Sunday, November 13, 2011

പാനിപ്രയിലും മീമ്പാറയിലും പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ പ്രതിഷേധം

പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ പാനിപ്രയിലും മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മീമ്പാറയിലും ജനജീവിതം ദുസഹമാക്കുന്ന പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ പ്രതിഷേധം. 
നൂലേലി ശിവനാരായണ ക്ഷേത്രം, പാനിപ്ര തുരങ്കം പ്രദേശങ്ങളിലെ പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മാലിന്യവും അന്യസംസ്ഥാന തൊഴിലാളികളുടെ വിസര്‍ജ്യങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനെതിരെയാണ്‌ അശമന്നൂരില്‍ പ്രതിഷേധം. കുടിവെള്ളത്തിനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും തദ്ദേശവാസികള്‍ ആശ്രയിക്കുന്ന പെരിയാര്‍വാലി മെയിന്‍ കനാലും നൂലേലി ചിറയും മലിനമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഭാവിതലമുറയെ മാരകമായ ഭവിഷ്യത്തിലേക്ക്‌ നയിക്കുന്ന പ്ളൈവുഡ്കമ്പനികള്‍ ജനവാസകേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും പുതിയതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും ഇവിടെ രൂപീകരിച്ച ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണയോഗം ആവശ്യപ്പെട്ടു. 
മാനവദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി യോഗം ഉദ്ഘാടനം ചെയ്തു. പി.എന്‍ ബേബിനാഷ്‌ അദ്ധ്യക്ഷത വഹിച്ചു. എം.കെ ശശിധരന്‍പിള്ള, ജി ക്യഷ്ണകുമാര്‍, അജിത്‌ പാനിപ്ര, ഇ.പി ജയപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായി പി.എന്‍ ബേബിനാഷ്‌ (പ്രസിഡണ്റ്റ്‌), കെ.ജി സജികുമാര്‍ (സെക്രട്ടറി), കെ.ആര്‍ ജിനേഷ്‌ (ജെയിണ്റ്റ്‌ സെക്രട്ടറി), ലത അശോകന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
മീമ്പാറ ജി.എല്‍.പി സ്കൂളിന്‌ സമീപം ആരംഭിക്കുവാന്‍ പോകുന്ന പ്ളൈവുഡ്‌ ഫാക്ടറിക്കെതിരെയാണ്‌ മുടക്കുഴയില്‍ പ്രതിഷേധം. ഗ്രീന്‍ ചാനല്‍ വഴി ലൈസന്‍സുകള്‍ സംഘടിപ്പിച്ചാണ്‌ നാലാം വാര്‍ഡില്‍ പ്ളൈവുഡ്‌ കമ്പനി ആരംഭിക്കുന്നത്‌. 
മീമ്പാറ പാടശേഖരവും മീമ്പാറ തോടും പ്രീപ്രൈമറി സ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളും ഉള്ള ജനവാസ മേഖലയില്‍ കമ്പനി സ്ഥാപിക്കുന്നതിനെതിരെ നൂറുകണക്കിനാളുകള്‍ സംഘടിച്ചു. കമ്പനിയ്ക്കെതിരെ പരാതി തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്കു നല്‍കുവാനും സമരപരിപാടികളുമായി മുന്നോട്ട്‌ പോകുവാനുമാണ്‌ നാട്ടുകാരുടെ തീരുമാനം. കമ്പനിയുടെ പ്രവര്‍ത്തനം എന്തു വില കൊടുത്തും തടയുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
മംഗളം 10.11.11

No comments: