Sunday, November 13, 2011

കൂവപ്പടിയില്‍ പ്ളൈവുഡ്‌ കമ്പനികള്‍ കൃഷിനിലങ്ങള്‍ നികത്തുന്നു

നാട്ടില്‍ മഞ്ഞപ്പിത്തം പടരുന്നു 
പ്ളൈവുഡ്‌ കമ്പനി മാലിന്യങ്ങള്‍ കൃഷിയിടത്തില്‍ തള്ളിയിരിയ്ക്കുന്നു.
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ പ്ളൈവുഡ്‌ കമ്പനികള്‍ അനധികൃതമായി കൃഷിനിലങ്ങള്‍ നികത്തുന്നതായി പരാതി. പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം മൂലം മൈലാച്ചാല്‍-വിഴുക്കപ്പാറ മേഖലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിയ്ക്കുന്നതായും പരാതിയുണ്ട്‌. 
കൂവപ്പടി വില്ലേജില്‍ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട മൈലാച്ചാല്‍ മേഖലയിലെ പരണ്ട പാടമാണ്‌ തൊട്ടുചേര്‍ന്ന കമ്പനിയിലെ ഉപയോഗശൂന്യമായ നികത്തുന്നത്‌. ഇതിണ്റ്റെ എതിര്‍വശത്തുള്ള മറ്റൊരു കമ്പനി കുഴുക്കുംവേലിപ്പാടവും നികത്തുകയാണ്‌. ഇരുകമ്പനികളിലേയും തൊഴിലാളികളുടെ സെപ്ടിക്‌ മാലിന്യങ്ങള്‍ തള്ളുന്നതും പാടത്തേയ്ക്കും തൊട്ടുചേര്‍ന്ന വിഴുക്കപ്പാറ കൈത്തോട്ടിലേയ്ക്കുമാണ്‌. മാലിന്യ നിക്ഷേപവും നിലംനികത്തലും മൂലം ജലശ്രോതസുകള്‍ വറ്റുകയും മലിനപ്പെടുകയും ചെയ്യുന്നു. 
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനു പുറമെ കമ്പനികളില്‍ നിന്നുള്ള മലിനീകരണം മൂലം വിഴുക്കപ്പാറ-മൈലാച്ചാല്‍ മേഖലയില്‍ പതിമൂന്നോളം പേര്‍ക്ക്‌ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. ഇതില്‍ ചില അന്യസംസ്ഥാന തൊഴിലാളികളും പെടും. ഇവരെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കാതെ നാട്ടുമരുന്നുകള്‍ നല്‍കി സ്ഥാപനങ്ങളില്‍ തന്നെ താമസിപ്പിച്ചിരിയ്ക്കുകയാണ്‌. 
എന്നിട്ടും ഗ്രാമപഞ്ചായത്ത്‌ അധികൃതരോ ആരോഗ്യവകുപ്പ്‌ ജീവനക്കരോ ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക്‌ അയച്ച പരാതിയില്‍ പറയുന്നു. 
മംഗളം  05,11,2011

No comments: