Saturday, April 27, 2013

അവഗണനയുടെ അഞ്ചാണ്ടുകള്‍; വേലായുധന് നരകജീവിതം ബാക്കി


പെരുമ്പാവൂര്‍: മാനസിക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരും തിരിഞ്ഞു നോക്കാതായ യുവാവിന് അഞ്ചു വര്‍ഷം തുടര്‍ച്ചയായ നരകജീവിതം. 
വാഴക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടയ്ക്കാകുറ്റി ഭാഗത്ത് മാറാപ്പിള്ളിപറമ്പ് വീട്ടില്‍ പരേതനായ പരമേശ്വരന്റെ മകന്‍ വേലായുധ (40) നാണ് കഴിഞ്ഞ 5 വര്‍ഷമായി തന്റെ വീട്ടില്‍ ഒറ്റപ്പെട്ടുകഴിയുന്നത്.  മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുള്ള ഇയാള്‍ക്ക് ഒരു നാല്‍ക്കാലി മൃഗത്തിന് കിട്ടുന്ന പരിഗണനപോലും ലഭിയ്ക്കുന്നില്ല. 
വസ്ത്രങ്ങള്‍ പോലും ധരിയ്ക്കാതെയാണ് ഈ മനുഷ്യന്റെ ജീവിതം. കാലിലും ശരീരത്തിലുമുണ്ടായ വലിയ വ്രണങ്ങള്‍ പഴുത്തൊലിയ്ക്കുന്നു. വീടു മുഴുവന്‍ മലമൂത്രവിസര്‍ജ്ജനം ചെയ്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. കൃത്യമായി ഭക്ഷണമോ കുടിവെള്ളമോ പോലും ഇയാള്‍ക്ക് ലഭിക്കുന്നില്ല. 
അഞ്ച് വര്‍ഷം മുമ്പ് അമ്മയുടെ മരണത്തെതുടര്‍ന്നാണ് കല്‍പ്പണിക്കാരനായ വേലായുധന്‍ മനോരോഗിയായി മാറിയത്. വേലായുധന്റെ പേരില്‍ പതിനെട്ട് സെന്റ് ഭൂമിയും ഓടിട്ട ചെറിയ ഒരു വീടും ഉണ്ട്.  
കോടതി ഇടപെടലിനെ തുടര്‍ന്ന് ഇയാളുടെ ഭൂമിയില്‍ നിന്ന് 5 സെന്റ് വില്‍പ്പന നടത്തി. അങ്ങനെ ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് വേലായുധനെ ശുശ്രൂഷിയ്ക്കാന്‍ കോടതി മൂത്ത സഹോദരനെ ചുമതലപ്പെടുത്തി. എങ്കിലും വേലായുധന് വേണ്ട പരിചരണം ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 
തൊട്ടടുത്ത് താമസിക്കുന്ന സഹോദരങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം ഇയാള്‍ക്ക് കൊടുത്താല്‍ ആയി. മറ്റ് പരിസരവാസികള്‍ ഭക്ഷണം കൊടുക്കാന്‍ ഇവര്‍ അനുവദിക്കാറുമില്ല. കൂടുതല്‍ ഭക്ഷണം കൊടുത്താല്‍ ഇയാളുടെ മലവും മൂത്രവും നിങ്ങള്‍ മാറ്റുമോ എന്നാണ് ഇവരുടെ ചോദ്യം.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വേലായുധന്റെ  അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയിരിക്കുകയാണ്.

മംഗളം 27.04.2013

No comments: