Wednesday, February 10, 2010

തലപ്പുഞ്ചയിലെ അനധികൃത പാറമടകള്‍ റവന്യു ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി; പരാതിക്കാര്‍ക്ക്‌ നേരെ കയ്യേറ്റശ്രമം



മംഗളം 9.2.10

പെരുമ്പാവൂറ്‍: അശമന്നൂര്‍- രായമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തലപുഞ്ചയിലെ അനധികൃത പാറമടകളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്‌ ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തി. അതിനിടയില്‍ പാറമടയ്ക്കെതിരെ പരാതി നല്‍കിയവര്‍ക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായതായി പരാതി.

തലപുഞ്ച മഹാദേവ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും കുരീക്കന്‍പാറ- തൃക്ക പഞ്ചായത്ത്‌ റോഡിലൂടെയുള്ള യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായി മാറിയ പാറമടകളെ പറ്റി മംഗളം കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ രായമംഗലം വില്ലേജ്‌ ഓഫീസര്‍ ജിജി കുന്നപ്പിള്ളിയും സംഘവുമാണ്‌ ഇന്നലെ തലപ്പുഞ്ചയിലെത്തിയത്‌. പാറക്കല്ലുകള്‍ വീഴുന്ന ക്ഷേത്രവും പാറപൊട്ടിയ്ക്കലിനെ തുടര്‍ന്ന്‌ വിള്ളല്‍ വീണ വീടുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇതിനിടയിലാണ്‌ പാറമട ഉടമയും ഒരു സംഘം ആളുകളും ചേര്‍ന്ന്‌ പരാതിക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചത്‌. ക്ഷേത്രത്തിന്‌ സമീപം പാറപൊട്ടിയ്ക്കുന്നതിനെ എതിര്‍ത്ത പരിസരവാസികള്‍ക്ക്‌ നേരെയായിരുന്നു ആക്രോശം.

പരാതിക്കാരില്‍ പലരും മുന്‍ക്ഷേത്രകമ്മിറ്റി ഭാരവാഹികളായിരുന്നു. പാറമടയ്ക്ക്‌ എതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന്‌ ഇവരില്‍ പലരും കമ്മിറ്റിയ്ക്ക്‌ പുറത്തായി. ഇപ്പോള്‍ പാറമട ഉടമകളും അവരുടെ ആജ്ഞാനുവര്‍ത്തികളുമാണ്‌ കമ്മിറ്റിയിലുള്ളവരില്‍ ഏറെയെന്നും ഇവര്‍ പറയുന്നു.

പാറമടയ്ക്കെതിരെ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനുമാണ്‌ പരാതി നല്‍കിയിട്ടുള്ളത്‌. പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളേയും കുട്ടികളേയും സംഘടിപ്പിച്ച്‌ വന്‍ജനകീയ സമരം സംഘടിപ്പിയ്ക്കാനാണ്‌ തീരുമാനമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

No comments: