Friday, February 5, 2010

രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ അയോഗ്യത; തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു

മംഗളം 02.02.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗ്ഗീസിനെ അയോഗ്യയാക്കി പ്രഖ്യാപിച്ച സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. എല്‍.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ശേഷം മറുപക്ഷത്തേയ്ക്ക്‌ ചേക്കേറിയാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം നേടിയതെന്നും അതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്നും കാട്ടി സി പി എം അംഗമായ കെ സി വര്‍ഗ്ഗീസ്‌ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌.
ആറാം വാര്‍ഡില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ 2008ഏപ്രില്‍ മാസമാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തുന്നത്‌. പത്തൊമ്പതു സീറ്റുകളില്‍ എല്‍.ഡി.എഫിന്‌ പതിനൊന്നു സീറ്റുകളും യു.ഡി.എഫിന്‌ ഒമ്പതു സീറ്റുകളും എന്നതായിരുന്നു കക്ഷിനില. എന്നാല്‍ എല്‍.ഡി.എഫിണ്റ്റെ പതിമൂന്നാം വാര്‍ഡ്‌ മെമ്പറായ അംബിക ശിവന്‍ രാജിവച്ചതിനെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്താ സാജു യു.ഡി.എഫിണ്റ്റെ അംഗബലം കൂട്ടി. അതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി. ഇതിനിടയിലാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ യു ഡി എഫിന്‌ പിന്തുണ നല്‍കിയതും പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തിയതും.
കൂറുമാറ്റ നിരോധന നിയമലംഘനമാണ്‌ ഇതെന്നായിരുന്നു എല്‍.ഡി.എഫിണ്റ്റെ പരാതി. എന്നാല്‍ 2005-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേശ അടയാളത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ മത്സരിച്ചതെന്ന്‌ ഇവരുടെ അഭിഭാഷകരായ അഡ്വ. ഷാജി പോര്‍ക്കോട്ടിലും അഡ്വ.ബിനു മുണ്ടേത്തുകുടിയും വാദിച്ചു. ആറാം വാര്‍ഡില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്‌ ഡി.ഐ.സിയുടെ ബിന്ദു ഗോപാലകൃഷ്ണനെ ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ ഡി.ഐ.സി-എല്‍.ഡി.എഫ്‌ ബന്ധം പാളി. അതോടെ ഈ വാര്‍ഡില്‍ ഇടതുപക്ഷത്തിന്‌ സ്ഥാനാര്‍ത്ഥിയില്ലെന്നു വന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ചിന്നമ്മ വര്‍ഗ്ഗീസിന്‌ എല്‍.ഡി.എഫ്‌ പിന്തുണ നല്‍കുകയായിരുന്നു. അതിനപ്പുറം ഹര്‍ജിക്കാരിയ്ക്ക്‌ രാഷ്ട്രീയ ബന്ധമില്ലെന്നും അതിനാല്‍ത്തന്നെ സി പി എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍ നല്‍കിയ വിപ്പ്‌ ലംഘിച്ചുവെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്നുമുള്ള വാദം കോടതി അംഗികരിച്ചു.
ഭരണകാലാവധി തീരാന്‍ ഇനി എട്ടുമാസമാണ്‌ ഉള്ളത്‌. കാലാവധി തീരാന്‍ ആറുമാസമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താം. ഉത്തരവിന്‌ രണ്ടു മാസത്തേയ്ക്കാണ്‌ സ്റ്റേ. സ്റ്റേയുടെ കാലാവധി കഴിയുമ്പോഴേയ്ക്കും കോടതി വെക്കേഷന്‍ ആകും. ചിന്നമ്മ വര്‍ഗ്ഗീസ്‌ അയോഗ്യയാക്കപ്പെട്ടതിന്‌ വീണ്ടും അംഗീകാരം ലഭിച്ചാലും പിന്നീട്‌ ആറു മാസം അവശേഷിയ്ക്കുന്നില്ല എന്നതിനാല്‍ ഇവിടെ പുതിയൊരു തെരഞ്ഞെടുപ്പിന്‌ സാദ്ധ്യതയില്ല.

No comments: