Sunday, April 21, 2013

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ അനധികൃത പണപ്പിരിവ്‌; എ.ഡി.എം അന്വേഷണത്തിന്‌ ഉത്തരവിട്ടു


വാര്‍ഡ്‌ മെമ്പര്‍മാര്‍ പിന്‍വലിയുന്നു

പെരുമ്പാവൂര്‍: കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ അനധികൃത പണപ്പിരിവ്‌ നടത്തുന്നതിനെതിരെ എ.ഡി.എം അന്വേഷണത്തിന്‌ ഉത്തരവിട്ടു സംഭവം വിവാദമായതോടെ പണപ്പിരിവ്‌ നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന്‌ ഭരണ പക്ഷ മെമ്പര്‍ തന്നെ പ്രസിഡന്റിനെ അറിയിച്ചതായും സൂചനയുണ്ട്‌.
പദ്ധതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം അവറാനും കണ്‍വീനര്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ സി.എം അഷറഫിനും എതിരെ ഡി.വൈ.എഫ്‌.ഐ അറയ്‌ക്കപ്പടി വില്ലേജ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.ബേസില്‍ കുര്യാക്കോസ്‌ കളക്‌ടര്‍ക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണം. പദ്ധതിയുടെ പേരില്‍ പൊതു ജനങ്ങളെ കബളിപ്പിച്ച്‌ പണപ്പിരിവിലൂടെ ഇവര്‍ പണം സമ്പാദിക്കുകയാണെന്നാണ്‌ കാണിച്ച്‌ ബേസില്‍ ഓംബുഡ്‌സ്‌ മാനും പരാതി നല്‍കിയിരുന്നു.. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയ്‌ക്ക്‌ വേണ്ടി ലക്ഷങ്ങളാണ്‌ പിരിയ്‌ക്കുന്നത്‌. വ്യക്തികളില്‍ നിന്നും വന്‍തുക കൈപ്പറ്റുന്നുണ്ട്‌. 
എന്നാല്‍ ഇതിനുവേണ്ടി നിയമവിരുദ്ധമായ സംഭാവനക്കൂപ്പണുകളാണ്‌ അച്ചടിച്ചിട്ടുള്ളതെന്ന്‌ പരാതിയില്‍ പറയുന്നു. ഒരേ നമ്പറിലുള്ള പല സംഭാവന കൂപ്പണുകള്‍ ആളുകള്‍ക്ക്‌ നല്‍കുന്നുണ്ട്‌. സംഭാവനകൂപ്പണുകള്‍ക്ക്‌ കൗണ്ടര്‍ഫോയില്‍ ഇല്ലെന്നും പിരിച്ചെടുത്ത തുകയ്‌ക്ക്‌ കണക്കുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 50, 100, 500 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണുകള്‍ക്ക്‌ പുറമെ രസീത്‌ എഴുതിക്കൊടുത്തും പണം കൈപ്പറ്റുന്നുണ്ട്‌. രസീതിലും കൂപ്പണുകളിലും പഞ്ചായത്ത്‌ അധികൃതരുടെ ഒപ്പോ സീലോ ഇല്ലെന്നും പരാതിയിലുണ്ട്‌.
ഏറെ പാവപ്പെട്ടവരില്‍ നിന്ന്‌ ഒരു രൂപ മുതല്‍ വന്‍ സ്ഥാപനങ്ങളില്‍ നിന്ന്‌ ലക്ഷങ്ങള്‍ വരെ പിരിച്ചെടുത്ത്‌ സാമ്പത്തിക തിരിമറി നടത്തുന്ന പ്രസിഡന്റിനും കണ്‍വീനറായ വാര്‍ഡ്‌ മെമ്പര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ ആവശ്യം.
ഇതിനിടെ കുടംബശ്രീ അംഗങ്ങളെ ഉപയോഗിച്ച്‌ പണപ്പിരിവ്‌ നടത്താനുള്ള ശ്രമവും തുടങ്ങിയിരുന്നു. പണപ്പിരിവ്‌ വിവാദമായ സാഹചര്യത്തില്‍ കുടുംബശ്രീ അംഗങ്ങളും ഇതിന്‌ കൂട്ടുനില്‍ക്കില്ലെന്ന നിലപാടിലാണെന്നാണ്‌ അറിവ്‌.


മംഗളം 21.04.2013 

No comments: