പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, April 28, 2013

അഞ്ചാണ്ടുകളിലെ നരകജീവിതത്തിന് അറുതി; വേലായുധനെ ആശുപത്രിയിലേയ്ക്ക് മാറ്റി

പെരുമ്പാവൂര്‍: മാനസിക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരും തിരിഞ്ഞു നോക്കാതെ  അഞ്ചു വര്‍ഷം തുടര്‍ച്ചയായ നരകജീവിതം അനുഭവിച്ചുപോന്ന യുവാവിനെ ഇന്നലെ ആശുപത്രിയിലേയ്ക്ക് മാറ്റി. 
വാഴക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടയ്ക്കാകുറ്റി ഭാഗത്ത് മാറാപ്പിള്ളിപറമ്പ് വീട്ടില്‍ പരേതനായ പരമേശ്വരന്റെ മകന്‍ വേലായുധ (40) നെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചത്. ആദ്യം മൂലമറ്റത്തുള്ള ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോയത്. അത്യാസന്ന നിലയിലായ രോഗിയ്ക്ക് ഒപ്പം ഒരാഴ്ചയെങ്കിലും ബന്ധുക്കള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം ഒപ്പമുണ്ടായിരുന്ന സഹോദരന്‍മാര്‍ അംഗീകരിച്ചില്ല. പിന്നീട് പൈങ്കുളം മാനസിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയെങ്കിലും അവിടെ സര്‍ജനില്ലാത്തതിനാല്‍ വേലായുധനെ അവിടെയും അഡ്മിറ്റ് ചെയ്യാനായില്ല. ഒടുവില്‍ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുള്ള ഇയാള്‍ക്ക് ഒരു നാല്‍ക്കാലി മൃഗത്തിന് കിട്ടുന്ന പരിഗണനപോലും ലഭിച്ചിരുന്നില്ല. 
വസ്ത്രങ്ങള്‍ പോലും ധരിയ്ക്കാതെ ഒറ്റപ്പെട്ടുള്ള ജീവിതമായിരുന്നു വേലായുധന്റേത്.  കാലിലും ശരീരത്തിലുമുണ്ടായ വലിയ വ്രണങ്ങള്‍ പഴുത്തൊലിച്ചും വീടു മുഴുവന്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തും കനത്ത ദുര്‍ഗന്ധത്തിനിടയിലായിരുന്നു വേലായുധന്‍.
അഞ്ച് വര്‍ഷം മുമ്പ് അമ്മയുടെ മരണത്തെതുടര്‍ന്നാണ് കല്‍പ്പണിക്കാരനായ വേലായുധന്‍ മനോരോഗിയായി മാറിയത്. വേലായുധന്റെ പേരില്‍ ഉണ്ടായിരുന്ന പതിനെട്ട് സെന്റ് ഭൂമിയില്‍ നിന്ന് 
കോടതി ഇടപെടലിനെ തുടര്‍ന്ന് 5 സെന്റ് വില്‍പ്പന നടത്തിയിരുന്നു. അങ്ങനെ ലഭിച്ച അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് വേലായുധനെ ശുശ്രൂഷിയ്ക്കാന്‍ കോടതി മൂത്ത സഹോദരനെ ചുമതലപ്പെടുത്തിയെങ്കിലും വേലായുധന് വേണ്ട പരിചരണം ലഭിച്ചിരുന്നില്ല. ഒടുവില്‍ നാട്ടുകാരുടെയും മാധ്യമങ്ങളുടേയും ഇടപെടലിനെ തുടര്‍ന്നാണ് ഇയാളെ ഇന്നലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.


മംഗളം 28.04.2013

No comments: