പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗങ്ങളില്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് തള്ളിക്കളയുന്നത് പതിവായി. വ്യാഴാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ രണ്ട് വട്ടമാണ് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി വോട്ടിനിട്ട് തള്ളിയത്.
പുതിയതായി ലഭിച്ച പദ്ധതി വിഹിതം കൂടി ഉള്‍കൊള്ളിച്ച് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചര്‍ച്ച നടത്തുന്നതിനെയാണ് പ്രസിഡന്റ് എതിര്‍ത്തത്. നടപ്പു വര്‍ഷത്തെ പദ്ധതി രൂപീകരണം അടുത്തമാസം 31 നകം പൂര്‍ത്തീകരിക്കണമെന്നിരിക്കെ അതില്‍ കാലതാമസം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രസിഡന്റ് കമ്മിറ്റിയില്‍ അവതരിപ്പിച്ചെതെന്ന് പ്രതിപക്ഷ മെമ്പര്‍ കെ.ഡി ഷാജി ചൂണ്ടിക്കാണിച്ചു. ഒടിഞ്ഞ് വീണ് അപകടമുണ്ടാകാന്‍ സാധ്യതയുള്ള വൈദ്യുതി കാല്‍ മാറുന്നതിലും ഹോമിയോ ആശുപത്രിയിലെ കിണര്‍ കുഴിക്കുന്നതും ഉള്‍പ്പെടെയുള്ള അടിയന്തിര പ്രവര്‍ത്തികളില്‍ പോലും പ്രസിഡന്റ് കാലതാമസം വരുത്തുന്നുവെന്നാണ് ആക്ഷേപം.
പതിനാറ് അംഗങ്ങളുള്ള ഭരണ സമിതിയില്‍ 13 പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. എങ്കിലും പ്രതിപക്ഷത്തുള്ളതിനേക്കാള്‍ എതിര്‍പ്പ് പ്രസിഡന്റിന് സ്വന്തം കക്ഷിക്കാരില്‍ നിന്നാണ്. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷം തനതു ഫണ്ടില്‍ ഒരു രൂപയുടെപോലും ജോലികള്‍ നടന്നില്ല. തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍, ലൈബ്രറികള്‍ക്കുള്ള പുസ്തകം നല്‍കല്‍, റോഡു നിര്‍മ്മാണം തുടങ്ങിയവയെല്ലാം നടക്കാതെ പോയി.
നാടിനും നാട്ടുകാര്‍ക്കും അന്‍വര്‍ മുണ്ടേത്തിന്റെ ഭരണം ഭാരവും അപമാനവുമായി മാറിയിരിക്കുകയാണെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മെമ്പര്‍ കെ.ഡി ഷാജി അറിയിച്ചു.
മംഗളം 27.04.2013
No comments:
Post a Comment