മംഗളം 03.02.10
പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ വി.കെ ഐഷ ഇന്നലെ രാജിവെച്ചു. ഒട്ടേറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ പതിനേഴാം വാര്‍ഡ് കൌണ്‍സിലര്‍ മിനി ജോഷിയ്ക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനുള്ള അവസരം ഒരുങ്ങുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 നാണ് വി.കെ ഐഷ നഗരസഭ സെക്രട്ടറി ഇന്ദ്രബാലന്‍പിള്ളയ്ക്ക് രാജി കത്ത് നല്‍കിയത്. ഇത് സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന് അയച്ചുകൊടുക്കും. പുതിയ ചെയര്‍പേഴ്സനെ തെരെഞ്ഞെടുക്കും വരെ വൈസ് ചെയര്‍മാന്‍ പ്രേംജി എച്ച്.പട്ടേല്‍ നഗരസഭയുടെ അദ്ധ്യക്ഷ ചുമതല വഹിക്കും.
യു.ഡി.എഫ് ധാരണ പ്രകാരം ഏഴു മാസങ്ങള്‍ക്ക് മുന്‍പ് വി.കെ ഐഷ രാജിവെയ്ക്കേണ്ടതായിരുന്നു. അവസാനത്തെ പതിനഞ്ചു മാസം മിനി ജോഷിക്ക് അവസരം നല്‍കാനായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചണ്റ്റെ സാന്നിദ്ധ്യത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ അത് ലംഘിയ്ക്കപ്പെട്ടു. മിനിജോഷിയ്ക്ക് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് എസ്.എന്‍.ഡി.പി പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിണ്റ്റെ മുതിര്‍ന്ന നേതാക്കള്‍ പലരും ഇടപെടുകയും ചെയ്തു. പക്ഷെ ഒരോ കാരണങ്ങള്‍ കാട്ടി വി.കെ ഐഷയുടെ രാജി പ്രാദേശിക നേതൃത്വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. മിനിജോഷി ഇനി അധികാരത്തില്‍ എത്തിയാലും പരമാവധി ലഭിയ്ക്കുന്നത് എട്ടുമാസം മാത്രമായിരിയ്ക്കും.
നഗരസഭയിലെ ആകെയുള്ള ഇരുപത്തിനാല് സീറ്റുകളില്‍ യു.ഡി.എഫിന് പന്ത്രണ്ടും എല്‍.ഡി.എഫിന് പത്തും സീറ്റുകളാണ് ഉള്ളത്. മുന്നണിയ്ക്ക് പുറമെ പി.ഡി.പി യുടെ ഒരു അംഗവും ഒരു സ്വതന്ത്രനും ഉണ്ട്. ആദ്യം യു.ഡി.എഫിന് ഒപ്പമുണ്ടായിരുന്ന പി.ഡി.പി പിന്നീട് ഇടതുപക്ഷത്തേയ്ക്ക് ചേരിമാറിയെങ്കിലും ഇക്കഴിഞ്ഞ വൈസ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ ഐക്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ടു ചെയ്തത്. വരുന്ന ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പിലും പി.ഡി.പി അംഗമായ പി.ഇ നസീര്‍ ഇതേ നിലപാട് കൈകൊള്ളുമെന്നാണ് യു ഡി എഫ് കരുതുന്നത്. ഇതിനു പുറമെ എല്‍.ഡി.എഫിലെ സി.പി.എം -സി.പി.ഐ ചേരിപ്പോരും യു.ഡി.എഫിന് അനുകൂലമാകും എന്ന് കരുതുന്നു. കാരണം മുന്‍ വൈസ് ചെയര്‍മാനെതിരെ വന്ന അവിശ്വാസ പ്രമേയത്തിലും പിന്നീട് നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും സി പി എമ്മും സി പി ഐയും വ്യത്യസ്ഥ നിലപാടുകളായിരുന്നു സ്വീകരിച്ചത്.
കഴിഞ്ഞ മാസം 29 ന് പി.പി തങ്കച്ചണ്റ്റെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെണ്റ്ററി പാര്‍ട്ടിയോഗ തീരുമാന പ്രകാരമാണ് ഇന്നലെ ഐഷ രാജിവെച്ചത്. അടുത്തമാസം ആദ്യം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുമെന്ന് കരുതുന്നു.
No comments:
Post a Comment