Saturday, February 6, 2010

നിയമം ലംഘിച്ചോടിയ ടിപ്പര്‍ മരണം വിതച്ചു; പി. പി റോഡില്‍ വാഹനാപകട പരമ്പര

മംഗളം 06.02.10
പെരുമ്പാവൂറ്‍: പി.പി റോഡില്‍ വാഹനാപകടങ്ങള്‍ പരമ്പരയായി. ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ ഇന്നലെ ഒരു ജീവിതം കൂടി പൊലിഞ്ഞു.
ഇന്നലെ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു സമീപം ടിപ്പറും ബൈക്കും കൂട്ടിമുട്ടി മേതല സ്വദേശി ഷാജി മരിച്ചതാണ്‌ ഇതില്‍ ഒടുവിലത്തേത്‌. രാവിലെ എട്ടിനും പത്തിനും ഇടയില്‍ ടിപ്പറുകള്‍ നിരത്തിലിറങ്ങരുതെന്ന നിയമം ലംഘിച്ചോടിയ വാഹനം മുട്ടിയാണ്‌ മരണം. കഴിഞ്ഞ മാസം വെങ്ങോല മലയാമ്പുറത്തുപടി ജുമാ മസ്ജിദിന്‌ സമീപം അപകടമുണ്ടായി. സൈക്കിള്‍ യാത്രക്കാരനായ തച്ചോളി വീട്ടില്‍ നാരായണനാണ്‌ ടിപ്പര്‍ മുട്ടി മരിച്ചത്‌. കഴിഞ്ഞ ഡിസംബറില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കേശവദാസ്‌ റോഡപകടത്തില്‍ മരിച്ചു. അതിന്‌ നാളുകള്‍ക്ക്‌ മുമ്പ്‌ ബസ്‌ ഉടമായ യുവാവിനും ജീവഹാനിയുണ്ടായി.
റോഡിന്‌ വീതിയില്ലാത്തതും വാഹനങ്ങളുടെ പെരുപ്പവുമാണ്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്‌. ഇതിനു പുറമെയാണ്‌ ഈ വഴിയ്ക്കുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍. അപകടങ്ങളില്‍ ഏറെയും ടിപ്പറുകള്‍ മൂലമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. വെങ്ങോല കവല ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്ക്‌ നിത്യേന സാക്ഷ്യം വഹിയ്ക്കുന്നു. പെരുമ്പാവൂര്‍-പുത്തന്‍കുരിശ്‌ റോഡിനു കുറുകെ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ്‌ കടന്നു പോകുന്നത്‌ ഇവിടെയാണ്‌. ഏറെ തിരക്കുള്ള ഇരു റോഡുകളും സന്ധിയ്ക്കുന്ന ഈ ഭാഗം വളരെ ഇടുങ്ങിയതാണ്‌. അതിനാലാണ്‌ അപകടങ്ങള്‍ കൂടുന്നതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
റോഡ്‌ വീതികൂട്ടി പുതുക്കി നിര്‍മ്മിയ്ക്കണമെന്നും ഈ വഴിയ്ക്കുള്ള ടിപ്പറുകളുടെ അമിത ഗതാഗതവും വേഗതയും നിയന്ത്രിയ്ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ഈ മേഖലയില്‍ ഇനിയും ആളപായമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ ഈ വഴി ഉപരോധിയ്ക്കുന്നതടക്കമുള്ള സമരപരിപാടികളുമായി രംഗത്തുവരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ്‌ നല്‍കി.

No comments: