പെരുമ്പാവൂര്‍: രാഷ്ട്രത്തിനുവേണ്ടി സേവനം ചെയ്ത ധീരജവാനെ കാണാതായിട്ട് ഒരാണ്ട് പിന്നിട്ടു.
ജവാന്റെ കുടുംബാഗംങ്ങളുടെ തോരാത്ത കണ്ണുനീര്‍ അധികൃതര്‍ അവഗണിക്കുന്നു.
ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് മൂന്നാം ബറ്റാലിയനിലെ വേങ്ങൂര്‍ തൂങ്ങാലി പുത്തന്‍കുടി വീട്ടില്‍ സുഭാഷ് ചന്ദ്രബോസി(27) നെയാണ് 2012 ഏപ്രില്‍ 3 ന് ശേഷം കാണാതാവുന്നത്. അന്ന് രാത്രി 9.20 ന് പിതാവ് ബാലന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗോഹട്ടി എക്‌സ്പ്രസില്‍ മകനെ ജോലി സ്ഥലത്തേയ്ക്ക് കയറ്റി അയച്ചതാണ്. ആലുവ വരെ മകനൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു.
വിശാഖപട്ടണത്തില്‍ എത്തിയെന്നും ശരീരത്തിന് നല്ല സുഖം തോന്നുന്നില്ലെന്നും സുഭാഷ് വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞിരുന്നു. പരിചയമില്ലാത്ത ഫോണില്‍ നിന്നായിരുന്നു വിളി.
അതില്‍ പിന്നെ ഈ യുവാവിനെപ്പറ്റി യാതൊരു അറിവുമില്ല. പത്തിന് ബറ്റാലിയന്‍ കമാണ്ടര്‍ സുഭാഷ് ക്യാമ്പില്‍ എത്തിയിട്ടില്ലെന്ന് വിളിച്ചറിയിച്ചു. ഇതേ തുടര്‍ന്ന് ബാലന്‍ റെയില്‍വേ പോലീസിലും ലോക്കല്‍ പോലീസിലും മകനെ കാണ്മാനില്ലെന്ന് പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് മുഖ്യ മന്ത്രി, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ.ആര്‍ രാജ എന്നിവര്‍ക്കൊക്കെ ഈ കുടുംബം സങ്കട ഹര്‍ജി നല്‍കി. അതിനും ഫലമുണ്ടായില്ല.
2013 ജനുവരി 18 ന് ഹൈക്കോടതി ജഡ്ജ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായതായില്ലെന്ന് ബാലന്‍ പറയുന്നു.
മകനെ കാണാതായതോടെ അമ്മ ലക്ഷ്മി അവശ നിലയിലായി. സഹോദരി സ്വപ്ന മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സയിലായി. കല്‍പ്പണിക്കാരനായ ബാലന്‍ മകനെ അന്വേഷിക്കാന്‍ ഇനിയൊരിടം ബാക്കിയില്ല.
മംഗളം 18.04.2013
No comments:
Post a Comment