല. 
മണ്ഡലത്തില്‍ സി.പി.ഐയുടെ ശക്തികേന്ദ്രമായിരുന്ന രായമംഗലം ലോക്കല്‍ കമ്മിറ്റിയിലും സെക്രട്ടറി ലീവില്‍ പോയി. പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും ഊര്‍ജ്ജസ്വലനായ കെ.എസ് രാജേഷ്‌കുമാര്‍ ജോലിസംബന്ധമായ തിരക്കുകളുടെ പേരിലാണ് സ്ഥാനമൊഴിഞ്ഞത്. അസി. സെക്രട്ടറി എല്‍ദോസ് പോളിനാണ് ഇപ്പോള്‍ ചുമതല.
മുടക്കുഴ ലോക്കല്‍ സെക്രട്ടറി കെ.പി പോള്‍ ആറുമാസമായി അവധിയിലാണ്. തൊഴില്‍ സംബന്ധമായ തിരക്കുകളെന്നാണ് വിശദീകരണം. പി.കെ രാധാകൃഷ്ണന്‍ സെക്രട്ടറിയുടെ ചുമതലകള്‍ ഇപ്പോള്‍ നിര്‍വ്വഹിയ്ക്കുന്നു.
വാഴക്കുളം ലോക്കല്‍ സെക്രട്ടറി കെ.എന്‍ ഗോപിനാഥ് വീടുപണിയുടെ പേരിലാണ് പാര്‍ട്ടി ചുമതലയില്‍ നിന്നും മാറി നില്‍ക്കുന്നത്. എ.കെ നന്ദകുമാറാണ് ഒരു വര്‍ഷമായി സെക്രട്ടറി. 
മണ്ഡലം കമ്മിറ്റിയംഗം കൂടിയായ ജോണ്‍ എബ്രഹാം നടുവേദനയുടെ പേരിലാണ് അവധിയെടുത്തിരിക്കുന്നത്. അസി.  സെക്രട്ടറി എം.കെ സുധാകരനെ ചുമതല ഏല്‍പ്പിച്ച് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഒക്കല്‍ ലോക്കല്‍ സെക്രട്ടറി എം.വി ജോയിയും ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് ലീവ് നല്‍കിയത്. പി.ടി പ്രസാദിനാണ് ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതല.
വെങ്ങോലയില്‍ ലോക്കല്‍ സെക്രട്ടറി വി.ആര്‍ മനോജും അവധിയെടുത്തിരുന്നു. ഒരാഴ്ച മാത്രമായിരുന്നു അവധിയെന്ന് മനോജ് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളില്‍ ഇദ്ദേഹം സജീവമല്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷം മുമ്പ്  പോലീസ് കേസില്‍പ്പെട്ട മനോജിനെ അന്ന് സംരക്ഷിച്ചതിനാല്‍ മണ്ഡലം സെക്രട്ടറിയ്‌ക്കെതിരെ തുറന്ന എതിര്‍പ്പ് പ്രകടിപ്പിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തിനെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അശമന്നൂരില്‍ ലോക്കല്‍ കമ്മിറ്റിയെന്നല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഇല്ലാതായിട്ട് നാളുകളായി. ഇവിടെ പുതിയ കമ്മിറ്റിയുണ്ടാക്കാനും മണ്ഡലം കമ്മിറ്റിക്കായില്ല. അതേ സമയം കൂവപ്പടിയില്‍ മാത്രം സമ്മേളനത്തില്‍ തെരഞ്ഞെടുത്ത ലോക്കല്‍ സെക്രട്ടറി പി.കെ രാജന്‍ തുടരുന്നുണ്ട്.
ഇതിനുപുറമെ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍ ഉണ്ണികൃഷ്ണനും സി. മനോജും അവധിയെടുത്തു. ഇതില്‍ മുന്‍ മണ്ഡലം സെക്രട്ടറിയായിരുന്ന ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച മട്ടായി. സി മനോജ് വീടുപണിയുടെ പേരിലായിരുന്നു അവധിയെടുത്തത്. 
മുന്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വിറ്റുവെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു ചില മുതിര്‍ന്ന നേതാക്കളുടെ താത്പര്യ പ്രകാരം കെ.പി റെജിമോന്‍ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയുടെ ഇരുപത്തിയഞ്ചാം വാര്‍ഡില്‍ കേവലം ഒരു വോട്ടും രണ്ടാം വാര്‍ഡില്‍ രണ്ടു വോട്ടും നേടി സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും വലിയ നാണക്കേട് വരുത്തിവച്ചയാളെ പാര്‍ട്ടിയുടെ അമരത്ത് പ്രതിഷ്ഠിയ്ക്കുന്നതിനെതിരെ ഉയര്‍ന്ന വികാരം നേതൃത്വം അവഗണിയ്ക്കുകയായിരുന്നു. അന്നു മുതല്‍ സി.പി.ഐയ്ക്കുള്ളില്‍ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലായിരിയ്ക്കുകയാണ്.

മംഗളം 17.04.2013





No comments: