Wednesday, April 24, 2013

കാരുണ്യ ഹൃദയതാളം പദ്ധതി : സര്‍ക്കാര്‍ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിയ്ക്കാന്‍ അപേക്ഷാ ഫോമില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേര്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതി സര്‍ക്കാര്‍ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അപേക്ഷാ ഫോറത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേര് ചേര്‍ത്തെന്ന് ആക്ഷേപം
പദ്ധതിയുടെ  പേരില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടത്തുന്നതായുള്ള ആക്ഷേപങ്ങള്‍ക്ക് പുറമെയാണ് ഇത്. ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ചികിത്സാനിധി അനുകരിച്ച് പഞ്ചായത്ത് നിവാസികളില്‍ നിന്ന് വന്‍തോതില്‍ പണം പിരിച്ചെടുക്കുകയാണെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കാരുണ്യ പദ്ധതിയ്ക്കായി സര്‍ക്കാര്‍ കൊടുക്കുന്ന പരസ്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം ദുര്‍വിനിയോഗം ചെയ്ത് സ്വന്തം പേരില്‍ ഭരണ പക്ഷം ധന സമാഹരണം നടത്തുകയാണെന്ന് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബേസില്‍ കുര്യാക്കോസും സെക്രട്ടറി എ.എച്ച് ഷിഹാബും പറയുന്നു. പിരിച്ചെടുക്കുന്ന തുക പഞ്ചായത്ത് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നില്ല. ഇതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ നിധിയെന്ന പേരില്‍ ധനം  സമാഹരിക്കുന്നത് സര്‍ക്കാര്‍ അക്കൗണ്ടിലാണ് നിക്ഷേപിയ്ക്കുക. സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുകയും ചെയ്യും. 
അതെ സമയം, വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ കയ്യൊപ്പൊ പഞ്ചായത്തിന്റെ സീലോ ഇല്ലാതെ 50, 100,200,  500 എന്നിങ്ങനെ തുകകളുടെ കൂപ്പണുകള്‍ തയ്യാറാക്കിയാണ് പിരിവ്. ഇതിനുപുറമെ എഴുതി നല്‍കുന്ന രസീത് പ്രകാരവും പിരിക്കുന്നുണ്ട്. ഒരേ നമ്പറിലുള്ള സംഭാവന കൂപ്പണുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളെപ്പറ്റി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതിയെപ്പറ്റി അന്വേഷിക്കാന്‍ എ.ഡി.എം  ഉത്തരവിട്ടിരിക്കുകയാണ്.
എന്നാല്‍ ജനോപകാരപ്രദമായ കാരുണ്യപദ്ധതി അട്ടിമറിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഓരോ വാര്‍ഡിലും അതത് മെമ്പര്‍മാര്‍ വഴിയാണ് കൂപ്പണുകള്‍ വിതരണം ചെയ്തിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മണ്ഡലം പ്രസിഡന്റ് എം.ആര്‍ റിയാസ്, സെക്രട്ടറിമാരായ കെ.കെ ഷമീര്‍, പി.എ ഷിഹാബ്, ബേസില്‍ ജേക്കബ് എന്നിവര്‍ പറയുന്നു. ഒന്നു മുതല്‍ 25 വരെ നമ്പറുകളില്‍ ഓരോ  വാര്‍ഡുകളിലേയ്ക്കും പ്രത്യേകമായി കൂപ്പണുകള്‍ വിതരണം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഒരേ നമ്പറുള്ള പല കൂപ്പണുകള്‍ കണ്ടതെന്ന് ഇവര്‍ വിശദീകരിച്ചു. ബക്കറ്റുകളിലൂടെ സ്വീകരിക്കുന്ന ചെറിയ തുകകള്‍ പോലും രസീത് കൊടുത്താണ് ഏറ്റെടുക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വിശദീകരിച്ചു.
എന്നാല്‍ കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെ തുടര്‍ച്ചയായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.എം അന്വേഷണം തുടങ്ങിയിട്ടും പദ്ധതി ചെയര്‍മാന്‍കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും കണ്‍വീനറും ഔദ്യോഗികമായ പ്രതികരണത്തിന് ഇനിയും തയ്യാറായിട്ടില്ല.

മംഗളം 24.04.2013

No comments: