Tuesday, April 23, 2013

പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം ശക്തിപ്പെടുന്നു



ആഭ്യന്തര മന്ത്രി ഇന്ന് എത്തും; ഐ ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നില്‍ക്കുമെന്ന് സൂചന

പെരുമ്പാവൂര്‍: മേഖലയില്‍ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് ശക്തിപ്പടുന്നു. എ ഗ്രൂപ്പ് നേതാവായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും ഐ ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും വിട്ടു നില്‍ക്കുമെന്ന് സൂചന
കഴിഞ്ഞ ദിവസം വെങ്ങോലയില്‍ തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ ഐ ഗ്രൂപ്പ് പരിപാടി ബഹിഷ്‌ക്കരിച്ച് മാറി നിന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വന്‍ ആധിപത്യം സ്ഥാപിച്ച് മടങ്ങിയെത്താന്‍ കൂടി കഴിഞ്ഞതോടെ ഐ ഗ്രൂപ്പ് യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഇനി തങ്ങളില്ലെന്ന നിലപാടിലാണ്.
അശമന്നൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും വേങ്ങൂരില്‍ ഐ.എന്‍.ടി.യു.സി പൊതുയോഗത്തിനുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുക്കുന്നത്. എ ഗ്രൂപ്പ് കാരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും ഐ.എന്‍.ടി.യു.സി ഔദ്യോഗിക വിഭാഗത്തിന്റെ അംഗീകാരം ഇല്ലാത്ത യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിനും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസനും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
മുമ്പ് വെങ്ങോലയിലെ സമ്മേളനത്തിന്റെ നോട്ടീസില്‍ തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ അശമന്നൂരില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രചരണം. അതേസമയം  വിവിധ കോടതികളില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും ഐ ഗ്രൂപ്പിന്റെ സുബൈദ പരീതിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ സൗദാ ബീവിയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാനുള്ള ഒത്താശ ചെയ്തു കൊടുത്ത എ ഗ്രൂപ്പ് നേതാക്കളോടുള്ള അശമന്നൂരിലെ ഐ വിഭാഗത്തിനുള്ള എതിര്‍പ്പ് ഇന്ന് മറനീക്കാനാണ് സാദ്ധ്യത.

മംഗളം 23.04.2013

No comments: