Monday, February 1, 2010

പ്രസിഡണ്റ്റിന്‌ അയോഗ്യത; രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇനി ഭരണപ്രതിസന്ധി

മംഗളം 28.1.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ശേഷം മറുപക്ഷത്തേയ്ക്ക്‌ ചേക്കേറി പ്രസിഡണ്റ്റ്‌ സ്ഥാനത്തെത്തിയ ചിന്നമ്മ വര്‍ഗ്ഗീസിനെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യയാക്കി.
കാലവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ ഇവിടെ പുതിയൊരു തെരഞ്ഞെടുപ്പിന്‌ സാദ്ധ്യതയില്ല. അതിനാല്‍ത്തന്നെ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രായമംഗലത്ത്‌ കടുത്ത ഭരണ പ്രതിസന്ധിയ്ക്ക്‌ സാദ്ധ്യത.
എല്‍.ഡി.എഫ്‌ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഇന്നലെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചിന്നമ്മ വര്‍ഗ്ഗീസിനെതിരെ നടപടി എടുത്തത്‌. ആറാം വാര്‍ഡില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ ൨൦൦൮ ഏപ്രില്‍ മാസമാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തുന്നത്‌. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടങ്ങിയ ഇടതുഭരണ സമിതിയ്ക്ക്‌ തികച്ചു അപ്രതീക്ഷിതമായാണ്‌ ഭരണം കൈവിട്ടുപോയത്‌. ആകെയുള്ള പത്തൊമ്പതു സീറ്റുകളില്‍ എല്‍.ഡി.എഫിന്‌ പതിനൊന്നു സീറ്റുകളും യു.ഡി.എഫിന്‌ ഒമ്പതു സീറ്റുകളും എന്നതായിരുന്നു കക്ഷിനില. എന്നാല്‍ എല്‍.ഡി.എഫിണ്റ്റെ പതിമൂന്നാം വാര്‍ഡ്‌ മെമ്പറായ അംബിക ശിവന്‌ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌. പിന്നീട്‌ ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്താ സാജു യു.ഡി.എഫിണ്റ്റെ അംഗബലം കൂട്ടി. അതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി.
ഇതിനിടയിലാണ്‌ ഇടതുപാളയത്തില്‍ കടുത്ത അസംതൃപ്തി അനുഭവിച്ചുപോന്ന ചിന്നമ്മ വര്‍ഗ്ഗീസ്‌ മറുപക്ഷത്തേയ്ക്ക്‌ മാറിയത്‌. ഇതിണ്റ്റെ പ്രതിഫലമായി ചിന്നമ്മ വര്‍ഗ്ഗീസിന്‌ ഭരണത്തിണ്റ്റെ അമരത്ത്‌ ഇരിപ്പടം കിട്ടുകയും ചെയ്തു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമലംഘനമാണ്‌ ഇതെന്ന്‌ കാട്ടി എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിയ്ക്കുകയായിരുന്നു.
ചിന്നമ്മ വര്‍ഗ്ഗീസ്‌ അയോഗ്യയാക്കപ്പെട്ടതോടെ വീണ്ടും ഇരുകക്ഷികളും ഒപ്പത്തിനൊപ്പമായി. അതുകൊണ്ട്‌ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പാസ്സാകണമെന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും സമയത്തിണ്റ്റെ പരിമിതിയുണ്ട്‌. ഭരണകാലാവധി തീരാന്‍ ഇനി എട്ടുമാസമാണ്‌ ഉള്ളത്‌. കാലാവധി തീരാന്‍ ആറുമാസമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താം. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. നിയമത്തിണ്റ്റെ കുരുക്കുകള്‍ അഴിച്ചുവരുമ്പോഴേയ്ക്കും മൂന്നു മാസം പിന്നിടും. അങ്ങനെ സംഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും വരെ വൈസ്‌ പ്രസിഡണ്റ്റ്‌ ഇവിടെ ഭരണം തുടരേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇരുപക്ഷവും ഒപ്പത്തിനൊപ്പമായതിനാല്‍ ഭരണപക്ഷത്തിന്‌ ഒരു തീരുമാനവും എടുക്കാന്‍ കഴിയുകയുമില്ല.

No comments: