പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, February 13, 2010

ആയുരാരോഗ്യശ്രീ വെങ്ങോല വല്യപ്പന്‍ വട്ടപ്പറമ്പന്‍ പൈലി കുര്യാക്കോസിന്‌ ഇന്ന്‌ 105-ാം പിറന്നാള്‍മംഗളം 13.02.2010

പെരുമ്പാവൂറ്‍: വെങ്ങോല വട്ടപ്പറമ്പന്‍ പൈലി കുര്യാക്കോസിന്‌ നൂറ്റിയഞ്ചിണ്റ്റെ നിറവ്‌. നാട്ടുകാര്‍ക്ക്‌ മുഴുവന്‍ വല്യപ്പനായി മാറിയ കര്യാക്കോസിണ്റ്റെ പിറന്നാള്‍ ഇക്കുറി ആഘോഷിയ്ക്കുന്നത്‌ വെങ്ങോല നിവാസികള്‍ അപ്പാടെയാണ്‌. കുഞ്ഞുണ്ണി മാസ്റ്റര്‍ വെബ്സൈറ്റ്‌ അധികൃതരുടെ വക ആയുരാരോഗ്യശ്രീ പുരസ്കാര സമര്‍പ്പണം ഉള്‍പ്പടെ പിറന്നാള്‍ ആഘോഷം കെങ്കേമം.

1906ഫെബ്രുവരിയില്‍ പൈലി-മറിയം ദമ്പതികളുടെ മൂത്തപുത്രനായി ഭൂപ്രവേശം ചെയ്ത കുര്യാക്കോസിണ്റ്റെ ആരോഗ്യ രഹസ്യം ചിട്ടയായ ജീവിതം തന്നെ. പുലര്‍ച്ചെ കോഴി കൂവുമ്പോള്‍ എഴുന്നേല്‍ക്കുന്ന ശീലവും മിതമായ ഭക്ഷണക്രമവും നേരം തെറ്റാതെ ഉറങ്ങുന്ന ശീലവും നൂറുപിന്നിട്ടിട്ടും കുര്യാക്കോസിന്‌ കൈമോശപ്പെട്ടിട്ടില്ല. ഉപ്പുചേര്‍ത്ത്‌ പൊടിച്ച ഉമിക്കരികൊണ്ട്‌ തേയ്ക്കുന്ന പല്ലുകള്‍ക്ക്‌ ഇപ്പോഴും പുഴുക്കുത്തോ പുകയിലക്കറയോ ഇല്ല. രാവിലത്തെ നടപ്പും പത്രവായനയും ഒഴിവാക്കിയ ദിനം അപൂര്‍വ്വം.

രാഷ്ട്രീയം പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാണ്‌ ആഭിമുഖ്യം. നെഹ്രു, ഇന്ദിരാ ഗാന്ധി, വി വി ഗിരി, ടി എം വറുഗീസ്‌, സി കേശവന്‍, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍ തുടങ്ങിയ ആദ്യകാല നേതാക്കളെ മാത്രമല്ല, പുതുതലമുറക്കാരായ എ കെ ആണ്റ്റണിയേയും രമേശ്‌ ചെന്നിത്തലയേയും വരെ മാലയിട്ടു സ്വീകരിച്ചതിണ്റ്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ കുര്യാക്കോസിണ്റ്റെ കണ്ണുകളില്‍ ആവേശം.

കൃഷ്ണക്കുറുപ്പിണ്റ്റെ കളരിയില്‍ ഓല പിടിച്ചു തുടങ്ങിയ പഠനം ഓണംകുളം സ്കൂളിലെ നാലാം ക്ളാസ്‌ പാസായപ്പോള്‍ അവസാനിച്ചു. പക്ഷെ, മാര്‍ബഹനാം സണ്ടേ സ്കൂളിലെ മതപഠനം ഏഴാംക്ളാസു വരെ നീണ്ടു. പിന്നെ വെറ്റിലക്കൊടി കൃഷിയിലേയ്ക്ക്‌ തിരിഞ്ഞു. ഒന്നിടവിട്ട ആഴ്ചകളില്‍ ആലുവ ചന്തയില്‍ ൧൦൮ കൈ വെറ്റില തലച്ചുമടായി കൊണ്ടുപോയി വിറ്റ്‌ അന്നത്തെ എട്ടു ബ്രിട്ടീഷ്‌ രൂപ വരെ സമ്പാദിച്ചുപോന്നു. ഒരു കുതിരപ്പവനോ, ഒരു സെണ്റ്റ്‌ ഭൂമിയോ വാങ്ങാന്‍ ഈ എട്ടുരൂപ മതിയായിരുന്നുവെന്ന്‌ അറിയുമ്പോഴാണ്‌ കുര്യാക്കോസിണ്റ്റെ സമ്പാദ്യത്തിണ്റ്റെ വലിപ്പമറിയുന്നത്‌.

മേക്കാമോതിരവും മുഴുവന്‍ കൊന്തയും തക്ക കമ്മലുമിട്ട ബ്രഹ്മപുരം സ്വദേശിനി ശോശാമ്മ കുര്യാക്കോസിന്‌ കൂട്ടുവരുന്നത്‌ പന്ത്രണ്ടാം വയസ്സിലാണ്‌. നൂറ്റിയമ്പതു രൂപ അന്ന്‌ സ്ത്രീ ധനമായും കിട്ടി. ഇപ്പോള്‍ ആറു ആണ്‍മക്കളും അവരുടെ മൂന്നു തലമുറയും ഉള്‍പ്പടെ 32 അംഗകുടുംബത്തിണ്റ്റെ വലിയ കാരണവര്‍.

മേപ്രത്തുപടി കവലയ്ക്ക്‌ സമീപം താമസിയ്ക്കുന്ന പൈലിക്കുര്യാക്കോസിണ്റ്റെ പിറന്നാള്‍ ഇന്ന്‌ ആഘോഷിയ്ക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷീല റെജി ആയുരാരോഗ്യശ്രീ പുരസ്കാര സമര്‍പ്പണം നടത്തും. ഇദ്ദേഹത്തിണ്റ്റെ പേരില്‍ത്തുടങ്ങുന്ന വെബ്സൈറ്റ്‌ ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌ ഉദ്ഘാടനം ചെയ്യും. മറ്റു പൌരപ്രമുഖര്‍ ഇതിനു പുറമെ.

No comments: