Sunday, February 7, 2010

അനധികൃത പാറമടകള്‍: തലപ്പുഞ്ച ക്ഷേത്രത്തിലെത്തുന്നവരുടെ ജീവനു ഭീഷണി; വീടുകള്‍ക്ക്‌ വിള്ളല്‍

മംഗളം 7.2.2010
പെരുമ്പാവൂറ്‍: രായമംഗലം-അശമന്നൂറ്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തലപ്പുഞ്ച, കുരീക്കന്‍പാറ പ്രദേശങ്ങളിലെ അനധികൃത പാറമടകള്‍ ഭീഷണിയായി. തൊട്ടുചേര്‍ന്നുള്ള തലപുഞ്ച മഹാദേവക്ഷേത്രത്തിലെത്തുന്നവരും സീപവാസികളും പാറമടകള്‍ക്കെതിരെ പരാതിയുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ്‌.
നൂറുകണക്കിന്‌ ആളുകള്‍ യാത്രചെയ്യുന്ന കുരീക്കന്‍ പാറ-തൃക്ക പഞ്ചായത്തു റോഡിണ്റ്റേയും തലപുഞ്ച മഹാദേവ ക്ഷേത്രത്തിണ്റ്റേയും തൊട്ടരികില്‍ ഒരു മീറ്റര്‍ പോലും അകലെയല്ലാതെയാണ്‌ പാറമടകളുടെ പ്രവര്‍ത്തനമെന്ന്‌ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ഇലക്ട്രിക്‌ കേപ്പ്‌ ഉപയോഗിച്ച്‌ വന്‍തോതില്‍ പാറ പൊട്ടിച്ച്‌ ബ്രേക്കര്‍ ഉപയോഗിച്ച്‌ ചീളുകളാക്കി വില്‍ക്കുകയാണ്‌, ഇവിടെ. പാറപൊട്ടിക്കുമ്പോള്‍ ക്ഷേത്രകോവിലിനും തിടപ്പള്ളിക്കും മേല്‍ പാറക്കല്ലുകള്‍ വീഴുന്നത്‌ പതിവാണ്‌. ഇതിനു പുറമെ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും അപകടം പറ്റാറുണ്ട്‌.
കൂടാതെ മേനോത്തുമാലി തോമസ്‌, ചക്കുങ്ങപ്പടി വേലപ്പന്‍, മേക്കമാലി ജോജു തുടങ്ങിയവരുടെ വീടുകള്‍ക്ക്‌ പാറപൊട്ടിക്കലിണ്റ്റെ ആഘാതത്തെ തുടര്‍ന്ന്‌ വിള്ളല്‍ വീണിട്ടുണ്ട്‌. പരിസരവാസികളുടെ നാല്‍ക്കാലികള്‍ക്ക്‌ പാറ വീണ്‌ ജീവഹാനിയുണ്ടാവുന്നതും കൃഷി ദേഹണ്ഡങ്ങള്‍ നശിയ്ക്കുന്നതും പതിവാണ്‌.
ഈ പാറമടകള്‍ക്ക്‌ അധികൃതരുടെ അംഗീകാരമില്ലെന്ന്‌ പരാതിയിലുണ്ട്‌. തലപുഞ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടേയും പ്രദേശവാസികളുടേയും ജീവനും സ്വത്തിനും ഭീഷണിയായ പാറമടകള്‍ നിര്‍ത്തി വയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ്‌ പരാതി നല്‍കിയിരിയ്ക്കുന്നത്‌

No comments: